അമേരിക്കയിലെ 41 ദിവസം നീണ്ടുനിന്ന ഷട്ട് ഡൗണ്‍ അവസാനിപ്പിക്കാനുള്ള അന്തിമനീക്കങ്ങള്‍ തുടരുന്നു. സെനറ്റില്‍ പാസായ ധനാനുമതി ബില്‍ ഇന്ന് ജനപ്രതിനിധിസഭയില്‍ അവതരിപ്പിക്കും. ബില്ലില്‍ പ്രസിഡന്റ് ഒപ്പുവയ്ക്കുന്നതോടെ 41 ദിവസം നീണ്ടുനിന്ന സര്‍ക്കാര്‍ സേവനങ്ങളുടെ അടച്ചുപൂട്ടലിന് വിരാമമാകും.
അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ അടച്ചുപൂട്ടലിനാണ് വിരാമമാകുന്നത്. ഇന്നലെ മുതല്‍ നിരവധി യുഎസ് ജനപ്രതിനിധികള്‍ വാഷിങ്ടണിലേക്ക് അവരുടെ സ്വദേശങ്ങളില്‍ നിന്നെല്ലാം മടങ്ങി വന്നു തുടങ്ങി.
നൂറംഗ സെനറ്റില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് 53 അംഗങ്ങളുണ്ട്. ധനാനുമതി ബില്‍ പാസാകാന്‍ 60 വോട്ടുകള്‍ ആവശ്യമായിരുന്നു. ഇന്നലെ സെനറ്റില്‍ നടന്ന വോട്ടെടുപ്പില്‍ എട്ട് ഡെമോക്രാറ്റുകള്‍ മറുപക്ഷത്തോടൊപ്പം ഒരുമിച്ചതോടെ ഈ ബില്ല് പാസാക്കാനായി. 60 – 40 എന്ന നിലയിലാണ് അടച്ചുപൂട്ടല്‍ അവസാനിപ്പിക്കാനുള്ള ധന അനുമതി ബില്ല് പാസായത്. 40 ഡെമോക്രാറ്റുകള്‍ എതിര്‍ത്തു.
ഇനി രണ്ട് നടപടിക്രമങ്ങളാണ് ഷട്ട്ഡൗണ്‍ അവസാനിപ്പിക്കുന്നതിനുള്ളത്. ജനപ്രതിനിധി സഭയില്‍ ഇന്ന് ധനാനുമതി ബില്ല് വോട്ടിനിടും. റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് നേരിയ ഭൂരിപക്ഷമുള്ള ജനപ്രതിനിധി സഭയില്‍ ഇത് പാസാകാനാണ് സാധ്യത. തുടര്‍ന്ന് വൈറ്റ് ഹൗസിലേക്കെത്തും. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഒപ്പുവെക്കണം. പ്രസിഡന്റ് ഒപ്പുവച്ചാല്‍ ഷട്ട്ഡൗണ്‍ അവസാനിച്ചുവെന്ന് ഔദ്യോഗികമായി പറയാന്‍ സാധിക്കും.
ബില്ലില്‍ പ്രധാനപ്പെട്ട മൂന്ന് കാര്യങ്ങളാണുള്ളത്. ഷട്ട് ഡൗണ്‍ സമയത്ത് വൈറ്റ് ഹൗസ് പ്രഖ്യാപിച്ച കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ കൂട്ടപ്പിരിച്ചുവിടല്‍ മവിപ്പിക്കാനുള്ള ധാരണ ബില്ലിലുണ്ട്. ഷൗട്ട്ഡൗണ്‍ സമയത്തുള്ള ജീവനക്കാരുടെ ശമ്പളം മുന്‍കാല പ്രാബല്യത്തോടെ നല്‍കാനുള്ള ധാരണയും ബില്ലിലുണ്ട്. ജനപ്രതിനിധികളുടെ സുരക്ഷ വര്‍ധിപ്പിക്കാന്‍ ഏകദേശം 250 മില്യണ്‍ ഡോളറിന്റെ പുതിയ വകയിരുത്തലും ബില്ലിലുണ്ട്. എന്നാല്‍, ആരോഗ്യ ഇന്‍ഷുറന്‍സ് നികുതി ഇളവുകള്‍ ഉള്‍പ്പെടുത്തണമെന്ന ഡെമോക്രാറ്റുകളുടെ ആവശ്യം ബില്ലില്‍ ഇല്ല. അതുകൊണ്ട് തന്നെ സെനറ്റില്‍ അനുകൂലിച്ച 8 ഡെമോക്രാറ്റുകള്‍ക്കെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്.



Be the first to comment