‘പുറത്തെടുക്കുമ്പോള്‍ മോന് ജീവനുണ്ടായിരുന്നു, പക്ഷേ വണ്ടി കിട്ടിയില്ല’; അട്ടപ്പാടിയില്‍ വീടിന്റെ ചുമരിടിഞ്ഞ് മരിച്ച കുട്ടികളുടെ അമ്മ ദേവി

പാലക്കാട് അട്ടപ്പാടിയില്‍ പണി കഴിഞ്ഞിട്ടില്ലാത്ത വീടിന്റെ ചുവരിടിഞ്ഞ് കുട്ടികള്‍ മരിച്ച സംഭവത്തില്‍ ഗുരുതര ആരോപണവുമായി കുടുംബം. കുട്ടികളെ ആശുപത്രിയിലെത്തിക്കാന്‍ വാഹനം കിട്ടിയില്ലെന്നും ആശുപത്രിയിലേക്ക് ബൈക്കിലാണ് പോയതെന്നും കുട്ടികളുടെ അമ്മ പറഞ്ഞു. നേരത്തെ ആശുപത്രിയിലെത്തിച്ചിരുന്നെങ്കില്‍ തന്റെ കുഞ്ഞുങ്ങളുടെ ജീവന്‍ രക്ഷിക്കാമായിരുന്നു.

കുട്ടികളെ പുറത്തെടുക്കുമ്പോള്‍ അവര്‍ക്ക് അനക്കമുണ്ടായിരുന്നുവെന്നും വണ്ടി കിട്ടാന്‍ വൈകിയെന്നുമാണ് നിറകണ്ണുകളോടെ ദേവി പറയുന്നത്. കുഞ്ഞുങ്ങള്‍ ആ സമയത്തൊക്കെയും സംസാരിക്കാനായി വായനക്കുന്നുണ്ടായിരുന്നു. പെട്ടെന്ന് വണ്ടി കിട്ടിയിരുന്നെങ്കില്‍ ഒരു പക്ഷേ അവര്‍ രക്ഷപ്പെട്ടേനെയെന്ന് അമ്മ പറഞ്ഞു. അതേസമയം അപകടത്തിന് കാരണം ഐടിഡിപിയുടെ അനാസ്ഥയെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം. അട്ടപ്പാടിയില്‍ എണ്ണൂറോളം വീടുകളാണ് ഇങ്ങനെ പാതി പണി മാത്രം കഴിഞ്ഞ് കിടക്കുന്നതെന്നും അപകടം സര്‍ക്കാര്‍ സംവിധാനങ്ങളുടെ വീഴ്ചയാണെന്നും കോണ്‍ഗ്രസ് ആരോപിച്ചു.

പണി കഴിഞ്ഞിട്ടില്ലാത്ത വീട് ഇടിഞ്ഞ് സഹോദരങ്ങളായ ഏഴുവയസുകാരന്‍ ആദി, നാലുവയസുകാരനായ അജ്നേഷ് എന്നിവരാണ് ഇന്നലെ മരിച്ചത്. 2016 വീടുപണി നിര്‍ത്തിവെച്ചത് ആയിരുന്നു. ആള്‍താമസം ഇല്ലാത്ത വീട്ടില്‍ കുട്ടികള്‍ കളിക്കാന്‍ എത്തിയതിനിടെയാണ് അപകടമുണ്ടായത്. ഈ കുട്ടികള്‍ക്കൊപ്പം കളിക്കാനെത്തിയ മറ്റൊരു കുട്ടിക്കും അപകടത്തില്‍ പരുക്കേറ്റിരുന്നു. കുട്ടി ചികിത്സയില്‍ കഴിയുകയാണ്.

Be the first to comment

Leave a Reply

Your email address will not be published.


*