പാലക്കാട് നഗരസഭയിൽ സഖ്യത്തിന് എല്ലാ പിന്തുണയും നൽകുമെന്ന് പാലക്കാട് ലീഗ് ജില്ലാ പ്രസിഡന്റ്. ബി ജെ പി അധികാരത്തിൽ വരാതിരിക്കാൻ എന്ത് വിട്ട് വീഴ്ചക്കും തയ്യാർ. കോൺഗ്രസും സിപിഐഎമ്മും തീരുമാനമെടുക്കണം. ഒരു മേശയ്ക്ക് ചുറ്റുമിരിക്കണമെങ്കിൽ ഇരിക്കാൻ തയാറാണെന്നും മരയ്ക്കാർ മാരായമംഗലം വ്യക്തമാക്കി. നിയമസഭ തെരഞ്ഞെടുപ്പ് ജയ പ്രതീക്ഷയുള്ള സീറ്റ് വേണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു.
തദ്ദേശ തെരഞ്ഞെടുപ്പിൽ ലീഗ് വലിയ മുന്നേറ്റമുണ്ടാക്കി.നിലവിലെ മണ്ണാർക്കാടിന് പുറമെ ജയസാധ്യതയുള്ള സീറ്റ് ആവശ്യവും ലീഗ് മുന്നോട്ട് വച്ചു. മണ്ണാർക്കാട്, കോങ്ങാട് മണ്ഡലങ്ങളിലാണ് ലീഗ് മത്സരിക്കുന്നത്. നഗരസഭയിൽ ബിജെപി അധികാരത്തിലെത്തുന്നത് തടയാൻ എൽഡിഎഫും യുഡിഎഫും കൈകോർക്കുമോ എന്ന നിർണായക ചോദ്യം പ്രധാന ചർച്ചാ വിഷയമായി മാറിയിരിക്കുകയാണ്.
ബിജെപിയെ മാറ്റി നിർത്താൻ സഹായകരമായ നിലപാട് സ്വീകരിക്കുമെന്ന് വ്യക്തമാക്കിയ കോൺഗ്രസ് പ്രാദേശിക നേതൃത്വം ചർച്ചകൾക്കുള്ള സാധ്യതയാണ് തുറന്നുവച്ചത്. എന്നാൽ സംസ്ഥാന നേതൃത്വവുമായുള്ള വിശദമായ കൂടിയാലോചനക്ക് ശേഷം നിലപാട് സ്വീകരിച്ചാൽ മതിയെന്നാണ് സിപിഐഎമ്മിൻ്റെ തീരുമാനം.
ബിജെപി – 25, യുഡിഎഫ് -18, എൽഡിഎഫ്- 9, സ്വതന്ത്രൻ ഒന്ന്. ഇങ്ങനെ ആണ് നഗരസഭയിലെ കക്ഷിനില. ആർക്കും ഒറ്റയ്ക്ക് ഭരിക്കാൻ ഭൂരിപക്ഷം ഇല്ലാത്ത സാഹചര്യത്തിൽ ആര് നഗരസഭാ അധ്യക്ഷനാകുമെന്ന ചോദ്യമാണ് ഉയരുന്നത്. ബിജെപി അധികാരത്തിൽ വരാതിരിക്കാൻ സ്വതന്ത്രനെ പിന്തുണയ്ക്കുന്നതിൽ കോൺഗ്രസ് അനുകൂല നിലപാട് സ്വീകരിച്ചു കഴിഞ്ഞു. സ്വതന്ത്രനെ പിന്തുണയ്ക്കാനുള്ള ചർച്ചകൾ ഉയർന്നതോടെ ഇരുമുന്നണികൾക്കുമെതിരെ ബിജെപി രംഗത്തെത്തിയിട്ടുണ്ട്.



Be the first to comment