‘വീണാ ജോര്‍ജ്ജിന് ഐക്യദാര്‍ഢ്യം; വസ്തുതകള്‍ വളച്ചൊടിക്കുന്നവര്‍ക്കെതിരെ ജാഗ്രത പുലര്‍ത്തുക’; മന്ത്രി വി ശിവന്‍കുട്ടി

ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. വസ്തുതകള്‍ വളച്ചൊടിക്കുന്നവര്‍ക്കെതിരെ ജാഗ്രത പുലര്‍ത്തണമെന്നും മന്ത്രി വ്യക്തമാക്കി. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു പ്രതികരണം.

കോട്ടയം മെഡിക്കല്‍ കോളജില്‍ കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തില്‍ മരണപ്പെട്ട ബിന്ദുവിന് മന്ത്രി ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. ബിന്ദുവിന്റെ ബന്ധുമിത്രാദികളുടെ ദുഃഖത്തില്‍ താനും പങ്കുചേരുന്നുവെന്നും മന്ത്രി കുറിച്ചു. ഈ വിഷയത്തില്‍ ആവശ്യമായ എല്ലാ പരിശോധനകളും നടത്തുമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. എന്നാല്‍, ഈ ദൗര്‍ഭാഗ്യകരമായ സംഭവത്തെ സര്‍ക്കാരിനെതിരെ തിരിക്കാനും, നമ്മുടെ ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്ജിനെ വ്യക്തിപരമായി അധിക്ഷേപിക്കാനും, മാതൃകയായ കേരളത്തിന്റെ പൊതുജന ആരോഗ്യ സമ്പ്രദായത്തെ തകര്‍ക്കാനും ചിലര്‍ നടത്തുന്ന ശ്രമങ്ങള്‍ അപലപനീയമാണ്. ഏല്‍പ്പിച്ച ഉത്തരവാദിത്തം ആത്മാര്‍ത്ഥമായി നിറവേറ്റുന്ന മന്ത്രിയാണ് വീണാ ജോര്‍ജ്ജ്.

യുഡിഎഫ് ഭരണകാലത്ത് തകര്‍ന്നു കിടന്ന കേരളത്തിലെ ആരോഗ്യമേഖലയുടെ ദയനീയാവസ്ഥ മലയാളികള്‍ക്ക് മറക്കാനാകുമോ? അന്ന് സര്‍ക്കാര്‍ ആശുപത്രികളില്‍ ഡോക്ടര്‍മാരുണ്ടായിരുന്നോ? മരുന്നും സജ്ജീകരണങ്ങളുമുണ്ടായിരുന്നോ? ഇല്ല! – മന്ത്രി കുറിച്ചു.

കേരളത്തിലെ പൊതുജനാരോഗ്യ സമ്പ്രദായത്തെ ലോകോത്തരമാക്കി വളര്‍ത്തിയത് കഴിഞ്ഞ 9 വര്‍ഷമായി തുടരുന്ന എല്‍ഡിഎഫ് ഭരണമാണെന്നും കേരളത്തിലെ സാധാരണ ജനങ്ങളുടെ ആശ്രയമായി സര്‍ക്കാര്‍ ആശുപത്രികളെ കൂടുതല്‍ ഫണ്ട് ചെലവഴിച്ച് ശക്തിപ്പെടുത്താന്‍ ഇടതുപക്ഷ സര്‍ക്കാരിന് സാധിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയില്‍ ഏറ്റവും അധികം ജനങ്ങള്‍ക്ക് സൗജന്യ ചികിത്സ നല്‍കുന്ന സംസ്ഥാനമായി കേരളത്തെ മാറ്റിത്തീര്‍ത്തത് ഇടതുപക്ഷ സര്‍ക്കാരാണ്. ഇന്ത്യയില്‍ ജനങ്ങള്‍ ഏറ്റവും അധികം സര്‍ക്കാര്‍ ആശുപത്രികളെ ആശ്രയിക്കുന്ന സംസ്ഥാനമായി കേരളം മാറിയതിന്റെ കാരണവും ഇടതുപക്ഷ സര്‍ക്കാരാണ് . ഈ അപകടത്തെയും ദാരുണ മരണത്തെയും സുവര്‍ണാവസരം എന്ന് കരുതി മുതലെടുക്കാന്‍ എത്തുന്നവരെ കരുതിയിരിക്കണം – മന്ത്രി വി ശിവന്‍കുട്ടി കുറിച്ചു.

സര്‍ക്കാര്‍ ബിന്ദുവിന്റെ കുടുംബത്തിനൊപ്പം എന്ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ്. ബിന്ദുവിന്റെ കുടുംബത്തിന്റെ ദുഃഖം തന്റെയും ദുഃഖം എന്ന് മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു. മെഡിക്കല്‍ കോളജില്‍ ഉണ്ടായ അപകടത്തില്‍ ബിന്ദു മരണമടഞ്ഞ സംഭവം വേദനിപ്പിക്കുന്നതെന്നും മന്ത്രി കുറിപ്പില്‍ വ്യക്തമാക്കി .

Be the first to comment

Leave a Reply

Your email address will not be published.


*