കാലവർഷം; ഭൂതത്താൻകെട്ട് ബാരേജ് ഷട്ടറുകൾ ഇന്ന് തുറക്കും

കാലാവർഷം ആരംഭിച്ചതിനാൽ ഭൂതത്താൻകെട്ട് ബാരേജ് ഷട്ടറുകൾ ഇന്ന് തുറക്കും. ഷട്ടറുകൾ ഘട്ടം ഘട്ടമായി ഉയർത്തി പെരിയാർ നദിയിലേയ്ക്ക് വെള്ളം ഒഴുക്കി വിടാനാണ് തീരുമാനം. പെരിയാറിന്റെ ഇരു കരയിൽ ഉള്ളവരും മറ്റ് ആവശ്യങ്ങൾക്കായി നദിയിൽനിന്ന് ഇറങ്ങുന്നവരും പ്രത്യേകം ജാഗ്രത പുലർത്തണമെന്ന് എറണാകുളം ജില്ലാ കളക്ടർ നിർദേശം നൽകി.

സംസ്ഥാനത്ത് ഇന്ന് മുതൽ മൂന്ന് ദിവസം അതീവ ജാഗ്രത നിർദേശമാണുള്ളത്. മൂന്ന് ദിവസത്തേക്ക് അതിതീവ്ര മഴ മുന്നറിയിപ്പ് കാലാവസ്ഥാ കേന്ദ്രം പുറപ്പെടുവിച്ചതോടെയാണിത്. ഇന്ന് കണ്ണൂർ, കാസർഗോഡ് ജില്ലകളിലും നാളെ കണ്ണൂർ, കാസർഗോഡ് , വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലുമാണ് മുന്നറിയിപ്പ്. മറ്റന്നാൾ 11 ജില്ലകളിൽ റെഡ് അലർട്ടാണ്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ഒഴികെയുള്ള മറ്റ് ജില്ലകളിലാണ് റെഡ് അലർട്ട്. ഇന്ന് കണ്ണൂരും കാസർഗോഡ് ഒഴികെ എല്ലാ ജില്ലകളിലും ഓറഞ്ച് അലർട്ടാണ്.

അതേസമയം, കാസർഗോഡ് ,കണ്ണൂർ,കോഴിക്കോട്,മലപ്പുറം,പാലക്കാട് ഉൾപ്പെടെയുള്ള ജില്ലകളിൽ ഇടവിട്ട് ശക്തമായ മഴ തുടരുകയാണ്. കോഴിക്കോട് ജില്ലാ ദുരന്തനിവാരണ അതോറിറ്റി അടിയന്തര യോഗം ചേര്‍ന്നു. ജില്ലയിലെ മണ്ണിടിച്ചില്‍ സാധ്യതാ പ്രദേശങ്ങളില്‍ നിരീക്ഷണം ശക്തമാക്കാൻ നിർദേശം നൽകി. രാവിലെ മുതൽ പെയ്യുന്ന കനത്ത മഴയിൽ ആലുവ നഗരത്തിന്റെയും പരിസരപ്രദേശങ്ങളിലും ദേശീയപാതയിലും ഉൾപ്പെടെ വെള്ളക്കെട്ട് രൂപപ്പെട്ടു. ആലുവ പ്രൈവറ്റ് ബസ് സ്റ്റാൻഡിന്റെ മുൻവശത്തെ റോഡുകൾ, മാർക്കറ്റ് സർവീസ് റോഡ്, തോട്ടക്കാട്ടുകര, ദേശീയപാതയിൽ കമ്പനിപ്പടി മെട്രോ സ്റ്റേഷൻ സമീപവും വെള്ളക്കെട്ട് രൂപപ്പെട്ടു.

Be the first to comment

Leave a Reply

Your email address will not be published.


*