തെക്കന്‍ കേരളത്തില്‍ ലീഗ് ഇല്ലാതാകുന്നതിന് കാരണം കോണ്‍ഗ്രസ്; കടുത്ത അവഗണനയെന്ന് മുസ്‌ലിം ലീഗ്

തെക്കന്‍ കേരളത്തില്‍ ലീഗ് ഇല്ലാതാകുന്നതിന് കാരണം കോണ്‍ഗ്രസാണെന്ന് മുസ്‌ലിം ലീഗ് യോഗത്തില്‍ വിമര്‍ശനം. യുഡിഎഫില്‍ കടുത്ത അവഗണനയെന്ന് ലീഗ് ഭാരവാഹി യോഗത്തില്‍ രൂക്ഷമായ വിമര്‍ശനമാണ് ഉയര്‍ന്നത്. തെക്കന്‍ കേരളത്തില്‍ ലീഗ് ഇല്ലാതാകുന്നതിന് കാരണം കോണ്‍ഗ്രസാണെന്ന് നേതാക്കള്‍ കുറ്റപ്പെടുത്തി. മധ്യകേരളത്തിലും അവഗണന നേരിടുന്നുവെന്ന് തദ്ദേശ തെരഞ്ഞെടുപ്പ് സംബന്ധിച്ച് നടന്ന ചര്‍ച്ചയില്‍ നേതാക്കള്‍ വിമര്‍ശിച്ചു. തദ്ദേശ തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന യോഗത്തിലാണ് മുന്നണിയിലെ പൊരുത്തക്കേടുകള്‍ സംബന്ധിച്ച് നേതാക്കള്‍ പ്രതികരിച്ചത്.

തെക്കന്‍ കേരളത്തിലും മധ്യകേരളത്തിലും യുഡിഎഫില്‍ പരിഗണന കിട്ടുന്നില്ല. മുന്നണിയോഗത്തിലേക്കും കണ്‍വെന്‍ഷനിലേക്കും ലീഗിനെ വിളിക്കുന്നില്ല. കൊല്ലം കണ്‍വെന്‍ഷനില്‍ ലീഗ് പ്രതിനിധിയെ ഉള്‍പ്പെടുത്തിയില്ല. ഇതില്‍ പ്രതിഷേധിച്ച് കൊല്ലം യുഡിഎഫ് യോഗം ലീഗ് ബഹിഷ്‌ക്കരിച്ചിരുന്നു. തദ്ദേശതെരഞ്ഞെടുപ്പില്‍ തൃശ്ശൂരിനപ്പുറം ലീഗിന് വേണ്ടത്ര പ്രാതിനിധ്യമില്ല. കഴിഞ്ഞ തവണ ലീഗിന് അനുവദിച്ച വാര്‍ഡുകളില്‍ കോണ്‍ഗ്രസ് വിമതരെ മത്സരിപ്പിച്ചതും നേതാക്കള്‍ ചൂണ്ടിക്കാട്ടി.

മലബാറില്‍ സീറ്റ് വിഭജനത്തിലും അധികാരം വച്ചുമാറുന്നതിലും കോണ്‍ഗ്രസിനെ ലീഗ് പരിഗണിക്കുന്നുണ്ട്. എന്നാല്‍ ലീഗിന് സ്വാധീനം കുറഞ്ഞ പ്രദേശങ്ങളില്‍ ഈ പരിഗണന തിരിച്ചുകിട്ടുന്നില്ല. ലീഗ് ഭാരവാഹി യോഗത്തില്‍ ഉയര്‍ന്ന വിമര്‍ശനം കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിക്കാനാണ് തീരുമാനം.

Be the first to comment

Leave a Reply

Your email address will not be published.


*