
കേരള സര്‍വകലാശാല രജിസ്ട്രാര്‍ കെഎസ് അനില്‍ കുമാറിന്റെ ഔദ്യോഗിക വാഹനം പിടിച്ചെടുക്കാനുള്ള നീക്കം പൊളിഞ്ഞതോടെ പുതിയ നീക്കവുമായി വൈസ് ചാന്‍സലര്‍ മോഹനന്‍ കുന്നുമ്മല്‍. രജിസ്ട്രാര്‍ കെ എസ് അനില്‍ കുമാറിനെ ഒഴിവാക്കി മോഹനന്‍ കുന്നുമ്മല്‍ ഓണ്‍ലൈന്‍ യോഗം വിളിച്ചു.
സിന്‍ഡിക്കേറ്റ് സസ്‌പെന്‍ഷന്‍ റദ്ദാക്കിയ കെഎസ് അനില്‍കുമാറിനെ ഒഴിവാക്കി, സെന്റര്‍ ഫോര്‍ ഗ്ലോബല്‍ അക്കാദമിയുടെ യോഗമാണ് വിസി വിളിച്ചു ചേര്‍ത്തത്. ഓണ്‍ലൈന്‍ ആയി ചേര്‍ന്ന യോഗത്തില്‍ രജിസ്ട്രാര്‍ ഇന്‍ ചാര്‍ജ് എന്ന നിലയ്ക്ക് പങ്കെടുത്തത് മിനി കാപ്പനാണ്. 93 വിദേശ വിദ്യാര്‍ഥികള്‍ക്ക് കേരളയില്‍ പ്രവേശനം നല്‍കാനും യോഗത്തില്‍ തീരുമാനമായി.
രജിസ്ട്രാര്‍ കെ എസ് അനില്‍കുമാറിന്റെ ഔദ്യോഗിക വാഹനം തടയാന്‍ കഴിഞ്ഞ ദിവസം വി സി നടത്തിയ നീക്കം സര്‍വകലാശാല തള്ളിയിരുന്നു. സെക്യൂരിറ്റി ഓഫീസറോട് ഡ്രൈവറില്‍ നിന്നും വാഹനത്തിന്റെ താക്കോല്‍ വാങ്ങി മിനി കാപ്പനെ ഏല്‍പ്പിക്കാനുമായിരുന്നു വിസിയുടെ ഉത്തരവ്. എന്നാല്‍ ഔദ്യോഗിക വാഹനത്തില്‍ തന്നെ രജിസ്ട്രാര്‍ എത്തി.
അതേസമയം, സര്‍വകലാശാല ആസ്ഥാനത്ത് സുരക്ഷ പ്രശ്‌നങ്ങളുണ്ടെന്ന് ബിജെപി സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ ആരോപിച്ചു. എന്നാല്‍ ഈ ആവശ്യമുന്നയിച്ച ബിജെപി സിന്‍ഡിക്കേറ്റ് അംഗങ്ങളോട് രൂക്ഷമായ ഭാഷയിലാണ് ഹൈക്കോടതി പ്രതികരിച്ചത്. തടസം നേരിട്ട തീയതിയും സമയവും ഉള്‍പ്പെടെ കോടതിയില്‍ തിങ്കളാഴ്ച വിശദമായ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടു. സര്‍വകലാശാലയില്‍ സുരക്ഷാ പ്രശ്‌നങ്ങള്‍ ഒന്നും ഇല്ലെന്നും , വിസി അധികാര ദുര്‍വിനിയോഗമാണ് നടത്തുന്നത് എന്നും ഇടത് സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ ആരോപിച്ചു.
Be the first to comment