എറണാകുളം: കേരള തീരത്തെ എംഎസ്‌സി എൽസ 3 കപ്പൽ അപകടത്തിൽ കേന്ദ്ര സർക്കാരിനോട് ചോദ്യങ്ങളുന്നയിച്ച് ഹൈക്കോടതി. കപ്പല്‍ അപകടത്തിന് ശേഷം ഇതുവരെ എന്താണ് ചെയ്‌തതെന്നും, കണ്ടെയ്‌നറുകൾ മാറ്റാനുള്ള നടപടികൾ സ്വീകരിച്ചോയെന്നും കോടതി ചോദിച്ചു.
12 നോട്ടിക്കൽ മൈൽ അപ്പുറത്ത് നടന്ന കാര്യമാണ്. കേന്ദ്ര സർക്കാരിനാണ് വിഷയത്തിൽ മറുപടി പറയാൻ സാധിക്കുക. ഒരു കപ്പൽ അപകടം ഉണ്ടായാൽ സ്വീകരിക്കുന്ന പ്രോട്ടോകോൾ എന്തെന്നും ജസ്റ്റിസുമാരായ രാജ വിജയരാഘവൻ, കെവി ജയകുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് കേന്ദ്ര സർക്കാരിനോട് ചോദിച്ചു.
കോൺഗ്രസ് നേതാവ് ടിഎൻ പ്രതാപൻ നൽകിയ പൊതുതാത്‌പര്യ ഹർജിയാണ് ഹൈക്കോടതി പരിഗണിച്ചത് . വിഷയത്തിൽ ഇതുവരെ സ്വീകരിച്ച നടപടികളടക്കം വിശദമായ സത്യവാങ്മൂലം സമർപ്പിക്കാൻ കേന്ദ്ര, സംസ്ഥാന സർക്കാരുകളോട് കോടതി നിർദേശിച്ചു.
എംഎസ്‌സി എൽസ3 കപ്പലപകടത്തെ തുടർന്ന് പുറം കടലിൽ കണ്ടെയ്‌നറുകൾ ഒഴുകി നടന്ന് മത്സ്യത്തൊഴിലാളികളുടെ വലകളും മറ്റും നശിക്കുന്ന സാഹചര്യമടക്കം ചൂണ്ടിക്കാട്ടിയായിരുന്നു ഹർജി.
എംഎസ് സി എല്‍സ 3 അപകടം
2025 മെയ് 24നാണ് എംഎസ്‌സി എൽസ3 ചരക്കുകപ്പല്‍ അപകടത്തില്‍പ്പെട്ടത്. കേരള തീരത്തുനിന്ന് 38 നോട്ടിക്കല്‍ മൈല്‍ അകലെ ആയിരുന്നു കപ്പല്‍ അപകടം. കണ്ടെയ്‌നറുകൾ ഒഴുകി നടന്ന് മത്സ്യത്തൊഴിലാളികള്‍ക്കടക്കം പ്രതിസന്ധി സൃഷ്‌ടിച്ചിരുന്നു. രാസമാലിന്യങ്ങള്‍ അടങ്ങിയ കണ്ടെയ്‌നറുകള്‍ കടലില്‍ ഒഴുകി പലയിടങ്ങളിലായി അടിയുകയും ചെയ്‌തിരുന്നു.
തുടര്‍ന്ന് കപ്പൽ മുങ്ങിയ സംഭവത്തിൽ കപ്പല്‍ ഉടമകളായ മെഡിറ്ററേനിയന്‍ ഷിപ്പിങ് കമ്പനിയോട് 1200 കോടി രൂപ കെട്ടിവയ്ക്കണമെന്ന് ഹൈക്കോടതി ഇടക്കാല ഉത്തരവിട്ടു. 136 കോടി രൂപ മാത്രമാണ് നാശനഷ്‌ടം സംഭവിച്ചിട്ടുള്ളത്. അതിനാല്‍ ഇത്രയും വലിയ തുക കെട്ടിവെക്കാന്‍ സാധിക്കില്ലെന്നായിരുന്നു കപ്പല്‍ കമ്പനി ആദ്യം മുതല്‍ സ്വീകരിച്ച നിലപാട്.
തുക കെട്ടിവെച്ചില്ലെങ്കില്‍ വിഴിഞ്ഞത്ത് നങ്കൂരമിട്ടിരിക്കുന്ന, കമ്പനിയുടെ മറ്റൊരു ചരക്കുകപ്പലായ എംഎസ് സി അക്വിറ്റേറ്റ-2 അറസ്റ്റ് ചെയ്‌തു തടഞ്ഞുവയ്‌ക്കാന്‍ ഹൈക്കോടതി നിര്‍ദേശം നല്‍കി. സെപ്‌തംബര്‍ മുതല്‍ അക്വിറ്റേറ്റ വിഴിഞ്ഞത്തു തുടരുകയായിരുന്നു.
ഇതേത്തുടര്‍ന്ന് കപ്പല്‍ കമ്പനി കരുതല്‍ പണമായി 1227.62 കോടി രൂപ കെട്ടിവെച്ചു. തുക കെട്ടിവെച്ചതിനെത്തുടര്‍ന്ന് വിഴിഞ്ഞത്ത് അറസ്റ്റ് ചെയ്‌ത് സൂക്ഷിച്ചിരുന്ന എംഎസ് സി അക്വിറ്റേറ്റ-2 എന്ന കപ്പല്‍ വിട്ടയക്കുകയും ചെയ്‌തിരുന്നു. തൂത്തുക്കുടി, വിഴിഞ്ഞം, കൊച്ചി, മംഗളൂരു കടൽമാർഗം സർവീസ് നടത്തുന്ന എംഎസ്‌സി എൽസ3 ൽ 643 കണ്ടെയ്‌നറുകളായിരുന്നു ഉണ്ടായിരുന്നത്.



Be the first to comment