
കുഞ്ഞിന്റെ പോഷകപരമായ ആവശ്യങ്ങളെല്ലാം നിറവേറ്റാൻ പ്രകൃതിദത്തമായി തന്നെ അമ്മയ്ക്ക് നൽകപ്പെടുന്നതാണ് മുലപ്പാൽ. അവശ്യ പ്രോട്ടീനുകൾ, കൊഴുപ്പ്, വൈറ്റമിനുകൾ, ആന്റിബോഡികൾ എന്നിവയെല്ലാം അതിലുണ്ട്. കുഞ്ഞ് ജനിച്ച് ആദ്യ ദിവസങ്ങളിൽ ഉണ്ടാകുന്ന മുലപ്പാലായ കൊളോസ്ട്രോം പ്രോട്ടീനുകളും ഇമ്മ്യൂണോഗ്ലോബുലിനുകളും നിറഞ്ഞതാണ്. കുഞ്ഞിന്റെ പ്രതിരോധശേഷി വളർത്താൻ ഇത് സഹായിക്കും.
കുഞ്ഞിന് എത്ര നാൾ പാൽ കൊടുക്കേണ്ടതുണ്ടെന്ന കാര്യത്തിൽ പലരും പലവിധ അഭിപ്രായമുണ്ട്. ആദ്യത്തെ ആറുമാസം കുഞ്ഞിന് മുലപ്പാൽ മാത്രമെ കൊടുക്കാവൂ. കുഞ്ഞിന് രണ്ടു വയസു വരെ പാലു കൊടുക്കുന്നത് നല്ലതാണെന്ന് ആരോഗ്യവിദഗ്ധർ പറയുന്നു. ഇതിന് ശേഷവും ഇഷ്ടമുള്ളിടത്തോളം കുഞ്ഞിന് പാൽ കൊടുക്കാം. മുലയൂട്ടുമ്പോൾ കുഞ്ഞിനെ ശരിയായ രീതിയിൽ പിടിക്കേണ്ടത് അത്യാവശ്യമാണ്. ഇരുന്നു കൊണ്ടും കിടന്നു കൊണ്ടും പാലൂട്ടാൻ സാധിക്കും. എന്നാൽ ഇരുന്നു പാൽ കൊടുക്കുന്നതാണ് കൂടുതൽ സുരക്ഷിതം. കിടന്നു പാൽ കൊടുക്കുമ്പോൾ കുഞ്ഞിന്റെ ശിരസിൽ പാൽ കയറി ശ്വാസം മുട്ടൽ വരാനുള്ള സാധ്യത കൂടുതലാണ്.
മുലയൂട്ടുമ്പോൾ ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട കാര്യങ്ങൾ:
കുഞ്ഞിന് പാൽ കൊടുക്കുമ്പോൾ കസേരയിൽ തലയിണ വച്ച് ചാരിയിരിക്കാം. മുലക്കണ്ണ് മാത്രമല്ല, ചുറ്റമുമുള്ള ബ്രൗൺ നിറത്തിലുള്ള ഭാഗവും കുഞ്ഞിന്റെ വായിൽ കിട്ടണം. അല്ലാത്തപക്ഷം അമ്മയ്ക്ക് വേദന, പുകച്ചിൽ എന്നിവയുണ്ടാകാം. അകത്തേക്ക് വലിഞ്ഞിരിക്കുന്ന മുലക്കണ്ണുള്ള അമ്മമാർ നിപ്പിൾ പുള്ളർ ഉപയോഗിച്ച് വേണം കുഞ്ഞിന് പാൽ കൊടുക്കാൻ. കുട്ടിയുടെ തലയും ശരീരവും ഒരേ ലൈനിൽ വരുന്ന രീതിയിൽ കിടത്തി, കുഞ്ഞിന്റെ വയറ് അമ്മയുടെ ശരീരത്തിൽ ചേർന്നിരിക്കുന്ന തരത്തിൽ വേണം മുലപ്പാൽ നൽകാൻ. ഒരു മുലയിലെ പാൽ മുഴുവനായി കൊടുത്തതിനു ശേഷം അടുത്ത വശത്തേക്ക് പോകുന്നതാണ് നല്ലതെന്ന് ആരോഗ്യവിദഗ്ധർ പറയുന്നു.
ഒരു കാരണവശാലും കുഞ്ഞ് ഉറങ്ങി കിടക്കുമ്പോൾ മുലയൂട്ടരുത്. മുലയൂട്ടി കഴിഞ്ഞാൽ തോളിൽ കിടത്തി പുറത്ത് കൈകൊണ്ടു തട്ടി ഉള്ളിലുള്ള വായു കളയണം. കുഞ്ഞിനു ശ്വാസതടസ്സമുണ്ടാകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. മുലപ്പാൽ നന്നായി ലഭിക്കുന്ന കുഞ്ഞിന് വേറെ വെള്ളം നൽകേണ്ട ആവശ്യമില്ല. എന്നാൽ മുലയൂട്ടുന്ന അമ്മ ധാരാളം വെള്ളം കുടിക്കേണ്ട ആവശ്യമുണ്ട്. അമ്മയുടെ മാനസികാവസ്ഥയിലെ മാറ്റങ്ങൾ പാലുല്പാദനത്തിന് തടസ്സമായേക്കാം. അതിനാൽ ശാന്തമായ അന്തരീക്ഷം പാലൂട്ടുന്ന വ്യക്തിക്ക് അത്യാവശ്യമാണ്. മുലയൂട്ടുന്ന അമ്മമാർ പോഷകഗുണമുള്ള ഭക്ഷണങ്ങൾ കഴിക്കുക. ധാന്യങ്ങൾ, പയറുവർഗ്ഗങ്ങൾ, ഇലക്കറികൾ, നാരുകൾ എന്നിവ ആഹാരത്തിൽ ഉൾപ്പെടുത്തുക.
Be the first to comment