‘സൂര്യകുമാർ യാദവ് ഏഷ്യാ കപ്പ് നേരിട്ട് ഓഫീസില്‍ വന്ന് വാങ്ങണം’; വീണ്ടും ഉപാധി വെച്ച് നഖ്വി

കഴിഞ്ഞ ദിവസം അവസാനിച്ച ഏഷ്യാ കപ്പിനെ ചൊല്ലിയുള്ള വിവാദങ്ങൾ അന്ത്യമില്ലാതെ തുടരുകയാണ്. പാകിസ്താനെ തോൽപ്പിച്ച് ഇന്ത്യ ജേതാക്കളായെങ്കിലും കിരീടം ഇതുവരെ ഇന്ത്യയുടെ കയ്യിലെത്തിയിട്ടില്ല. ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ പ്രസിഡന്റും പാകിസ്താൻ ക്രിക്കറ്റ് ബോർഡ് ചെയർമാനുമായ മൊഹ്സിൻ നഖ്വിയിൽ നിന്നും ട്രോഫി ഏറ്റുവാങ്ങില്ലെന്ന നിലപാടിൽ ഇന്ത്യൻ ടീം ഉറച്ചുനിന്നിരുന്നു.

എന്നാൽ ഏഷ്യാകപ്പ് കിരീടം ഇന്ത്യയ്ക്ക് കൈമാറുന്നതിൽ വീണ്ടും ഉപാധി വെച്ച് ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ അധ്യക്ഷൻ മൊഹ്സിൻ നഖ്വി രംഗത്തെത്തി. ഇന്ത്യൻ നായകൻ സൂര്യകുമാർ യാദവ് ACC ആസ്ഥാനത്തെത്തി നേരിട്ട് ട്രോഫി സ്വീകരിക്കണം. ട്രോഫി സെറിമണിയിൽ നടന്ന സംഭവങ്ങളിൽ ഖേദം രേഖപ്പെടുത്തിയും നഖ്വി പറഞ്ഞു. ഇന്നലെ മറ്റൊരു ഉപാധിയുമായി നഖ്വി രംഗത്തെത്തിയിരുന്നു.

ഏഷ്യാ കപ്പും മെഡലുകളും ഇന്ത്യക്ക് തരാൻ താൻ തയ്യാറാണെന്നും എന്നാൽ ഇതിന് ഒരു ഔദ്യോഗിക ചടങ്ങ് വേണം, അവിടെ വെച്ച് താൻ തന്നെ അവാർഡ് നൽകണമെന്നുമായിരുന്നു നഖ്‌വിയുടെ ആദ്യ നിബന്ധന. ഞായറാഴ്ച നടന്ന ഫൈനലില്‍ നഖ് വിയുടെ നേതൃത്വത്തിലുള്ള എസിസി സംഘം ട്രോഫിയും മെഡലുകളുമായി കടന്നു കളഞ്ഞതിന് പിന്നാലെ ഇന്ത്യ കടുത്ത പ്രതിഷേധം അറിയിച്ചിരുന്നു.

ഏഷ്യാ കപ്പ് 2025 ട്രോഫി കൈമാറണമെന്ന ബിസിസിഐ വൈസ് പ്രസിഡന്റ് രാജീവ് ശുക്ലയുടെ ആവശ്യം മൊഹ്‌സിൻ നഖ്‌വി നിരസിച്ചതായി പാക് മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു. ഇന്ത്യൻ ക്യാപ്റ്റൻ നേരിട്ടെത്തി ട്രോഫി വാങ്ങണമെന്നാണ് നഖ്‌വിയുടെ ആവശ്യം.

ദുബൈയില്‍ നഖ്‌വിയുടെ അധ്യക്ഷതയില്‍ ചേർന്ന എസിസി യോഗത്തിലാണ് വിഷയം ഉയർന്നുവന്നത്. ട്രോഫി കൈമാറണമെന്ന് രാജീവ് ശുക്ല സമ്മർദം ചെലുത്തി. എന്നാല്‍ വിഷയം യോഗത്തിന്റെ അജണ്ടയില്‍ ഇല്ലെന്ന് നഖ് വി പ്രതികരിച്ചു. കൂടുതല്‍ നിർബന്ധിച്ചപ്പോള്‍ ഇന്ത്യൻ ക്യാപ്റ്റൻ ഓഫീസില്‍ വന്ന് ട്രോഫി സ്വീകരിക്കണമെന്ന് നഖ്‌വി നിലപാടെടുത്തു.

Be the first to comment

Leave a Reply

Your email address will not be published.


*