
വിജിലന്‍സിനെ വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കാന്‍ നീക്കം. വിജലന്‍സ് ഡയറക്ടര്‍ ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് നല്കിയ കത്ത് പുറത്ത്. ഫയല്‍ നിയമ വകുപ്പിന്റെ പരിഗണനയിലാണ്.
വിജിലന്‍സിലെ അതീവ രഹസ്യ ഫയലുകള്‍ കൈകാര്യം ചെയ്തതിരുന്ന T സെക്ഷനെ മുന്‍പ് വിവരാവകാശ നിയമത്തില്‍ നിന്ന് ഒഴിവാക്കിയിരുന്നു. എന്നാല്‍ ഇപ്പോള്‍ ടോപ്പ് സീക്രട്ട് സെക്ഷനായ T വിഭാഗം നിലവിലില്ല. ഇതോടെ അതീവ രഹസ്യ ഫയലുകളെല്ലാം വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ ഉള്‍പ്പെട്ടുവെന്നാണ് വിജിലന്‍സ് ഡയറക്ടറുടെ വാദം.
ജനുവരി 11 നാണ് വിജിലന്‍സിനെ വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് വിജിലന്‍സ് ഡയറക്ടര്‍ കത്ത് നല്‍കിയത്. സ്പ്യെഷ്യല്‍ ബ്രാഞ്ച്, ക്രൈംബ്രാഞ്ച് ,ക്രൈം റിക്കോര്‍ഡ്സ് ബ്യൂറോ എന്നിവയെ സര്‍ക്കാര്‍ നേരത്തെ വിവരാവകാശ നിയമത്തിലെ സെക്ഷന്‍ 24 (4) പ്രകാരം വിവരങ്ങള്‍ നല്കുന്നതില് നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതേ ഉത്തരവുകള്‍ അടിസ്ഥാനമാക്കി വിജിലന്‍സിനേയും വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കാനാണ് നീക്കം. നിയമവകുപ്പിന്റെ പരിശോധനയ്ക്ക് ശേഷം സര്‍ക്കാര്‍ ഇക്കാര്യത്തില്‍ തീരുമാനം എടുക്കും. വിവരാവകാശ കമ്മീഷനോട് അഭിപ്രായം തേടാന്‍ സാധ്യതയില്ലെന്നാണ് വിവരം.
Be the first to comment