‘എൽഡിഎഫ് വിരുദ്ധ വികാരത്തിന്റെ ഗുണം കൂടുതൽ കിട്ടിയത് യുഡിഎഫിന്; ബിജെപി നേട്ടം ഉണ്ടാക്കി’; എംടി രമേശ്

തദ്ദേശ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് നേട്ടം ഉണ്ടായെന്ന് ബിജെപി ജനറൽ സെക്രട്ടറി എംടി രമേശ്. 2020നേക്കാൾ നേട്ടം ഇത്തവണ ഉണ്ടാക്കി. പഞ്ചായത്തുകളുടെ എണ്ണം കൂട്ടിയെന്ന് അദേഹം പറഞ്ഞു. അതേസമയം എൽഡിഎഫ് വിരുദ്ധ വികാരത്തിന്റെ ഗുണം കൂടുതൽ കിട്ടിയത് യുഡിഎഫിനാണെന്നും ഈ വികാരത്തിനു ഇടയിലും ബിജെപിക്ക് നേട്ടം ഉണ്ടായി എന്ന് എംടി രമേശ് പറഞ്ഞു.

ബിജെപിയെ തോൽപ്പിക്കാൻ മൂവായിരത്തിലധികം വാർഡുകളിൽ യുഡിഎഫ്-എൽഡിഎഫ് ഒന്നിച്ചു നിന്നു. പന്തളം മുനിസിപ്പാലിറ്റിയിൽ ഉൾപ്പെടെ പരസ്പരം സഹായിച്ചത് കൊണ്ടാണ് ബിജെപിക്ക് നഷ്ടമായതെന്ന് എംടി രമേശ് പറഞ്ഞു. സ്ഥാനാർത്ഥിയെ നിർത്തിയിട്ടും പല സ്ഥലങ്ങളിലും വോട്ട് ഇരുമുന്നണികളും മറിച്ചു. ഇന്ത്യ സഖ്യത്തിന്റെ തുടക്കം കേരളത്തിൽ വന്നുവെന്ന് അദേഹം കൂട്ടിച്ചേർത്തു.

അതേസമയം ക്രിസ്ത്യൻ ഔട്ട്റീച്ച് പാളിയെന്ന് ബിജെപി സംസ്ഥാന നേതൃയോഗത്തിൽ വിമർശനം ഉയർന്നു. ക്രിസ്ത്യൻ വോട്ട് കിട്ടുമെന്ന് പറഞ്ഞു ചില നേതാക്കൾ നേതൃത്വത്തെ പറ്റിക്കുന്നു. അതിന്റെ പേരിൽ കോടികൾ കൊണ്ടുപോയി. തൃശൂരിൽ ഉൾപ്പെടെ വോട്ട് ശതമാനം കുറഞ്ഞു. വോട്ട് ശതമാനം കുറഞ്ഞതിൽ നേതൃത്വം കാരണം വ്യക്തമാക്കണമെന്ന് വിമർശനം. കേരളത്തിൽ ഉണ്ടായിരുന്ന ബിജെപി അനുകൂല തരംഗം മുതലെടുക്കാൻ കഴിഞ്ഞില്ല. ചില നേതാക്കൾ പാർട്ടി ഫണ്ടിനു വേണ്ടി മാത്രം പ്രവർത്തിക്കുന്നുവെന്നും വിമർശനം ഉയർന്നു.

Be the first to comment

Leave a Reply

Your email address will not be published.


*