ശബരിമലയില്‍ അയ്യപ്പന് ഒരു നഷ്ടവും സംഭവിക്കാത്തരീതിയില്‍ എല്ലാം തിരിച്ചുപിടിക്കാനാകുമെന്നാണ് പ്രതീക്ഷയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. ആ തരത്തിലേക്കുതന്നെയാണ് കാര്യങ്ങള്‍ നീങ്ങുന്നത്. അറിയപ്പെടുന്നവരും അറിയപ്പെടാത്തവരുമെല്ലാം ഇതിന്റെ ഭാഗമായി വരുന്നുണ്ട്. അവരെയെല്ലാം നിയമത്തിന്റെ മുന്നില്‍കൊണ്ടുവരാനും ശിക്ഷിക്കാനും നഷ്ടപ്പെട്ടുപോയ സ്വര്‍ണം ഉള്‍പ്പെടെ തിരിച്ചെടുക്കാനും സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ശബരിമലയിലെ സ്വര്‍ണക്കൊള്ള സംബന്ധിച്ച് പ്രതികരിക്കുകയായിരുന്നു എം.വി. ഗോവിന്ദന്‍.
ശബരിമലയിലെ സ്വര്‍ണപ്പാളി വിവാദങ്ങളേക്കുറിച്ച് ചോദ്യത്തിന്, ഓരോന്നായി പുറത്തുവരുന്നുണ്ട്. വരുന്നതിനെ കണ്ടുപിടിക്കുക, കര്‍ശനമായ നിലപാട് സ്വീകരിക്കുക അതല്ലേ സര്‍ക്കാരിന്റെ ഉത്തരവാദിത്വം എന്നായിരുന്നു എം.വി. ഗോവിന്ദന്റെ മറുപടി. ആ ഉത്തരവാദിത്വം സര്‍ക്കാര്‍ നിര്‍വഹിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വിശ്വാസി സമൂഹത്തിന്റെ ഒപ്പമാണ് സിപിഎമ്മും ഇടതുപക്ഷ മുന്നണിയും ഇടതുപക്ഷ സര്‍ക്കാരുകളും എല്ലാകാലത്തും നിലകൊണ്ടിട്ടുള്ളത്. അത് മതവര്‍ഗീയവാദികള്‍ക്കും യുഡിഎഫിനും ഇഷ്ടമാകുന്നില്ല എന്നാണ് ഇപ്പോഴത്തെ സംഭവവികാസങ്ങള്‍ തെളിയിക്കുന്നത്. കുറ്റക്കാര്‍ ആരാണോ അവര്‍ക്കെതിരെ കര്‍ശനനടപടി സ്വീകരിക്കുകയും ശബരിമലയില്‍ നഷ്ടപ്പെട്ട് പോയ സ്വര്‍ണമുള്‍പ്പെടെ തിരിച്ചുപിടിക്കാനാകും വിധമാണ് സര്‍ക്കാര്‍ നടപടികള്‍ നീങ്ങുന്നതെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.
പേരാമ്പ്രയിലെ സംഘര്‍ഷം ആസൂത്രിതമാണെന്നും എം.വി. ഗോവിന്ദന്‍ ആരോപിച്ചു. ബോംബുള്‍പ്പെടെ കൊണ്ടുപോയി പോലീസിനെ ആക്രമിച്ചു. ഇതിന്റെ തുടര്‍ച്ചയായി കേരളത്തിലുടനീളം കലാപം സൃഷ്ടിക്കുന്നതിനുള്ള പ്രവര്‍ത്തനമാണ് കോണ്‍ഗ്രസും യൂത്ത് കോണ്‍ഗ്രസും ആസൂത്രണംചെയ്തത്. കോണ്‍ഗ്രസില്‍ വലിയ ആഭ്യന്തരപ്രശ്നങ്ങളാണ്. യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷനെ തീരുമാനിച്ചതും കെപിസിസി ജംബോ കമ്മിറ്റി അടക്കമുള്ള ആഭ്യന്തരസംഘര്‍ഷങ്ങളും ശക്തമായനിലയിലാണ്. അതിനാല്‍ ജനശ്രദ്ധ മാറ്റാന്‍ കലാപങ്ങളും വര്‍ഗീയധ്രൂവീകരണങ്ങളും ഉണ്ടാക്കാനുള്ള ശ്രമമാണ് യുഡിഎഫും മറ്റുവിഭാഗങ്ങളും നടത്തുന്നതെന്നും സിപിഎം സംസ്ഥാന സെക്രട്ടറി ആരോപിച്ചു. പള്ളുരുത്തി സെയ്ന്റ് റീത്ത സ്‌കൂളിലെ പ്രശ്നം ഏതാണ്ട് പരിഹരിക്കപ്പെട്ടശേഷം അതിനെ വര്‍ഗീയവല്‍ക്കരിക്കുന്നതിന് വേണ്ടിയുള്ള പ്രവര്‍ത്തനം ജമാഅത്തെ ഇസ്ലാമി, എസ്ഡിപിഐ, കോണ്‍ഗ്രസ്, പ്രതിപക്ഷ നേതാവ് തുടങ്ങിയവര്‍ ചേര്‍ന്ന് നടത്തിയെന്നും ജനങ്ങള്‍ ഇത് തിരിച്ചറിയുമെന്നും അദ്ദേഹം പറഞ്ഞു.



Be the first to comment