ചിത്രപ്രിയയുടെ തലയിലേക്ക് 22 കിലോ ഭാരമുള്ള കല്ലെടുത്തിട്ടു, മുന്‍പും വധശ്രമം; കൊലപാതക രീതി വിശദീകരിച്ച് അലന്‍

മലയാറ്റൂരില്‍ നിന്ന് കാണാതായി മരിച്ച നിലയില്‍ കണ്ടെത്തിയ ചിത്രപ്രിയ (19)യുടെ മരണത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ആണ്‍സുഹൃത്ത് അലനാണ് കൊലയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ വെളിപ്പെടുത്തിയത്. 22 കിലോ ഭാരമുള്ള കല്ല് തലയ്ക്കിട്ടാണ് പെണ്‍കുട്ടിയുടെ ജീവനെടുത്തത് എന്നാണ് വെളിപ്പെടുത്തല്‍. കൊല നടത്തിയ സ്ഥലത്ത് എത്തിച്ച് നടത്തിയ തെളിവെടുപ്പിനിടെ അലന്‍ കൊലപാതക രീതി പോലീസിനോട് വിശദീകരിച്ചു.

കല്ലുകൊണ്ടുള്ള ആദ്യത്തെ അടിയേറ്റ് ബോധമറ്റ് വീണ ചിത്രപ്രിയയുടെ തലയില്‍ 22 കിലോ ഭാരമുള്ള കല്ല് എടുത്തിടുകയായിരുന്നു എന്നാണ് അലന്‍ വെളിപ്പെടുത്തിയത്. പെണ്‍കുട്ടി മരിച്ചത് തല തകര്‍ന്നാണെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലും വ്യക്തമാക്കിയിരുന്നു. കൊലയ്ക്ക് ഉപയോഗിച്ച കല്ലും സംഭവസ്ഥലത്ത് നിന്ന് കണ്ടെടുത്തിരുന്നു. കുറ്റകൃത്യത്തിന് ശേഷം അലന്‍ വേഷം മാറിയാണ് സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടത്. വസ്ത്രങ്ങളും ഷൂസും വണ്ടിയുമെല്ലാം മാറിയെന്നും പോലീസ് പറഞ്ഞു.

സുഹൃത്ത് എത്തിച്ച ബൈക്കിലാണ് പോയത്. ഇയാളെ രക്ഷപ്പെടാന്‍ സഹായിച്ച സുഹൃത്തിനെക്കുറിച്ചും പോലീസ് അന്വേഷിക്കുന്നുണ്ട്. ചിത്രപ്രിയയെ കൊലപ്പെടുത്താന്‍ മുന്‍പും താന്‍ ശ്രമിച്ചിരുന്നതായും അലന്‍ വെളിപ്പെടുത്തിയതായാണ് വിവരം. ചിത്രപ്രിയയെ നേരത്തേ കാലടി പുഴയിലേക്ക് തള്ളിയിടാന്‍ ശ്രമിച്ചിരുന്നു എന്നാണ് അറിയിച്ചിരിക്കുന്നത്.

ഇക്കഴിഞ്ഞ ഡിസംബര്‍ 9 ന് ആയിരുന്നു മണപ്പാട്ട് ചിറ സെബിയൂര്‍ റോഡിന് സമീപം അഴുകിയ നിലയില്‍ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. ജീര്‍ണിച്ചുതുടങ്ങിയ മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കമുണ്ടായിരുന്നു. മലയാറ്റൂര്‍ മുണ്ടങ്ങാമറ്റം തുരുത്തിപ്പറമ്പില്‍ ഷൈജുവിന്റെയും ഷിനിയുടെയും മകളാണ് ചിത്രപ്രിയ. ബംഗളൂരുവില്‍ ഏവിയേഷന്‍ ഡിഗ്രി പഠിക്കുകയായിരുന്ന ചിത്രപ്രിയ ക്ഷേത്രത്തിലെ ഉത്സവത്തിനാണ് നാട്ടിലെത്തിയത്. വീട്ടില്‍ നിന്നും കടയിലേക്ക് പോകുന്നുവെന്ന് പറഞ്ഞിറങ്ങിയ പെണ്‍കുട്ടിയെ പിന്നീട് കാണാതാവുകയായിരുന്നു. ചിത്രപ്രിയ പിന്നീട് തിരിച്ചുവരാഞ്ഞതിനെ തുടര്‍ന്ന് കുടുംബം കാലടി പോലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് പോലീസ് നടത്തിയ വ്യാപകമായ തെരച്ചിലിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. അലനുമായി അടുപ്പം ഉണ്ടായിരുന്ന ചിത്രപ്രിയക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയമാണ് കൊലയില്‍ കലാശിച്ചതെന്നാണ് നിഗമനം.

Be the first to comment

Leave a Reply

Your email address will not be published.


*