സംസ്ഥാനത്ത് പുരോഗമിക്കുന്ന തീവ്രവോട്ടര്‍പട്ടിക പരിഷ്കരണത്തില്‍ (എസ്എഐആര്‍) ജയില്‍ അന്തേവാസികള്‍ക്ക് പരിഗണനയില്ല. കേരളത്തിലെ വിവിധ ജയിലുകളില്‍ കഴിയുന്ന പതിനായിരത്തില്‍ അധികം തടവുകാർ വോട്ടര്‍ പട്ടികയില്‍ നിന്ന് പുറത്താവും. എസ്ഐആര്‍ മാര്‍ഗ നിര്‍ദേശങ്ങളില്‍ ജയില്‍ അന്തേവാസികളെ പരിഗണിക്കുന്നതിനെ കുറിച്ച് പരാമര്‍ശം ഇല്ലാത്തതാണ് പ്രശ്നത്തിന് കാരണം. ഇക്കാര്യം സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറുടെ ഓഫീസും സ്ഥിരീകരിക്കുന്നുണ്ട്.
തടവുകാരനായി തുടരുന്ന സാഹചര്യത്തില്‍ ജയില്‍ അന്തേവാസികളെ സാധാരണ താമസക്കാര്‍ ( ഓര്‍ഡിനറി റെസിഡന്റ്) എന്ന വിഭാഗത്തില്‍ ഉള്‍പ്പെടുത്താന്‍ കഴിയില്ല എന്നാണ് ഇത് സംബന്ധിച്ച് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ നല്കുന്ന വിശദീകരണം. തടവുകാര്‍ക്ക് ജയില്‍ മോചിതരായ ശേഷം വോട്ടര്‍ പട്ടികയില്‍ പുതിയ വോട്ടറായി ഉള്‍പ്പെടുത്താന്‍ അപേക്ഷ നല്കാന് സാധിക്കും. എന്നാല്‍ വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടാനുള്ള മാനദണ്ഡങ്ങള്‍ ഇലക്ടറല്‍ രജിസ്ട്രേഷന് ഓഫീസര്‍ക്ക് ( ഇആര്‍ഒ) ആയിരിക്കും എന്നാണ് സിഇഒ നല്കുന്ന വിശദീകരണം.
ഒക്ടോബര്‍ 20 വരെയുള്ള കണക്കുകള്‍ പ്രകാരം സംസ്ഥാനത്തെ ജയിലുകളിലായി 10,053 അന്തേവാസികളുണ്ട്. ഇതില്‍ 9802 പുരുഷന്മാരും 251 സ്ത്രീകളുമാണ്. 4,598 റിമാന്‍ഡ് തടവുകാരും, 1130 വിചാരണ തടവുകാരും ഉള്‍പ്പെടുന്നു. 4,004 പേരാണ് ശിക്ഷിക്കപ്പെട്ട് കഴിയുന്നത്.
എസ്ഐആര്‍ മാനദണ്ഡങ്ങള്‍ പ്രകാരം 18 വയസ് പൂര്‍ത്തിയാക്കിയ സംസ്ഥാനത്തെ സാധാരണ താമസക്കാരാണ് വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുക. പട്ടികയില്‍ പേരില്ലാത്തവര്‍ക്ക് മതിയായ രേഖകള്‍ ഉള്‍പ്പെടെ സമര്‍പ്പിച്ച് വോട്ടര്‍പട്ടികയില്‍ ഇടം നേടാനും സാധിക്കും. നിലവിലെ വ്യവസ്ഥകള്‍ പ്രകാരം, എല്ലാ തടവുകാരും എസ്ഐആര്‍ നടപടികളില്‍ നിന്ന് പുറത്താണ്. ‘ഒരാള്‍ ജയിലിലടയ്ക്കപ്പെടുമ്പോള്‍ അവര്‍ക്ക് വോട്ടുചെയ്യാന്‍ അനുവാദമില്ല. എന്നാല്‍, അവരുടെ പേരുകള്‍ വോട്ടര്‍ പട്ടികയില്‍ നിന്ന് നീക്കം ചെയ്യാറില്ല. പക്ഷേ, എസ്ഐആറിലെ സാഹചര്യം വ്യത്യസ്തമാണ് എന്നും ഔദ്യോഗിക വൃത്തങ്ങള്‍ പറയുന്നു.
എന്നാല്‍, തടവുകാരെ എസ്ഐആറിന് പരിഗണിക്കാത്തത് ജനാധിപത്യ അവകാശങ്ങളുടെ നിഷേധമാണെന്ന വിമര്‍ശനവും ശക്തമാണ്. ഒരാള്‍ ജയിലിലാണെങ്കില്‍ പോലും ഒരു തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സാധിക്കുന്ന രാജ്യമാണ് ഇന്ത്യ. ഇത്തരം ഒരു നാട്ടില്‍ തടവുകാരന് എന്നതിന്റെ പേരില്‍ വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്താതിരിരക്കുന്നത് സ്വാഭാവിക നീതിയുടെ നിഷേധമാണെന്ന് എഴുത്തുകാരനും സാമൂഹിക പ്രവര്‍ത്തകനുമായ എം എന്‍ കാരശ്ശേരി ഉള്‍പ്പെടെ ചൂണ്ടിക്കാട്ടുന്നു.



Be the first to comment