കന്യാസ്തീകളുടെ അറസ്റ്റ്: ‘ഒറ്റപ്പെട്ട സംഭവമല്ല, കോൺഗ്രസ് നിലപാട് പ്രതിഷേധാർഹം’; എംവി ​ഗോവിന്ദൻ

ഛത്തീസ്​ഗഢിൽ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തിൽ കോൺ​ഗ്രസിനെ വിമർശിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ​ഗോവിന്ദൻ. കന്യാസ്ത്രീകളെ കളളക്കേസിൽ കുടുക്കിയതിൽ ശക്തമായ പ്രതിഷേധം അലയടിക്കുന്നുവെന്ന് എംവി ​ഗോവിന്ദൻ പറഞ്ഞു. ഛത്തീസ്​ഗഢിലെ പ്രധാന പ്രതിപക്ഷമായ കോൺഗ്രസ് അവിടെ ഒരു പ്രതികരണവും നടത്തിയില്ലെന്നും കോൺഗ്രസ് നിലപാട് പരിശോധിക്കണമെന്നും അദേഹം പറഞ്ഞു.

കോൺഗ്രസ് നിലപാട് പ്രതിഷേധാർഹമാണെന്ന് എംവി ​ഗോവിന്ദൻ പറഞ്ഞു. കോൺഗ്രസ് ഭരിക്കുമ്പോഴും ഇത്തരം സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. അന്നൊക്കെ പ്രതിഷേധം വന്ന ശേഷമാണ് കേസ് എടുത്തിരുന്നതെന്ന് അദേഹം പറഞ്ഞു. കന്യാസ്ത്രികൾ പെൺകുട്ടികളെ ജോലിക്ക് കൊണ്ടു പോകുമ്പോഴാണ് അറസ്റ്റ്. മനുഷ്യക്കടത്ത് ആരോപണം തെറ്റ്. ഇത് ഒറ്റപ്പെട്ട സംഭവമല്ലെന്നും രാജ്യദ്രോഹ കുറ്റം ചുമത്തി കന്യാസ്ത്രീകളെ കൊല്ലങ്ങളോളം ജയിലിൽ അടക്കുകയാണ് ലക്ഷ്യമെന്നും എംവി ​ഗോവിന്ദൻ പറഞ്ഞു.

തെറ്റായ പ്രവണതകളെ തുറന്ന് കാട്ടുന്നതിന് ഈ മാസം 3, 4 തീയതികളിൽ സംസ്ഥാനത്തെ എല്ലാ മണ്ഡലങ്ങളിലും പ്രതിഷേധ സംഗമം നടത്തുമെന്ന് എംവി ​ഗോവിന്ദൻ അറിയിച്ചു. അതേസമയം താൽക്കാലിക വി.സി നിയമനത്തിൽ സർക്കാർ നിലപാടിനുളള അംഗീകാരമാണ് സുപ്രീംകോടതി വിധിയെന്ന് എം വി ഗോവിന്ദൻ പറഞ്ഞു. കോടതി വിധി മറികടന്നാണ് ഗവർണർ നിയമനം നടത്തിയത്. കോടതിയും ഭരണഘടനയും ബാധകമല്ലെന്ന സംഘപരിവാർ നിലപാടിൻ്റെ മറ്റൊരു മുഖമാണ് ഇതെന്നും എം വി ഗോവിന്ദൻ പറഞ്ഞു.

Be the first to comment

Leave a Reply

Your email address will not be published.


*