നാരങ്ങാ വെള്ളം മുതൽ ആം പന്ന വരെ; മഴക്കാല രോഗങ്ങളെ ചെറുക്കാൻ ഈ പാനീയങ്ങൾ കുടിക്കൂ

മഴക്കാലത്ത് ശരീരത്തിന്‍റെ ആരോഗ്യം സംരക്ഷിക്കാൻ പ്രത്യേകം ശ്രദ്ധ ആവശ്യമാണ്. അതിനായി ഭക്ഷണക്രമത്തിൽ ചില മാറ്റങ്ങൾ വരുത്തേണ്ടതുണ്ട്. പ്രതിരോധ ശേഷി വർധിപ്പിക്കാനും അണുബാധകൾ മൂലമുണ്ടാകുന്ന രോഗങ്ങൾ തടയാനും പോഷക സമ്പുഷ്‌ടമായ ഭക്ഷണപാനീയങ്ങൾ നിർണായക പങ്ക് വഹിക്കുന്നു. മഴക്കാലത്തെ പകർച്ചവ്യാധികളെ ചെറുക്കാനും ആരോഗ്യത്തോടെയിരിക്കാനും സഹായിക്കുന്ന ചില പാനീയങ്ങൾ ഏതൊക്കെയെന്ന് പരിചയപ്പെടാം.

നാരങ്ങാ വെള്ളം
ശക്തമായ ആന്‍റി ഓക്‌സിഡന്‍റായ വിറ്റാമിൻ സിയുടെ സമ്പുഷ്‌ട ഉറവിടമാണ് നാരങ്ങ. രോഗപ്രതിരോധ സംവിധാനം മെച്ചപ്പെടുത്താനും അണുബാധകളെ ചെറുക്കാനും ഇത് സഹായിക്കും. ഒരു ഗ്ലാസ് ചൂടുവെള്ളത്തിൽ പകുതി നാരങ്ങയുടെ നീര് ചേർത്ത് കുടിക്കാം. മഴക്കാലത്ത് ശരീരത്തെ ആരോഗ്യത്തോടെ നിലനിർത്താൻ ഈ പാനീയം വളരെയധികം സഹായിക്കും.

തുളസി ചായ
തുളസിയിൽ ആന്‍റി മൈക്രോബയൽ, ആന്‍റി ഇൻഫ്ലമേറ്ററി ഗുണങ്ങൾ ധാരാളം അടങ്ങിയിട്ടുണ്ട്. മഴക്കാലത്ത് ഉണ്ടാകുന്ന അണുബാധയിൽ നിന്ന് ശരീരത്തെ സംരക്ഷിക്കാൻ ദിവസനേ തുളസി ചായ കുടിക്കുന്നത് നല്ലതാണ്.

നെല്ലിക്ക ജ്യൂസ്
മഴക്കാലത്ത് ഡയറ്റിൽ ഉൾപ്പെടുത്തേണ്ട മറ്റൊരു പാനീയമാണ് നെല്ലിക്ക ജ്യൂസ്. വിറ്റാമിൻ സിയുടെ സമ്പന്ന സ്രോതസായ ഇത് രോഗപ്രതിരോധ ശേഷി വർധിപ്പിക്കാൻ വളരെയധികം സഹായിക്കും.

ഇഞ്ചി ചായ
മഴക്കാലത്ത് ഇടയ്ക്കിടെ ഇഞ്ചിച്ചായ കുടിക്കുന്നത് വളരെയധികം ഗുണപ്രദമാണ്. ഇഞ്ചിയിലെ ശക്തമായ ആന്‍റി ഓക്‌സിഡന്‍റ്, ആന്‍റി ഇൻഫ്ലമേറ്ററി ഗുണങ്ങൾ ചില രോഗങ്ങളെ പ്രതിരോധിക്കാനും രോഗപ്രതിരോധ ശേഷി വർധിപ്പിക്കാനും സഹായിക്കും. ജലദോഷം, ചുമ എന്നിവ ഉൾപ്പെടെയുള്ള മഴക്കാല രോഗങ്ങൾ തടയാൻ ഫലപ്രദമാണിത്. ദഹനത്തെ പ്രോത്സാഹിപ്പിക്കുന്ന എൻസൈമുകളുടെ ഉത്പാദനം ഉത്തേജിപ്പിക്കാനും ദഹന പ്രശനങ്ങൾ പരിഹരിക്കാനും മികച്ച പാനീയമാണിത്.

മഞ്ഞൾ വെള്ളം
ആന്‍റി വൈറൽ, ആന്‍റി ബാക്‌ടീരിയൽ, ആന്‍റി ഓക്‌സിഡന്‍റ് ഗുണങ്ങൾ എന്നിവയുടെ മികച്ച സ്രോതസാണ് മഞ്ഞൾ. മഴക്കാലത്ത് മഞ്ഞൾ ചേർത്ത വെള്ളം കുടിക്കുന്നത് അണുബധയ്ക്കുള്ള സാധ്യത കുറയ്ക്കാനും പ്രതിരോധ ശേഷി വർധിപ്പിക്കാനും സഹായിക്കും. ആന്‍റി ഇൻഫ്ലമേറ്ററി ഗുണങ്ങൾ ധാരാളം അടങ്ങിയിട്ടുള്ളതിനാൽ മഴക്കാലത്തുണ്ടാകുന്ന വയറുവേദന, ഐബിഎസ് തുടങ്ങിയ വിവിധ ദഹന പ്രശ്‌നങ്ങൾ അകറ്റാനും മഞ്ഞൾ ഫലം ചെയ്യും.

പുതിന ചായ
ബാക്‌ടീരിയ വിരുദ്ധ ഗുണങ്ങൾ ഉൾപ്പെടെ നിരവധി ആരോഗ്യ ഗുണങ്ങളുള്ള ഒരു പാനീയമാണ് പുതിന ചായ. മഴക്കാല അണുബാധകൾക്കുള്ള സാധ്യത കുറയ്ക്കാൻ ഇത് സഹായിക്കും. മഴക്കാല രോഗങ്ങൾ മൂലമുണ്ടാകുന്ന പേശികളുടെ സങ്കോചങ്ങൾ, വയറുവേദന, കുടൽ സങ്കോചങ്ങൾ എന്നിവ ലഘൂകരിക്കാനും ഇത് ഗുണം ചെയ്യും.

ആം പന്ന
പച്ച മാങ്ങ, പെരുംജീരകം, ജീരകം, ഏലം, കുരുമുളക് എന്നിവ ചേർത്തുണ്ടാക്കുന്ന പാനീയമാണ് ആം പന്ന. ആന്‍റി-ഇൻഫ്ലമേറ്ററി, ആന്‍റി-വൈറൽ, ആന്‍റി-ബാക്‌ടീരിയൽ ഗുണങ്ങൾക്ക് പേരുകേട്ട ഈ പാനീയം മഴക്കാല അണുബാധകൾ, രോഗങ്ങൾ എന്നിവ തടയാനും നിയന്ത്രിക്കാനും ഫലപ്രദമാണ്.

തണ്ണിമത്തൻ ജ്യൂസ്
മഴക്കാലത്ത് ശരീരത്തിന്‍റെ ആരോഗ്യം നിലനിർത്താൻ സഹായിക്കുന്ന മികച്ചൊരു പാനീയമാണ് തണ്ണിമത്തൻ ജ്യൂസ്. ലൈക്കോപീൻ എന്ന ആന്‍റി ഓക്‌സിഡന്‍റുകളുടെ സമ്പന്ന ഉറവിടമായതിനാൽ പ്രതിരോധ സംവിധാനത്തെ മെച്ചപ്പെടുത്താനും മഴക്കാല അണുബാധയ്ക്കുള്ള സാധ്യത കുറയ്ക്കാനും ഇത് സഹായിക്കും. ദഹനത്തെ പിന്തുണയ്ക്കാനും തണ്ണിമത്തൻ ഗുണം ചെയ്യും.

ബട്ടർമിൽക്ക്
കുടലിന്‍റെ പ്രവർത്തനത്തെ പിന്തുണയ്ക്കുന്ന ആരോഗ്യകരമായ ബാക്‌ടീരിയകളുടെ സമ്പന്ന ഉറവിടമാണ് ബട്ടർമിൽക്ക് അഥവാ മോരുംവെള്ളം. മഴക്കാലത്ത് അണുബാധകൾ മൂലമുണ്ടാകുന്ന കുടലിലെ മോശം ബാക്‌ടീരിയകളുടെ വളർച്ച നിയന്ത്രിക്കാൻ ഇത് ഗുണകരമാണ്. ശരീരത്തിൽ ജലാംശം നിലനിർത്താൻ സഹായിക്കുന്നതിനോടൊപ്പം ദഹനത്തെ പിന്തുണയ്ക്കുകയും ചെയ്യും.

Be the first to comment

Leave a Reply

Your email address will not be published.


*