വിട നൽകാനൊരുങ്ങി നാട്; എംഎൽഎ വാഴൂർ സോമന്‍റെ സംസ്‌കാരം ഇന്ന്, വണ്ടിപ്പെരിയാറില്‍ പൊതുദര്‍ശനം

ഇടുക്കി: അന്തരിച്ച പീരുമേട് എംഎൽഎ വാഴൂർ സോമന്‍റെ സംസ്‌കാരം ഇന്ന് (ഓഗസ്റ്റ് 22) വൈകിട്ട് നാലുമണിക്ക്. തിരുവനന്തപുരത്ത് നിന്ന് പുലർച്ചെയോടെ മൃതദേഹം വണ്ടിപ്പെരിയാർ വാളാഡിയിലെ വസതിയിലെത്തിച്ചു. ഇന്ന് രാവിലെ 11 മണി മുതൽ വണ്ടിപ്പെരിയാർ ടൗൺഹാളിൽ പൊതുദർശനം ഉണ്ടാകും.

പഴയ പാമ്പനാറിലുള്ള എസ്‌കെ ആനന്ദൻ സ്‌മൃതി മണ്ഡപത്തിന് സമീപമാണ് സംസ്‌കാരം നടക്കുക. നേരത്തെ വീട്ടുവളപ്പിലായിരുന്നു സംസ്‌കാരം ചടങ്ങുകൾ നടത്താന്‍ നിശ്ചയിച്ചിരുന്നത്. എന്നാൽ എസ്‌കെ ആനന്ദൻ സ്‌മൃതി മണ്ഡപത്തിനോട് ചേർന്ന് മൃതദേഹം സംസ്‌കരിക്കണമെന്ന ആഗ്രഹം വാഴൂർ സോമന് ഉണ്ടായിരുന്നതായി കുടുംബാംഗങ്ങൾ അറിയിച്ചതോടെയാണ് മാറ്റം വരുത്തിയത്.

ഇന്നലെ(ഓഗസ്‌റ്റ് 21) വൈകിട്ട് ഹൃദയാഘാതത്തെ തുടർന്നായിരുന്നു വാഴൂര്‍ സോമന്‍റെ അന്ത്യം. ഔദ്യോഗിക പരിപാടിക്കിടെ കുഴഞ്ഞു വീഴുകയായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വച്ചാണ് മരണം സംഭവിച്ചത്. തിരുവനന്തപുരം പിടിപി നഗറിൽ റവന്യൂ വകുപ്പിന്‍റെ ഇടുക്കി ജില്ലാതല യോഗത്തിൽ പങ്കെടുത്ത ശേഷം മടങ്ങുന്ന വഴിയാണ് എംഎൽഎയ്ക്ക് ഹൃദയാഘാതമുണ്ടായത്.

ഉടന്‍ തന്നെ ശാസ്‌തമംഗലത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 72 വയസായിരുന്നു അദ്ദേഹത്തിന്. തോട്ടം തൊഴിലാളികളെ സംഘടിപ്പിച്ച് വളർന്ന നേതാവായിരുന്നു വാഴൂർ സോമൻ. ഇടുക്കി പീരുമേട്ടിൽ നിന്ന് സിപിഐ എംഎൽഎ ആയാണ് വാഴൂർ സോമൻ നിയമസഭയിലെത്തിയത്.

1835 വോട്ടിന്‍റെ ഭൂരിപക്ഷത്തിലായിരുന്നു വിജയം. യുഡിഎഫ് സ്ഥാനാർഥി അഡ്വ. സിറിയക് തോമസ് ആയിരുന്നു വാഴൂർ സോമൻ്റെ എതിരാളി. വെയർ ഹൗസിങ് കോർപ്പറേഷൻ ചെയർമാൻ, എഐടിയുസി സംസ്ഥാന വൈസ് പ്രവസിഡൻ്റ് എന്നീ നിലയിൽ പ്രവർത്തിച്ചിട്ടുണ്ട്. വാഴൂരില്‍ നിന്നും പലപ്പോഴും സ്വന്തം ജീപ്പോടിച്ചായിരുന്നു അദ്ദേഹം തിരുവനന്തപുരത്ത് വന്നുപോയിരുന്നത്.

ഭാര്യ: ബിന്ദു. മക്കൾ: അഡ്വ. സോബിൻ, അഡ്വ. സോബിത്ത്. വാഴൂര്‍ സോമൻ്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, സ്‌പീക്കര്‍ എഎന്‍ ഷംസീര്‍, പ്രതിപക്ഷ നേതാവ് വിഡി സതീശന്‍, സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം എന്നിവര്‍ അനുശോചിച്ചു.

Be the first to comment

Leave a Reply

Your email address will not be published.


*