ആഗോള അയ്യപ്പ സംഗമം തീരുമാനിച്ചത് ദേവസ്വം ബോര്‍ഡ്; രാഷ്ട്രീയമായി കാണേണ്ടതില്ലെന്ന് മന്ത്രി വി എന്‍ വാസവന്‍

ആഗോള അയ്യപ്പ സംഗമം  തീരുമാനിച്ചത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ആണെന്ന് ദേവസ്വം മന്ത്രി വി എന്‍ വാസവന്‍. ഒരു വര്‍ഷം മുമ്പ് ദേവസ്വം ബോര്‍ഡിൻ്റെ പ്ലാറ്റിനം ജൂബിലി ആഘോഷത്തോട് അനുബന്ധിച്ച് നടത്താന്‍ തീരുമാനിച്ച ആശയമാണിത്. കഴിഞ്ഞ തീര്‍ത്ഥാടനകാലം കുറ്റമറ്റ രീതിയില്‍ നടത്താന്‍ കഴിഞ്ഞു. കഴിഞ്ഞ തീര്‍ത്ഥാടനകാലത്ത് ശബരിമലയിലെത്തിയ ശ്രീലങ്കയില്‍ നിന്നും സിംഗപ്പൂരില്‍ നിന്നുമുള്ള അയ്യപ്പ ഭക്തര്‍ ദേവസ്വം ബോര്‍ഡ് ഓഫീസുമായി ബന്ധപ്പെട്ട് സംസാരിച്ചു. അവരുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും പരിഗണിക്കാനായി ഒരു കൂട്ടായ്മ സംഘടിപ്പിക്കാമോയെന്ന് ചോദിച്ചിരുന്നുവെന്ന് മന്ത്രി വാസവന്‍ പറഞ്ഞു.

ഈ ആശയം കൂടി നേരത്തെയെടുത്ത തീരുമാനത്തിന് സഹായകരമായി വന്ന പശ്ചാത്തലത്തിലാണ് ദേവസ്വം ബോര്‍ഡ് അയ്യപ്പ സംഗമത്തിന് തീരുമാനമെടുത്തത്. ദേവസ്വം ബോര്‍ഡിന് ഒറ്റയ്ക്ക് നടത്താന്‍ കഴിയാത്തതിനാല്‍, സര്‍ക്കാരിൻ്റെ വിവിധ വകുപ്പുകളുടെ ഏകോപനം കൂടി വേണം. അതിന് സര്‍ക്കാര്‍ സഹായിക്കുമെന്ന് വ്യക്തമാക്കിയിരുന്നു. ഇതിനെ രാഷ്ട്രീയമായിട്ടോ, മറ്റേതെങ്കിലും വിഭാഗീയമായിട്ടോ കാണേണ്ട പ്രശ്‌നമില്ലെന്ന് മന്ത്രി വാസവന്‍ പറഞ്ഞു.

ശബരിമല വിമാനത്താവളത്തിന് വേണ്ടിയുള്ള സ്ഥലമെടുപ്പും ഭാവി പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു നീങ്ങുകയാണ്. ശബരിമല റെയില്‍വേ വികസനവുമായി ബന്ധപ്പെട്ട് ധാരണയായിട്ടുണ്ട്. ഇങ്ങനെ പുതിയ പശ്ചാത്തല സൗകര്യം വിദേശികളും സ്വദേശികളുമായ അയ്യപ്പ ഭക്തര്‍ക്ക് ഒരുക്കിക്കൊടുക്കുകയും നിലവില്‍ മുന്നോട്ടു വന്ന വികസനകാര്യങ്ങളും ചര്‍ച്ച ചെയ്യുക എന്നതാണ് അയ്യപ്പസംഗമത്തിൻ്റെ പ്രധാന ലക്ഷ്യങ്ങളിലൊന്ന്. മറ്റൊന്ന് ശബരിമലയിലെ ആഗോള തീര്‍ത്ഥാടന കേന്ദ്രമാക്കി മാറ്റുകയെന്നതാണ്. മന്ത്രി വാസവന്‍ കൂട്ടിച്ചേര്‍ത്തു.

ശബരിമലയില്‍ ചെല്ലുന്ന ഏതൊരു തീര്‍ത്ഥാടകനും കാണുന്ന പ്രധാന വാക്യമാണ് തത്വമസി. ഭഗവാനും ഭക്തനും തമ്മില്‍ വ്യത്യാസമില്ല എന്നതാണ് അതുകൊണ്ട് അര്‍ത്ഥമാക്കുന്നത്. ലോകത്ത് ഒരു തീര്‍ത്ഥാടനകേന്ദ്രത്തിലും ഇങ്ങനെയൊരു സന്ദേശമില്ല. അയ്യപ്പനെ കാണാന്‍ വരുന്നവരെയെല്ലാം അയ്യപ്പന്മാരെന്നാണ് വിളിക്കുന്നത്. ആ സന്ദേശം വിശ്വമാനവികതയുടേതാണ്. ആ സന്ദേശം ലോക തീര്‍ത്ഥാടന കേന്ദ്രമാക്കി മാറ്റാന്‍ സഹായിക്കുന്ന സന്ദേശമാണ്. ശബരിമലയിലെ വികസനവും പശ്ചാത്തല സൗകര്യവും ഉറപ്പാക്കുന്നതിന്, ഭാവിയില്‍ വേണ്ടതെന്തെല്ലാം, തുടങ്ങിയ കാര്യങ്ങള്‍ സംഗമത്തിലെത്തിച്ചേരുന്ന പ്രതിനിധികളില്‍ നിന്നും നിര്‍ദേശങ്ങള്‍ സ്വീകരിച്ച് നടപ്പില്‍ വരുത്തുക എന്നതാണ് അയ്യപ്പ സംഗമത്തിൻ്റെ ഉദ്ദേശമെന്നും മന്ത്രി വാസവന്‍ കൂട്ടിച്ചേര്‍ത്തു.

 

Be the first to comment

Leave a Reply

Your email address will not be published.


*