ഉണ്ണികൃഷ്ണൻ പോറ്റിയുടെ ശബരിമലയിലെ ദുരൂഹ ഇടപാടുകളുടെ കൂടുതൽ തെളിവുകൾ പുറത്ത്. 2019 മാർച്ചിൽ കട്ടിള സ്വർണം പൂശുന്നതിന് ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൈമാറണമെന്ന ഉത്തരവ് ലഭിച്ചു. കട്ടിളയുടെ ചെമ്പ് പാളികൾ സ്വർണ്ണം പൂശാൻ ഉണ്ണികൃഷ്ണൻ പോറ്റിയ്ക്ക് കൈമാറുന്നുവെന്ന് ഉത്തരവിൽ രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാൽ 1999ൽ തന്നെ വിജയ് മല്ല്യ ഈ കട്ടിളയിൽ സ്വർണം പൂശിയെന്നാണ് സെന്തിൽനാഥ് ഉൾപ്പെടെയുള്ളവരുടെ പ്രതികരണം.
കട്ടിളകളിൽ നേരത്തെ സ്വർണം പൂശിയിരുന്നില്ല എന്ന് സൂചിപ്പിക്കുന്നതാണ് 2019ലെ ദേവസ്വം ബോർഡിന്റെ ഉത്തരവ്. ശബരിമലയിലെ സ്വർണക്കടത്ത് ദ്വാരപാലക ശില്പങ്ങളുടെ പാളിയിലൂടെ മാത്രമല്ല കട്ടിളയുടെ പാളികളിലൂടെയും നടന്നതായി വെളിപ്പെടുത്തുന്നതാണ് ഈ ഉത്തരവ്. 1999ൽ സ്വർണം പൂശിയ കട്ടിളയടക്കമുള്ള അനുബന്ധ ഭാഗങ്ങൾ പിന്നീട് ചെമ്പ് പാളിയെന്ന് രേഖപ്പെടുത്തിയാണ് വീണ്ടും സ്വർണം പൂശാൻ അനുമതി നൽകുന്നത്. 1999ൽ പൂശിയ സ്വർണം എവിടെ പോയെന്നതാണ് സംശയം ഉയർത്തുന്നത്.



Be the first to comment