
പോലീസ് മർദന വിഷയത്തിൽ സർക്കാരിനെ പ്രതിസന്ധിയിലാക്കാൻ പഴയ പരാതികളാണ് മാധ്യമങ്ങൾ ഉയർത്തുന്നതെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. ഇതൊന്നും സർക്കാരിനെ പ്രതിസന്ധിയിലാക്കില്ല. ഒറ്റപ്പെട്ട സംഭവങ്ങളിൽ സർക്കാർ നടപടി സ്വീകരിച്ചിട്ടുണ്ട്. ലോക്കപ്പ് മർദ്ദനങ്ങളെ സർക്കാർ അംഗീകരിക്കുന്നില്ലെന്നും കെ എൻ ബാലഗോപാൽ പറഞ്ഞു.
പോലീസ് മർദ്ദനത്തിന് ഇടതുപക്ഷമെന്നൊ വലതുപക്ഷമെന്നൊ ഇല്ലെന്നും പോലീസിൻ്റെ മർദ്ദനം തനിക്കും ഏറ്റിട്ടുണ്ടെന്നും മന്ത്രി കെഎൻ ബാലഗോപാൽ പറഞ്ഞു. സംസ്ഥാനത്തെ പോലീസ് മർദ്ദനങ്ങൾ പ്രതിപക്ഷം ആയുധമാക്കുന്നതിനിടെയാണ് മന്ത്രിയുടെ പ്രതികരണം. ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി പിണറായി വിജയൻ പോലീസ് അതിക്രമങ്ങളെ ന്യായീകരിക്കുന്നുവെന്ന് ആരോപണം. പോലീസ് അതിക്രമങ്ങളിൽ പ്രതിഷേധം ശക്തമാക്കാനാണ് യുഡിഎഫ് തീരുമാനം.
സംസ്ഥാനത്ത് പോലീസിനെതിരെയുള്ള കസ്റ്റഡി മർദന ആരോപണങ്ങൾ തുടരുകയാണ്. ആലപ്പുഴ ഡിവൈഎസ്പി മധു ബാബുവിനെതിരെ തുറന്നുപറച്ചിലുമായി മുൻ സൈനികനും രാഷ്ട്രീയ നേതാക്കളും സിനിമാ നിർമാതാവും രംഗത്തെത്തി. ആരോപണങ്ങൾക്ക് പുച്ഛത്തോടെയാണ് മധു ബാബുവിന്റെ പ്രതികരണം. തൃശൂരിലെ ഹോട്ടലുടമയ്ക്ക് പിന്നാലെ പീച്ചി മുൻ എസ്ഐ രതീഷിനെതിരെ സർക്കാർ ഉദ്യോഗസ്ഥനും മർദന ആരോപണവുമായെത്തിയിരുന്നു.
Be the first to comment