
ഡോ.ശശി തരൂർ എംപിക്ക് എതിരെ വീണ്ടും വിമർശനവുമായി കോൺഗ്രസ് നേതാവ് കെ മുരളീധരൻ. ഇടയ്ക്കുള്ള മോദി സ്തുതി അവസാനിപ്പിക്കണം. ഇന്ദിര ഗാന്ധിയെ വിമർശിച്ചത് പിൻവലിക്കാൻ തയ്യാറാകണം. നയം തിരുത്തിവന്നാൽ തിരുവനന്തപുരം കോർപ്പറേഷൻ തിരഞ്ഞെടുപ്പ് തരൂരിനെ മുന്നിൽ നിർത്തി നയിക്കുമെന്നും പക്ഷേ നിലപാട് മാറ്റി വരണമെന്നും കെ മുരളീധരൻ പറഞ്ഞു.
ഛത്തീസ്ഗഢിലെ കന്യാസ്ത്രീകളുടെ മോചനത്തിൽ ബിജെപിക്ക് മേൽക്കൈയില്ലെന്ന് കെ മുരളീധരൻ പറഞ്ഞു. അറസ്റ്റ് ചെയ്തവർ തന്നെ സാന്ത്വനിപ്പിക്കാൻ എത്തി. ഇത് സഭയ്ക്കും സഭാ വിശ്വാസികൾക്കും അറിയാമെന്നും കെ.മുരളീധരൻ പറഞ്ഞു. അതേസമയം പുനഃസംഘടനയുമായി ബന്ധപ്പെട്ട് ഡൽഹിയിൽ മാരത്തൺ കൂടിക്കാഴ്ചകൾ നടക്കുകയാണ്. ഡോക്ടർ ശശി തരൂരുമായി കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് ഇന്നലെ രാത്രിയിൽ ചർച്ച നടത്തി. ചർച്ച പോസിറ്റീവായിരുന്നുവെന്ന് സണ്ണി ജോസഫ് പറഞ്ഞു. പുനഃസംഘടനയ്ക്ക് തരൂർ സഹകരണം വാഗ്ദാനം ചെയ്തു.
കൊടിക്കുന്നിൽ സുരേഷ്, എം കെ രാഘവൻ എന്നിവർ നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. ആന്റോ ആന്റണി പ്രതിപക്ഷ നേതാവ് വി.ഡി സതീശനുമായി കൂടിക്കാഴ്ച നടത്തി. കൊടിക്കുന്നിൽ സുരേഷ് രമേശ് ചെന്നിത്തലയുമായി കൂടിക്കാഴ്ച നടത്തി.
Be the first to comment