പാലക്കാട് ഒമ്പത് വയസുകാരിയുടെ വലത് കൈ മുറിച്ച് മാറ്റിയ സംഭവത്തിൽ ആരോഗ്യമന്ത്രിക്കെതിരെ കുട്ടിയുടെ അമ്മ. എല്ലാവിഷയത്തിലും ഇടപെടുന്ന ആരോഗ്യമന്ത്രി വീണാ ജോർജ് കുഞ്ഞിന്റെ കൈ മുറിച്ചുമാറ്റേണ്ട അവസ്ഥയുണ്ടായിട്ടും വിളിക്കുകയോ അന്വേഷിക്കുകയോ ചെയ്തില്ല. ഷാഫി പറമ്പിൽ എംപി ഉൾപ്പടെയുള്ളവർ തങ്ങളെ വിളിച്ചുസംസാരിച്ചു നേരിൽ വന്നുകണ്ടു എന്നിട്ടും ഇത്ര വലിയ ചികിത്സാ പിഴവ് ഉണ്ടായിട്ടുപോലും മന്ത്രി മാത്രം വിളിച്ചുസംസാരിച്ചിട്ടില്ലെന്നും കുട്ടിയുടെ അമ്മ പ്രസീത പറഞ്ഞു.
വിശദമായ അന്വേഷണം വേണമെന്ന് മാത്രമാണ് മന്ത്രി ആവശ്യപ്പെട്ടത്. കുട്ടിക്ക് ചികിത്സസഹായം ഉറപ്പാക്കണമെന്നും അമ്മ പറഞ്ഞു. അതേസമയം, പാലക്കാട് ജില്ലാ ആശുപത്രിയിൽ കൃത്യമായ ചികിത്സ നൽകിയില്ലെന്ന നിലപാടിൽ ഇപ്പോഴും ഉറച്ചുനിൽക്കുന്നുവെന്നും കുട്ടിയുടെ അമ്മ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട വ്യക്തമായ റിപ്പോർട്ട് പുറത്തുവരികയും ചെയ്തിരുന്നു.കുട്ടിയ്ക്ക് ആന്റിബയോട്ടിക്ക് നൽകുകയോ ബി പി ചെക്ക് ചെയ്യാനോ ഡോക്ടർമാർ തയ്യാറായിരുന്നില്ല. പരുക്കേറ്റ രണ്ടാം ദിവസം തന്നെ കുട്ടിയ്ക്കു വേദന ഉണ്ടായിരുന്നു.ഡോക്ടേഴ്സ് കൈവിരലുകൾ അനക്കി നോക്കിയിട്ടില്ല. ഡോക്ടർമാർ പരസ്പരം സംരക്ഷണയൊരുക്കുകയാണ്. കുട്ടിയ്ക്ക് വലിയ വേദന വന്ന സമയത്ത് ആശുപത്രിയിൽ എത്തിയപ്പോൾ 5 ദിവസം കഴിഞ്ഞ് വന്നാൽ മതിയെന്നാണ് ഡോക്ടർമാർ പറഞ്ഞത്. 3 ഗുളികകൾ മാത്രമാണ് നൽകിയിരുന്നത്. 30 -ാംതീയതി ആയപ്പോഴേക്കും കുട്ടിയുടെ കൈയിൽ പഴുപ്പ് വന്നിരുന്നു. പിന്നീട് കോഴിക്കോട് മെഡിക്കൽ കോളജിൽ എത്തിച്ചപ്പോഴാണ് സ്ഥിതി ഗുരുതരമാണെന്നും കൈ മുറിച്ചു മാറ്റണം എന്നും പറയുന്നത്.
പാലക്കാട് പല്ലശ്ശന സ്വദേശിയായ ഒമ്പത് വയസുകാരിയുടെ വലതു കൈയാണ് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ വെച്ച് മുറിച്ചു മാറ്റിയത്. ആശുപത്രിയിൽ ഇപ്പോഴും ചികിത്സയിൽ തുടരുകയാണ് വിനോദിനി.



Be the first to comment