‘ജയകുമാര്‍ ഡോക്ടറെ രോഗികള്‍ കാണുന്നത് ദൈവത്തെപ്പോലെ; അപവാദ പ്രചാരണം ശരിയല്ല’; മന്ത്രി വിഎന്‍ വാസവന്‍

കോട്ടയം മെഡിക്കല്‍ കോളജ് സൂപ്രണ്ട് ഡോ. ജയകുമാറിനെ പിന്തുണച്ച് മന്ത്രി വി എന്‍ വാസവന്‍. ഡോ.ജയകുമാര്‍ ചെയ്തത് ലഭിച്ച വിവരങ്ങള്‍ മന്ത്രിമാരെ അറിയിക്കുക മാത്രമെന്നും മന്ത്രി പറഞ്ഞു. ഇന്ത്യയില്‍ അറിയപ്പെടുന്ന ഏറ്റവും മികച്ച തൊറാസിക് സര്‍ജനാണ് ഡോക്ടര്‍ ജയകുമാര്‍. സത്യസന്ധനാണ്. അദ്ദേഹത്തെ കുറിച്ച് ഇതുവരെ ഒരു ആക്ഷേപവുമുണ്ടായിട്ടില്ല. കിട്ടുന്ന ശമ്പളത്തില്‍ ഒരുഭാഗം രോഗികള്‍ക്ക് നല്‍കുന്നയാളാണ്. മാന്യനും സംസ്‌കാര സമ്പന്നനും ഏറ്റവും കൃത്യനിഷ്ടയോടെ ജോലി ചെയ്യുന്നയാളുമാണ്. രോഗികള്‍ അദ്ദേഹത്തെ കാണുന്നത് ദൈവത്തെപ്പോലെയാണ്. അങ്ങനെയൊരാളെക്കുറിച്ച് അപവാദം പറയുന്നത് ശരിയല്ല – അദ്ദേഹം പറഞ്ഞു.

അപകടത്തില്‍ മരിച്ച ബിന്ദുവിന്റെ കുടുംബത്തിനുള്ള ധനസഹായവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അടുത്ത മന്ത്രിസഭാ യോഗത്തില്‍ തീരുമാനിക്കുമെന്നും.മകന് സ്ഥിരം ജോലി നല്‍കുന്ന കാര്യവും ക്യാബിനറ്റ് ചേര്‍ന്ന ശേഷമായിരിക്കും തീരുമാനിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി.

ആരോഗ്യമന്ത്രിക്കെതിരായ പ്രതിഷേധം തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടുള്ള രാഷ്ട്രീയ നീക്കമാണെന്നും വിഷയത്തെ രാഷ്ട്രീയവത്കരിക്കുകയല്ലല്ലോ വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ഒരു ആതുരാലയത്തെ സംരക്ഷിക്കുന്നതിന് പകരം അതിനെ തകര്‍ക്കുകയല്ലല്ലോ വേണ്ടതെന്നും ചോദിച്ചു.

Be the first to comment

Leave a Reply

Your email address will not be published.


*