മുൻ മന്ത്രിമാരായ എം.എം മണിയെയും എ.സി മൊയ്തീനെയും സിപിഐഎം മത്സരിപ്പിക്കില്ല. എംഎം മണിയ്ക്ക് പകരം കെ കെ ജയചന്ദ്രൻ ഉടുമ്പൻ ചോലയിൽ സ്ഥാനാർഥിയാകും. കുന്നംകുളത്ത് എ സി മൊയ്തീന് പകരക്കാരൻ ആരാണെന്നത് തൃശ്ശൂർ ജില്ലാ സെക്രട്ടറിയേറ്റിൽ ധാരണയാകും. എം എം മണിയുടെ പേര് അടക്കം ഉള്‍പ്പെടുത്തിയാണ് ഇടുക്കി ജില്ലാ നേതൃത്വം സംസ്ഥാന നേതൃത്വത്തിന് പട്ടിക നൽകിയത്. എന്നാൽ, ഇത് തിരുത്തിയാണ് കെ കെ ജയചന്ദ്രനെ മത്സരിപ്പിക്കാൻ സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനിച്ചത്. സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം ഇന്ന് ചേരുന്ന ഇടുക്കി ജില്ലാ സെക്രട്ടറിയേറ്റ് അംഗീകരിക്കും.
സിപിഐഎമ്മിന്റെ ഇടുക്കി ജില്ലാ സെക്രട്ടറിയേറ്റ് പ്രാഥമികമായി ചർച്ചയ്ക്ക് ചേർന്നപ്പോഴാണ് എം എം മണിയെ വീണ്ടും ഉടുമ്പൻ ചോലയിൽ മത്സരിപ്പിക്കണമെന്ന നിർദേശം സംസ്ഥാന നേത്യത്വത്തിന് മുന്നിൽ വെക്കാനായി തീരുമാനിച്ചത്. എന്നാൽ കഴിഞ്ഞ സംസ്ഥാന സെക്രെട്ടറിയേറ്റിൽ ചേർന്ന യോഗത്തിൽ എം എം മണിയ്ക്ക് സീറ്റ് നൽകുന്നതിൽ അനുകൂലമായൊരു നിലപാട് അല്ല ഉണ്ടായത്. മണിയുടെ പ്രായം അടക്കമുള്ള കാര്യങ്ങൾ ചർച്ചയ്ക്ക് വന്നിരുന്നു. ഉടുമ്പൻചോല വിജയിക്കാൻ കഴിയുന്ന മണ്ഡലമാണെന്നും പുതിയൊരു സ്ഥാനാർഥി തന്നെ മണ്ഡലത്തിൽ വരണമെന്നുമാണ് നേത്യത്വത്തിന്റെ വിലയിരുത്തൽ.
അതേസമയം, എംഎം മണിക്ക് പുറമെ എ വിജയരാഘവൻ, എം സ്വരാജ്, പി ജയരാജൻ, തോമസ് ഐസക് തുടങ്ങിയ പ്രമുഖരും മത്സരത്തിനില്ല. വിജയരാഘവന് മത്സരിക്കാൻ പിബി അനുമതി നൽകിയില്ല. കെ കെ ശൈലജയുടെ കാര്യത്തിൽ ജില്ലാ നേതൃത്വത്തിന്റെ തീരുമാനം നിർണായകമാകും.



Be the first to comment