കോഴിക്കോട് വോട്ടിംഗ് മെഷീനിൽ ഏണി ചിഹ്നം ചെറുതായി; പരാതി നൽകി മുസ്ലിം ലീഗ്

പരാതിയുമായി മുസ്ലിം ലീഗ്. വോട്ടിംഗ് മെഷീനിൽ ഏണി ചിഹ്നം ചെറുതായെന്ന് ആക്ഷേപം. കോഴിക്കോട് കോർപ്പറേഷനിലെ 24 ഡിവിഷനുകളിൽ ഏണി ചിഹ്നം ചെറുതായെന്നാണ് പരാതി. 58ാം വാർഡായ മുഖദാറിലെ സ്ഥാനാർത്ഥിയുടെ ചിഹ്നം ചൂണ്ടിക്കാട്ടി തിരഞ്ഞെടുപ്പ് കമ്മീഷന് യുഡിഎഫ് ജില്ലാ കമ്മിറ്റി പരാതി നൽകി. അമ്പത്തി അഞ്ചാം വാർഡിൽ ഏണി ചിഹ്നത്തിന് സമാനമായി ക്രിക്കറ്റ് ബാറ്റ് ചെരിച്ച് വെച്ച ചിത്രമാണെന്നും ആക്ഷേപം.

അതേസമയം കോഴിക്കോട് കോർപ്പറേഷനിലെ ഭരണം പിടിക്കാൻ അരയും തലയും മുറുക്കി പോര് തുടരുകയാണ് യുഡിഎഫും എൻഡിഎയും.സിപിഐഎമ്മും. പിണറായി സർക്കാരിന്റെ വികസന പദ്ധതികൾ ഉയർത്തിക്കാട്ടി, പതിറ്റാണ്ടുകളായി തുടരുന്ന ഭരണം തുടരാനാകുമെന്ന ആത്മവിശ്വാസമാണ് ഇടതുപക്ഷത്തിന് ഉള്ളത്. അഴിമതികളും വികസന മുരടിപ്പും എടുത്തു കാട്ടിയാണ് യുഡിഎഫ് തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്നത്.

മോദി സർക്കാരിൻ്റെ വികസന പദ്ധതികളാണ് ബിജെപി ഉയർത്തിക്കാട്ടിയത്. പ്രസ് ക്ലബ്ബിന്റെ മീറ്റ് ദ ലീഡേഴ്സ് പരിപാടിയിലായിരുന്നു നേതാക്കന്മാരുടെ പ്രതികരണം. കോഴിക്കോട്ടെ തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് വീറും വാശിയും ഒക്കെ തുടരുമ്പോഴും തികച്ചും സൗഹൃദപരമായിരുന്നു മുന്നണി നേതാക്കളുടെ ചർച്ച. നിലപാടുകൾ പറഞ്ഞുള്ള വാഗ്വാദത്തിന് അപ്പുറം പൊട്ടിച്ചിരികളും പരസ്പരമുള്ള കളിയാക്കലുകളും ഒക്കെ നിറഞ്ഞതായിരുന്നു പരിപാടി.

സിപിഐഎം ജില്ലാ സെക്രട്ടറി എം. മഹബൂബ് ആണ് ചർച്ച തുടങ്ങിയത്. സംസ്ഥാനത്ത് ഭരണ വിരുദ്ധ തരംഗം ഇല്ലാത്തതിനാൽ അത് തെരഞ്ഞെടുപ്പിൽ നേട്ടം ആകുമെന്നാണ് എൽഡിഎഫ് വിലയിരുത്തൽ. ജമാഅത്തെ ഇസ്ലാമിയെ കൂട്ടിപിടിച്ചാണ് യുഡിഎഫ് തെരഞ്ഞെടുപ്പിനെ നേരിടുന്നതെന്ന വിമർശനവും മഹബൂബ് ഉന്നയിച്ചു. കോഴിക്കോടിൻ്റെ ചരിത്രത്തിലെ ഏറ്റവും വലിയ പരാജയം ആണ് ഇടതുമുന്നണി നേരിടാൻ പോകുന്നത് എന്നായിരുന്നു ഡിസിസി പ്രസിഡൻ്റ് കെ. പ്രവീൺ കുമാറിൻ്റെ മറുപടി. ബിജെപിയുടെ വാട്ടർലൂ ആയിരിക്കും ഈ തെരഞ്ഞെടുപ്പ് എന്നും മുന്നറിയിപ്പ് നൽകി.

കേന്ദ്രം നടപ്പിലാക്കിയ പദ്ധതികൾക്ക് അപ്പുറം കോഴിക്കോട് കോർപ്പറേഷനിൽ ഒന്നും ഇല്ല എന്നായിരുന്നു ബിജെപി കോഴിക്കോട് സിറ്റി ജില്ലാ പ്രസിഡൻ്റ് കെ. പി. പ്രകാശ് ബാബുവിൻ്റെ പ്രതിരോധം. ഈ തെരഞ്ഞെടുപ്പിൽ എൽഡിഎഫ്, യുഡിഎഫ് കോട്ടകളിൽ ഇക്കുറി എൻഡിഎ അക്കൗണ്ട് തുറക്കുമെന്നും യുഡിഎഫിനെ അപ്രസക്തമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Be the first to comment

Leave a Reply

Your email address will not be published.


*