
ഏഷ്യാ കപ്പ് കിരീടം ഇന്ത്യ നേടിയതിന് ശേഷവും വിവാദങ്ങൾക്ക് അയവില്ല. ഏഷ്യാ കപ്പ് കിരീടം ഇന്ത്യക്ക് കെെമാറാൻ പുതിയ ഉപാധിവെച്ചിരിക്കുകയാണ് മൊഹ്സിൻ നഖ്വി. ഇന്ത്യക്ക് താൻ തന്നെ കിരീടം കെെമാറാം. ഇതിനായി ഇന്ത്യ സ്വന്തം ചിലവിൽ പരിപാടി സംഘടിപ്പിക്കണം. അവിടെവെച്ച് താൻ മെഡലും ട്രോഫിയും കെെമാറാമെന്നാണ് മൊഹ്സിന്റെ നിലപാട്. പാക്ക് ആഭ്യന്തരമന്ത്രി കൂടിയായ നഖ്വിയിൽ നിന്ന് ട്രോഫി വാങ്ങാൻ ആവില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഇന്ത്യ ചടങ്ങ് ബഹിഷ്കരിച്ചത്.
ബിസിസിഐ ഈ ഉപാധി അംഗീകരിക്കില്ലെന്നുറപ്പാണ്. പാകിസ്താനുമായുള്ള രാഷ്ട്രീയമായ പ്രശ്നങ്ങളെത്തുടർന്നാണ് ഇത്തരമൊരു നിലപാട് ഇന്ത്യ സ്വീകരിച്ചത്. പാകിസ്താൻ താരങ്ങളോട് യാതൊരു തരത്തിലും സഹകരിക്കേണ്ടെന്നാണ് ഇന്ത്യയുടെ നിലപാട്. ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവ് ടൂർണമെന്റിന് മുന്നോടിയായുള്ള വാർത്താ സമ്മേളനത്തിൽ പാക് ക്യാപ്റ്റന് ഹസ്തദാനം നൽകാൻ തയ്യാറായില്ല.
മത്സരത്തിന് ശേഷം പാകിസ്താൻ താരങ്ങൾക്ക് ഹസ്തദാനം നൽകാൻ ഇന്ത്യൻ താരങ്ങളും തയ്യാറായില്ല. ഇതിന് പിന്നാലെയാണ് ഫെെനലിന് ശേഷമുള്ള ട്രോഫി ബഹിഷ്കരണവും. തുടർന്ന് ഇന്ത്യ സാങ്കൽപ്പിക കിരീടം ഉപയോഗിച്ചാണ് ഏഷ്യാ കപ്പ് കിരീട നേട്ടം ആഘോഷിച്ചത്. ഇതിന് പിന്നാലെ മൊഹ്സിനും ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ ഭാരവാഹികളും കിരീടവും മെഡലുകളും എടുത്തുകൊണ്ട് പോയി.
Be the first to comment