‘ആരാധകർ കാത്തിരുന്ന ആശംസ എത്തി’; ഇച്ചാക്കയ്ക്ക് പിറന്നാളാശംസകളുമായി മോഹൻലാൽ

മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ 74-ാം പിറന്നാൾ ദിനത്തിൽ ആശംസയുമായെത്തുകയാണ് സിനിമാ ലോകം. എന്നാൽ മമ്മൂട്ടിയുടെ പിറന്നാളിന് ആരാധകർ ഏറെ കാത്തിരിക്കുന്നത് മോഹൻ ലാലിന്‍റെ ആശംസക്ക് വേണ്ടിയാണ്. ഇപ്പോഴിതാ, തന്‍റെ ഇച്ചാക്കക്ക് സമൂഹ മാധ്യമത്തിലൂടെ പിറന്നാൾ ആശംസ അറിയിച്ചിരിക്കുകയാണ് മോഹൻലാൽ.’പ്രിയപ്പെട്ട ഇച്ചാക്കക്ക് പിറന്നാൾ ആശംസകൾ’ എന്ന കുറിപ്പോടെയാണ് മോഹൻലാൽ മമ്മൂട്ടിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചത്.

‘ഹാപ്പി ബർത്ത് ഡേ ഡിയർ ഇച്ചാക്ക’ എന്ന ക്യാപഷനോടെ മമ്മൂട്ടിക്കൊപ്പമുള്ള ചിത്രങ്ങളാണ് താരം പങ്കുവെച്ചത്. മമ്മൂട്ടിയുടെ ചിത്രം പ്രിൻ്റ് ചെയ്ത് ഷർട്ട് അണിഞ്ഞ് അദ്ദേഹത്തിനു ജന്മദിനാശംസ നേരുന്ന മോഹൻലാലിൻ്റെ വീഡിയോയും പുറത്തുവന്നിരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, സുരേഷ് ഗോപി, ദിലീപ് തുടങ്ങിയവരും മമ്മൂട്ടിക്ക് ജന്മദിനാശംസ നേർന്നിട്ടുണ്ട്.

ചെന്നൈയിലെ വീട്ടിൽ കുടുംബാംഗങ്ങളോടൊപ്പമാണ് മമ്മൂട്ടിയുടെ ഇത്തവണത്തെ പിറന്നാൾ. പിറന്നാൾ ദിനത്തിൽ മമ്മൂട്ടി പുതിയ ചിത്രം പങ്കുവെച്ചിട്ടുണ്ട്. എല്ലാവർക്കും സ്നേഹവും നന്ദിയും പിന്നെ സർവശക്തനും’ എന്ന കുറുപ്പോടെയാണ് ചിത്രം പങ്കുവെച്ചത്. കറുത്ത ലാന്‍ഡ് ക്രൂസറില്‍ ചാരി കടലിലേക്ക് നോക്കി നില്‍ക്കുന്ന ചിത്രമാണ് താരം പങ്കിട്ടത്.

മമ്മൂട്ടി കേരളത്തിൽ ഇല്ലെങ്കിലും കൊച്ചിയിലെ വീടിന് മുന്നില്‍ ഇന്നലെ അര്‍ധരാത്രി ആരാധകര്‍ പിറന്നാൾ ആഘോഷം നടത്തിയിരുന്നു. ആശംസകള്‍ നേര്‍ന്നും മധുരം വിതരണം ചെയ്തുമായിരുന്നു ആഘോഷം. രാത്രി 12ന് മമ്മൂട്ടിയോട് സംസാരിക്കുന്ന ആരാധകരുടെ വിഡിയോയും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

Be the first to comment

Leave a Reply

Your email address will not be published.


*