എംഎസ്‌സി കപ്പൽ പൂർണമായി കടലിൽ നിന്ന് ഉയർത്തൽ ശ്രമകരം; ദൗത്യം ഒരു വർഷത്തോളം നീളും

കേരള തീരത്ത് മുങ്ങിയ എംഎസ്‍സി എൽസ 3 കപ്പൽ പൂർണമായും ഉയർത്താനുള്ള ദൗത്യം എളുപ്പമല്ലെന്ന് കമ്പനി. ദൗത്യം ഒരു വർഷത്തോളം നീളുമെന്ന് കമ്പനി അറിയിച്ചു. കപ്പലിനുള്ളിലെ എണ്ണ നീക്കം ചെയ്യൽ തുടരുകയാണ്. ഇത് 10 ദിവസത്തിനകം പൂർത്തിയാക്കുമെന്നും കമ്പനി അറിയിച്ചു. തോട്ടപ്പിള്ളി സ്പിൽവേയിൽ നിന്ന് 14.3 നോട്ടിക്കൽ മൈൽ അകലെയാണ് എംഎസ്‍സി എൽസ 3 കപ്പൽ മുങ്ങിക്കിടക്കുന്നത്.

സംസ്ഥാന സർക്കാർ ആവശ്യപ്പെട്ട നഷ്ടപരിഹാര തുക നൽകാനാവില്ലെന്ന നിലപാടിൽ മെഡിറ്ററേനിയൻ കപ്പൽ കമ്പനി നിലപാട് മാറ്റിയിട്ടില്ല. കപ്പലപകടം കാരണം സമുദ്ര പരിസ്ഥിതിക്ക് നാശമുണ്ടായിട്ടില്ല. അഡ്മിറാലിറ്റി സ്യൂട്ട് നൽകാൻ സംസ്ഥാന സർക്കാരിന് അധികാരമില്ല. കപ്പലപകടം സംഭവിച്ചത് സംസ്ഥാനത്തിൻ്റെ സമുദ്ര അധികാര പരിധിക്ക് പുറത്താണ്, മത്സ്യബന്ധന നിരോധനം ഏർപ്പെടുത്താൻ കേന്ദ്ര സർക്കാരിനാണ് അധികാരം തുടങ്ങിയ കാര്യങ്ങളാണ് മെഡിറ്ററേനിയൻ ഷിപ്പിങ് കമ്പനി കോടതിയിൽ വ്യക്തമാക്കിയിട്ടുള്ളത്.

മെയ് 24 നാണ് എംഎസ്‌സി എൽസ 3 കപ്പൽ അപകടത്തിൽപ്പെട്ടത്. കപ്പൽ അപകടത്തില്‍ ഫോർട്ട് കൊച്ചി കോസ്റ്റൽ പോലീസ് കേസെടുത്തിട്ടുണ്ട്. എംഎസ്‌സി എൽസ 3 കണ്ടെയ്‌നർ കപ്പൽ ഉടമയാണ് കേസിലെ ഒന്നാം പ്രതി. ഷിപ്പ് മാസ്റ്റർ രണ്ടാം പ്രതിയും ഷിപ്പിംഗ് ക്രൂ മൂന്നാം പ്രതിയുമായാണ് കേസ്. മനുഷ്യജീവന് അപകടം ഉണ്ടാക്കും വിധം ചരക്ക് കപ്പൽ കൈകാര്യം ചെയ്തു എന്ന നിലയിലാണ് കേസ് എടുത്തിട്ടുള്ളത്.

Be the first to comment

Leave a Reply

Your email address will not be published.


*