
വയനാട് മുണ്ടക്കൈ-ചൂരൽമല ദുരന്ത ബാധിതരുടെ വായ്പ എഴുതി തള്ളുന്നതിൽ തീരുമാനം എടുത്തിട്ടില്ലെന്ന് കേന്ദ്ര സർക്കാർ ഹൈക്കോടതിയിൽ. ദുരന്തം നടന്നിട്ട് ഒരു വർഷമായെന്നും ഇനി എപ്പോൾ തീരുമാനം എടുക്കുമെന്നും കോടതി ചോദിച്ചു. വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് ഹൈക്കോടതി സ്വമേധയാ കേസെടുക്കുകയും അതിന്റെ വാദപ്രതിവാദങ്ങൾ പുരോഗമിക്കുന്നതിന്റെയും ഇടയിലാണ് ദുരന്ത ബാധിതരുടെ കടം എഴുതി തള്ളാനായി എന്ത് നിലപാട് സ്വീകരിച്ചുവെന്ന കാര്യത്തിൽ കഴിഞ്ഞതവണ ഹർജി പരിഗണിക്കവെ കോടതി ചോദിച്ചിരുന്നു. എന്നാൽ കേന്ദ്രം ഇതിന് നൽകിയ ആദ്യ മറുപടി ദുരന്ത നിവാരണ അതോറിറ്റിയുമായി ബന്ധപ്പെട്ട് ചില ഭേദഗതികൾ വന്നിട്ടുണ്ടെന്നും അതുകൊണ്ടുതന്നെ വായ്പ എഴുതി തള്ളാനുള്ള അധികാരം നിലവിൽ ഇല്ലെന്നും കേന്ദ്രം കോടതിയെ അറിയിച്ചിരുന്നു.
സംസ്ഥാനത്തിന്റെ കീഴിലുള്ള കേരള ബാങ്ക് അടക്കമുള്ളവ ദുരന്ത ബാധിതരുടെ വായ്പ എഴുതി തള്ളിയിട്ടുണ്ട്. അത് മാതൃക ആക്കികൂടെയെന്നും ഹൈക്കോടതി കേന്ദ്രത്തോട് ചോദിച്ചു. എന്നാൽ വായ്പ എഴുതിത്തള്ളുമോ ഇല്ലയോ എന്നകാര്യത്തിൽ തീരുമാനം ഉടൻ അറിയിക്കാൻ തയ്യാറാകണം എന്ന് സംസ്ഥാന സർക്കാർ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. എങ്കിൽ മാത്രമേ സർക്കാരിന് ഉചിതമായ തീരുമാനം കൈക്കൊള്ളാൻ സാധിക്കുകയുള്ളൂ. കേസ് അടുത്ത ബുധനാഴ്ച കോടതി വീണ്ടും പരിഗണിക്കും.
അതേസമയം, മുണ്ടക്കൈ -ചൂരൽമല ദുരന്തബാധിതർക്ക് ടൗൺഷിപ്പിന്റെ ഭാഗമായി എ എസ്റ്റേറ്റിൽ നിർമ്മിക്കുന്ന വീടിന് 30 ലക്ഷം രൂപ ആയി എന്ന വിഷയത്തിൽ വിവാദം തുടരുകയാണ്. പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികളുടെ നേതാക്കൾ ഈ വിഷയം ആയുധമാക്കി എടുത്തിട്ടുണ്ട്.
Be the first to comment