ബിജെപി -ആർഎസ്എസ് പ്രസ്ഥാനങ്ങളിൽ പ്രവർത്തിക്കുന്ന പ്രവർത്തകരുടെ ജീവന് തന്നെ ഭീഷണിയാകുന്ന അതീവ ഗുരുതര സാഹചര്യം സംസ്ഥാനത്ത് നിലനിൽക്കുന്നുണ്ടെന്ന് മന്ത്രി വി ശിവൻകുട്ടി. ബിജെപി -ആർഎസ്എസ് നേതാക്കളുടെ ലൈംഗിക പീഡനം, മണ്ണ് മാഫിയ ബന്ധം,സാമ്പത്തിക ക്രമക്കേട്, തുടങ്ങിയവ കേരളിയ പൊതു സമൂഹത്തിനു മുന്നിൽ തുറന്നുകാട്ടപ്പെടുന്നു. പാർട്ടി നേതൃത്വത്തിനെതിരെ അതീവഗുരുതര ആരോപണമുയർത്തിയാണ് പ്രവർത്തകരുടെ ആത്മഹത്യകൾ ഉണ്ടായിട്ടുള്ളത്. ഈ ആത്മഹത്യകളെ ബിജെപി അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന് എങ്ങനെ ന്യായീകരിക്കാൻ കഴിയുമെന്നും മനുഷ്യത്വം ഉണ്ടെങ്കിൽ അങ്ങനെ പറയാൻ കഴിയുമോയെന്നും മന്ത്രി വി ശിവൻകുട്ടി പ്രതികരിച്ചു.
ആർഎസ്എസ് ക്യാമ്പുകളിൽ നേരിട്ട ലൈംഗിക പീഡനത്തെ തുടർന്നാണ് കോട്ടയം സ്വദേശി അനന്തു ആത്മഹത്യ ചെയ്തത്. അതിൽ നിന്ന് തന്നെ മനസിലാക്കാം ആർഎസ്എസിന്റെ അന്തർധാര എത്രത്തോളം ജീർണ്ണിച്ചതാണെന്ന്. പ്രതിസന്ധിയിൽ പാർട്ടി ഒറ്റപ്പെടുത്തി എന്നായിരുന്നു തിരുമല അനിലിൻ്റെ ആത്മഹത്യക്കുറിപ്പിൽ ഉണ്ടായിരുന്ന വിമർശനം. ഈ വിവാദം കെട്ടടങ്ങും മുമ്പാണ് ആനന്ദ് കെ തമ്പിയുടെ ആത്മഹത്യ.
ആത്മഹത്യാക്കുറിപ്പ് സാധാരണ പ്രവർത്തകന്റെ മനസ്സാക്ഷിയുടെ വിങ്ങലാണ്.മുൻ സംസ്ഥാന വക്താവ് എം എസ് കുമാറിൻ്റെ വെളിപ്പെടുത്തൽ പാർട്ടിയിലെ ആഭ്യന്തര പ്രശ്നങ്ങൾ രൂക്ഷമാണെന്ന് വെളിവാക്കുന്നതായിരുന്നു. സീറ്റ് നൽകാത്തതിനെ തുടർന്നാണ് നെടുമങ്ങാട് ബിജെപി പ്രവർത്തക ആത്മഹത്യയ്ക്ക് ശ്രമിച്ചത്. അഭിപ്രായം പറഞ്ഞാൽ പ്രവർത്തകരെ ഭീഷണിപ്പെടുത്തുകയാണ്. എല്ലാരീതിയിലും വക വരുത്തുമെന്ന് ഭീഷണിപ്പെടുത്തുന്നു. സമൂഹത്തിൽ അപമാനിക്കുന്നു. വർഷങ്ങളായി ആർഎസ്എസിൽ പ്രവർത്തിച്ചിരുന്നവരെ മാറ്റി വിവിധ രംഗങ്ങളിൽ മാഫിയ ബന്ധമുള്ളവരെയാണ് സ്ഥാനാർഥികളാക്കി തീരുമാനിച്ചിരിക്കുന്നത്. അതിലാണ് ഇപ്പോൾ പൊട്ടിത്തെറി ഉണ്ടാകുന്നത്. ഭീഷണിയെ തുടർന്നാണ് ആനന്ദിന് ആത്മഹത്യ ചെയ്യേണ്ടി വന്നത്. ആനന്ദിന്റെ ആത്മഹത്യാക്കുറിപ്പ് പോലീസ് വിശദമായി പരിശോധിക്കും.
കേരള രാഷ്ട്രീയത്തിൽ ജനാധിപത്യവിരുദ്ധമായ ഏകാധിപത്യ പൂർണ്ണമായ ഇത്തരം ഇടപെടൽ ആർഎസ്എസും – ബിജെപിയും നടത്തുകയാണ്. കേരളം പോലൊരു സംസ്ഥാനത്ത് ഇത് അംഗീകരിക്കാൻ കഴിയില്ല. സിപിഐഎം ഇക്കാര്യത്തിൽ രാഷ്ട്രീയമല്ല കാണുന്നത്.കിട്ടിയ സവസരം മുതലെടുക്കാനും ശ്രമിക്കുന്നില്ല. പക്ഷെ വിലപ്പെട്ട രണ്ട് ജീവനുകളാണ് പോയതെന്നും മന്ത്രി പ്രതികരിച്ചു.
അതേസമയം, ആര്യ രാജേന്ദ്രന് സീറ്റ് നൽകാത്ത കാര്യത്തിലും മന്ത്രി പ്രതികരണം നടത്തുകയുണ്ടായി. ആര്യ മേയർ ആയതാണ്. പത്താം ക്ലാസ് കഴിഞ്ഞ കുട്ടിയെ എട്ടാം ക്ലാസിലിരുത്താൻ കഴിയുമോ. ആര്യയ്ക്ക് എം എൽ എയെക്കാൾ വലിയ സ്ഥാനങ്ങൾ ചിലപ്പോൾ ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.



Be the first to comment