കണ്ണൂരിലും കലോത്സവത്തിനിടെ അധ്യാപകരുടെ പലസ്തീന്‍ വിരോധം. ‘ഫ്രീ പലസ്തീന്‍’ ടീ ഷര്‍ട്ട് ധരിച്ചുള്ള കോല്‍ക്കളി തടഞ്ഞെന്ന് ആരോപിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിക്ക് എംഎസ്എഫ് പരാതി നല്‍കി. കണ്ണൂര്‍ അഞ്ചരക്കണ്ടി എച്ച്എസ്എസിലെ അധ്യാപകർക്കെതിരെയാണ് എംഎസ്എഫ് പരാതി നല്‍കിയത്.
ഒഴാഴ്ച മുന്‍പാണ് പരാതിക്കാസ്പദമായ സംഭവം നടന്നത്. പലസ്തീനെ മോചിപ്പിക്കുകയെന്ന് എഴുതിയ ടീ ഷര്‍ട്ട് ധരിച്ചായിരുന്നു കോല്‍ക്കളി സംഘം വേദിയിലെത്തിയത്. എന്നാല്‍ മത്സരം തുടങ്ങിയ ഉടന്‍ അധ്യാപകർ വേദിയില്‍ കയറി കര്‍ട്ടന്‍ ഇട്ടുവെന്നാണ് പരാതി. അധ്യാപകർക്കെതിരെ നടപടി ആവശ്യപ്പെട്ടാണ് എംഎസ്എഫ് വിദ്യാഭ്യാസ മന്ത്രിക്ക് പരാതി നല്‍കിയത്.
കാസര്‍കോട് കുമ്പളയില്‍ പലസ്തീന്‍ വിഷയവുമായി ബന്ധപ്പെട്ട് കലോത്സവത്തില്‍ മൈം അവതരിപ്പിക്കുന്നതിനിടെ അധ്യാപകര്‍ കര്‍ട്ടനിട്ടത് വിവാദമായിരുന്നു. അധ്യാപകരില്‍ ഒരാള്‍ സിപിഐയുടെ എകെഎസ്ടിയു സംഘടനയിലെ അംഗവും മറ്റൊരാള്‍ സംഘപരിവാര്‍ അനുകൂല ട്രേഡ് യൂണിയനായ ദേശീയ അധ്യാപക പരിഷത്ത് അംഗവുമാണ്.
കലോത്സവ മാനുവലിന് വിരുദ്ധമായത് കൊണ്ടാണ് മൈം തടസ്സപ്പെടുത്തിയതെന്നാണ് അധ്യാപകരുടെ വാദം. മൈം നടത്തുന്നതിനായുള്ള നിബന്ധനങ്ങള്‍ക്ക് അതീതമായാണ് അവതരണം നടന്നതെന്നും അനുവദനീയമായതില്‍ അധികം പേര്‍ സ്റ്റേജില്‍ കയറിയെന്നുമാണ് ഇവരുടെ വിശദീകരണം. അധ്യാപകരെ അനുകൂലിക്കുന്ന റിപ്പോര്‍ട്ടാണ് ഡിഡിഇ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് നല്‍കിയത്. അതേസമയം പ്രശ്നത്തെ തുടര്‍ന്ന് നിര്‍ത്തിവെച്ച കലോത്സവം തിങ്കളാഴ്ച നടത്തും. അധ്യാപകര്‍ തടസപ്പെടുത്തിയ മൈം ഷോയും അവതരിപ്പിക്കും.



Be the first to comment