
ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബില്ല് അവതരിപ്പിക്കും മുമ്പ് സമവായത്തിന് ശ്രമിക്കുമെന്ന് കേന്ദ്ര സർക്കാർ. പ്രതിപക്ഷ പാർട്ടികളുമായി സർക്കാർ ആശയവിനിമയം നടത്തും. മന്ത്രിമാരായ രാജ്‌നാഥ് സിംഗ്, അർജുൻ റാം മേഘ്‌വാൾ, കിരൺ റിജിജു എന്നിവർ പ്രതിപക്ഷ പാർട്ടികളുമായിചർച്ച നടത്തും. ബില്ല് ശീതകാല സമ്മേളനത്തിൽ തന്നെ അവതരിപ്പിക്കാൻ സാധ്യത കുറവാണെന്നാണ് സർക്കാർ വൃത്തങ്ങൾ അറിയിക്കുന്നത്. ബില്ല് സംയുക്ത പാർലമെന്ററി സമിതിക്ക് വിടാനും തയാറാണെന്നും സർക്കാർ വൃത്തങ്ങൽ അറിയിക്കുന്നു.
ഒന്നാമത്തെ ഘട്ടത്തിൽ ലോക്സഭാ – നിയമസഭാ തെരഞ്ഞെടുപ്പുകളും, രണ്ടാം ഘട്ടത്തിൽ തദ്ദേശ തെരഞ്ഞെടുപ്പുകൾ എന്നിങ്ങനെ, ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് രണ്ട് ഘട്ടങ്ങളായി നടപ്പാക്കാനാണ് കേന്ദ്രസർക്കാരിന്റെ തീരുമാനം.
കഴിഞ്ഞ ദിവസമാണ് ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകിയത്. രാം നാഥ് കോവിന്ദ് കമ്മിറ്റി നൽകിയ റിപ്പോർട്ട്, പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചു. ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പിനുളള ബിൽ പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിൽ അവതരിപ്പിക്കും. എന്നാൽ ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് അപ്രയോഗികമെന്നും പാർലമെന്റിൽ എതിർക്കുമെന്നും കോൺഗ്രസ് അറിയിച്ചു.
2024ലെ ലോക്സഭ തെരഞ്ഞെടുപ്പിലെ ബിജെപിയുടെ പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനമാണ് ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്. ഇതിനായി മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ നേതൃത്വത്തിലുള്ള ഉന്നതതല സമിതി, മാർച്ച് 15ന് രാഷ്ട്രപതി ദ്രൗപതി മുർമുവിന് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. തെരഞ്ഞെടുപ്പുകൾ ഒരേസമയം നടത്തുന്നത് ചെലവ് ചുരുക്കുമെന്നും, രാജ്യത്ത് വികസനം കൊണ്ടു വരുമെന്നുമാണ് റിപ്പോർട്ടിലെ ഉള്ളടക്കം. രാംനാഥ് കോവിന്ദ് സമിതിയുടെ ശിപാർശകൾ, കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചതായി കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. രാജ്യ വികസനത്തിന് അനിവാര്യമാണെന്നും വ്യാപക കൂടിയാലോചനകൾക്ക് ശേഷമേ നടപ്പാക്കുവെന്നും അശ്വിനി വൈഷ്ണവ് അറിയിച്ചു. ഇതിനിടെ ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് അപ്രായോഗികമെന്നും, നിലവിലെ പ്രശ്നങ്ങളിൽ നിന്നും ശ്രദ്ധ തിരിക്കാനാണ് നീക്കമെന്നും എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ പ്രതികരിച്ചിരുന്നു.
Be the first to comment