
സത്യന് അന്തിക്കാടും മോഹന്‍ലാലും ഒരുമിക്കുമ്പോള്‍ പ്രേക്ഷകര്‍ക്ക് വലിയ പ്രതീക്ഷകളുണ്ടാവും. വര്‍ഷങ്ങളുടെ ഇടവെളകളുണ്ടായപ്പോഴും ആ കോമ്പോ പ്രേക്ഷകരെ നിരാശപ്പെടുത്തിയില്ല. സാന്റി ഈ ഓണത്തിന് മാറ്റുകൂട്ടും. സന്ദീപ് എന്ന ഒരു ബിസിനസുകാരനായാണ് മോഹന്‍ലാല്‍ എത്തുന്നത്. കൊച്ചിയില്‍ ഒരു ക്ലൗഡ് കിച്ചണ്‍ നടത്തുകയാണ് സന്ദീപ് ബാലകൃഷ്ണന്.
പ്രായം ഏറെയായെങ്കിലും വിവാഹിതനല്ല, വിവാഹദിനം വധു ഒളിച്ചോടിപ്പോയതോടെ ജീവിതത്തില്‍ വിവാഹം വേണ്ടെന്നുവച്ചു. ഹൃദ് രോഗിയായി മാറിയ സന്ദീപിന്റെ ഹൃദയം മാറ്റി വെക്കുന്നു. ഇതോടെ അയാളുടെ ജീവിതത്തിലുണ്ടാവുന്ന അപൂര്‍വ ജീവിതാനുഭവമാണ് കഥ. പൂനയില്‍ വാഹനാപകടത്തില്‍ മരിച്ച ഒരു മലയാളിയായ കേണലിന്റെ ഹൃദയമാണ് സന്ദീപില്‍ പിന്നീട് മിടിച്ചുതുടങ്ങുന്നത്.
ഹൃദയ ശസ്ത്രക്രിയയ്ക്ക് ശേഷം സന്ദീപിനെ പരിചരിക്കാനായി എത്തുന്ന ജെറി കഥയിലെ പ്രധാന കഥാപാത്രമായി മാറുന്നു. ജെറിയായി സംഗീത് പ്രതാപാണ് വേഷമിടുന്നത്. പ്രേമലുവില്‍ നിന്നും സംഗീത് വലിയൊരു കുതിച്ചുചാട്ടമാണ് അഭിനയത്തിന്റെ കാര്യത്തില്‍ നടത്തിയിരിക്കുന്നത്. മുംബൈയില്‍ ജനിച്ച മാളവികാ മോഹന്‍ പൂനെയില്‍ ജീവിക്കുന്ന മലയാളി യുവതിയായ ഹരിതയാവാന് ബുദ്ധിമുട്ടേണ്ടിവന്നിട്ടില്ല.
അതി ഗംഭീര പ്രകനമാണ് മാളവിക നടത്തുന്നത്. ശ്രീനിവാസന്റെ ചിന്താവിഷ്ടയായ ശ്യാമളയിലെ നായിക സംഗീത ഏറെക്കാലത്തെ ഇടവേളയ്ക്കു ശേഷം ഈ ചിത്രത്തില്‍ അമ്മ കഥാപാത്രമായി എത്തുന്നുണ്ടെന്നതും പ്രേക്ഷകന് കൗതുകമുണര്‍ത്തുന്നു. സന്ദീപിന്റെ അളിയനായി എത്തുന്ന സിദ്ദിഖിന്റെ കഥാപാത്രം അല്പം വിരസത ഉണ്ടാക്കുന്നുണ്ട്. ഒരു ഹൃദയവുമായി ഹെലികോപ്റ്ററില്‍ ഡോക്ടര്‍മാരുടെ സംഘം എത്തുന്നിടത്തുനിന്നാണ് സിനിമ ആരംഭിക്കുന്നത്.
കേണല്‍ രവിയുടെ മകളാണ് ഹരിത. അച്ഛനെ ജീവനേക്കാളേറെ സ്നേഹിക്കുന്ന മകളാണ് ആര്കിടെക്റ്റുകൂടിയ ഹരിത. അച്ഛന്റെ ഹൃദയം സ്വീകരിച്ച സന്ദീപിനെ കാണാനായി ഹരിത കൊച്ചിയില്‍ എത്തുന്നിടത്തുനിന്നാണ് കഥയുടെ ഗതിമാറുന്നത്. തന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു നിമിഷത്തിൽ അച്ഛന്റെ ഹൃദയവും കൂടെ ഉണ്ടാവണമെന്ന് ഹരിത ആഗ്രഹിക്കുന്നു.
എന്നാല്‍ തന്റെ ബിസിനസ് വിട്ട് തത്കാലം എങ്ങോട്ടും ഇല്ല എന്ന് തീരുമാനിക്കുന്ന സന്ദീപിനെ നഴ്സായ ജെറിയാണ് നിര്‍ബന്ധിച്ച് പൂനയിലേക്ക് അയക്കുന്നത്. ഹരിതയുടെ ആഗ്രഹം നിറവേറ്റാനായി പൂനയില്‍ എത്തുന്ന സന്ദീപ്. ഒരു അപ്രതീക്ഷിത അക്രമണത്തില്‍ നട്ടെല്ലിന് ഗുരുതരമായി പരുക്കേല്‍ക്കുന്നു.
ഇത് സന്ദീപിന്റെ ജീവിതത്തില്‍ വലിയ മാറ്റങ്ങള്‍ക്ക് വഴിയൊരുങ്ങുകയാണ്. പിന്നീട് നടക്കുന്ന രസകരവും ഏറെ ഹൃദയസ്പര്‍ശിയായ ടിസ്റ്റുകള്‍ കോര്‍ത്തിണക്കിയതാണ് ഹൃദയപൂര്‍വം. ഗ്രാമീണരും നാട്ടിന്‍പുറത്തുകാരനും എന്ന പതിവ് ശൈലിയില്‍ നിന്നും മാറി, സിനിമയ്ക്കായി കഷ്ടപ്പെടുന്ന ഒരു സംഘം യുവാക്കള്‍ മുതല്‍ പണത്തിനായി മാത്രം ജീവിക്കുന്നവരും, പൊള്ളയായ കുടുംബ ബന്ധങ്ങളും, മനുഷ്യമനസിന്റെ വിഹ്വലതകളും ഈ ചിത്രത്തിലൂടെ പറഞ്ഞുപോവുന്നുണ്ട്.
സത്യന് അന്തിക്കാട് കാലത്തിന് അനുസരിച്ച് മാറാന്‍ തയ്യാറായിരിക്കുന്നു എന്നതാണ് ഹൃദയപൂര്‍വത്തില്‍ ഏറ്റവും എടുത്തു പറയേണ്ടത്. മകനും യുവ സംവിധായകനുമായ അഖില്‍ സത്യനാണ് ചിത്രത്തിന്റെ കഥ. ടി പി സോനുവാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. നല്ല കൈയ്യടക്കത്തോടെയാണ് തിരക്കഥയൊരുക്കിയിരിക്കുന്നത് എന്നതും ചിത്രത്തിന്റെ വിജയത്തിന് വഴിയൊരുക്കുന്നു.
ഹാസ്യരംഗങ്ങളും ഗൗരവമായ ചിന്തകളും ചിത്രത്തെ ആകര്‍ഷകമാക്കുന്നുണ്ട്. ഗാനങ്ങളും ക്യാമറയും നൃത്തരംഗങ്ങളും എല്ലാം കളര്‍ഫുള്‍. ഒരു സൂപ്പര്‍താരത്തെ വച്ചുണ്ടാക്കിയ ചിത്രം എന്നതിനപ്പുറം, ഒരു നടനെ നന്നായി ഉപയോഗിച്ച ചിത്രം എന്നും ഹൃദയപൂര്‍വത്തെ വിലയിരുത്താം. മീരാ ജാസ്മിന്, അല്‍ത്താഫ്, ബേസില്‍ എന്നിവര്‍ അതിഥിതാരങ്ങളായും ചിത്രത്തില്‍ എത്തുന്നുണ്ട്.
സത്യന് അന്തിക്കാടും പ്രിയദര്‍ശനും ഒരുമിച്ചൊരു സിനിമ ചെയ്താലുണ്ടാവുന്ന ഒരു ഫീല്‍ ഈ ചിത്രത്തിനുണ്ട്. പതിവ് ട്രാക്കില്‍ നിന്നും തെന്നിമാറാതെ, എന്നാല്‍ ന്യൂജന്‍ ജീവിതവും ഉള്‍ക്കൊണ്ടുകൊണ്ടുള്ള കഥാപാത്രങ്ങളാണ് ഹൃദയപൂര്‍വത്തില്‍ വരുന്നത്. 10 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ് സത്യന് അന്തിക്കാട് -മോഹന്‍ലാല്‍ കോമ്പോയില്‍ ഒരു ചിത്രം ഒരുങ്ങുന്നത്.
ഈ വര്‍ഷം രണ്ട് കമേഴ്സ്യല്‍ ഹിറ്റുകള്‍ സമ്മീനിച്ച മോഹന്‍ലാലിന്റെ കരിയറില്‍ ഹൃദയപൂര്‍വവും ഹിറ്റുകള്‍ എഴുതിച്ചേര്‍ക്കുന്നതാണ് ഈ ചിത്രമെന്ന് നിസംശയം പറയാം. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ആശിര്‍വാദിന്റെ റിലീസ് ചെയ്യുന്ന ഈ വര്‍ഷത്തെ രണ്ടാമത്തെ ചിത്രമാണ് ഹൃദയപൂര്‍വം.
Be the first to comment