പാക് ഷെല്ലാക്രമണത്തില്‍ സൈനികന് വീരമൃത്യു

ശ്രീനഗര്‍: കശ്മീരിലെ നിയന്ത്രണ മേഖലയിലെ പാക് ഷെല്ലാക്രമണത്തില്‍ സൈനികന് വീരമൃത്യു. 27കാരനായ മുരളി നായിക്ക് ആണ് വീരമൃത്യു വരിച്ചത്. ആന്ധ്രയിലെ സത്യസായി ജില്ലാ സ്വദേശിയാണ്.

അതിര്‍ത്തിയിലെ സങ്കീര്‍ണമായ സാഹചര്യം കണക്കിലെടുത്ത് മുരളി നായിക്കിനെ ഇവിടേക്ക് പോസ്റ്റ് ചെയ്തിട്ട് ഒരാഴ്ച മാത്രമേ ആയിട്ടുളളൂ. ഇന്നലെ രാത്രി പാക് സൈന്യം നടത്തിയ വെടിവയ്പിലാണ് മരിച്ചത്. അവിവാഹിതനാണ്. വെടിവയ്പില്‍ ഗുരുതരമായി പരിക്കേറ്റ സൈനികനെ ആശുപത്രിയിലേക്ക് എത്തിക്കവേ വഴി മധ്യേ അദ്ദേഹം മരണത്തിന് കീഴടങ്ങി.

ആന്ധ്രയിലെ ഗോത്രമേഖലയില്‍ നിന്നുള്ള യുവാവാണ് നായിക്. ദരിദ്ര കര്‍ഷക തൊഴിലാളിയായ അച്ഛനും അമ്മയ്ക്കുമുള്ള ഏക ആശ്രയമായിരുന്നു മുരളി നായിക്. ‘മുരളി നായിക്കിന്റെ ധീരതയെയും സമര്‍പ്പണത്തെയും ഞങ്ങള്‍ അഭിവാദ്യം ചെയ്യുന്നു. അദ്ദേഹത്തിന്റെ ത്യാഗം ഒരിക്കലും മറക്കില്ല,’ മുരളി നായിക്കിന്റെ ഗ്രാമത്തിലെത്തിയ മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

നായിക്കിന്റെ മരണവാര്‍ത്തയറിഞ്ഞതോടെ ഗ്രാമവാസികളാകെ ദുഃഖത്തിലാണ്. ഗോരണ്ട്‌ല ഗ്രാമത്തിലെ ദരിദ്ര കര്‍ഷകത്തൊഴിലാളികളായി ജോലി ചെയ്യുന്ന മുഡവത് ശ്രീറാം നായിക്കിന്റെയും മുഡവത് ജ്യോതി ബായിയുടെയും ഏക മകനാണ് മുരളി നായിക്. ദുഃഖിതരായ കുടുംബത്തെ ആശ്വസിപ്പിക്കാന്‍ ആയിരക്കണക്കിനാളുകളാണ് ഗ്രാമത്തിലെ വീട്ടിലെത്തുന്നത്. മെയ് പത്തിന് രാവിലെ മൃതദേഹം അന്ത്യകര്‍മങ്ങള്‍ക്കായി നാട്ടിലെത്തിക്കും.

Be the first to comment

Leave a Reply

Your email address will not be published.


*