ഭാര്യയോട് മത്സരിക്കരുതെന്ന് ഭര്‍ത്താവ് പറയണമെന്നല്ലേ വിമര്‍ശനങ്ങളുടെ ധ്വനി? അത് സ്ത്രീവിരുദ്ധം: എം വി ഗോവിന്ദന്‍

കോണ്‍ഗ്രസിന്റെ ബിജെപി ഡീല്‍ ആരോപണത്തിലേക്ക് തിരഞ്ഞെടുപ്പ് ചര്‍ച്ച മാറ്റാന്‍ സിപിഐഎം ഉദ്ദേശിക്കുന്നില്ലെന്ന് സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. ബിജെപിയുമായി ഡീല്‍ ഉണ്ടാക്കുന്നത് പുറത്തുവരാതിരിക്കാനാണ് കോണ്‍ഗ്രസ് മുന്‍കൂട്ടി ആരോപണം ഉന്നയിക്കുന്നതെന്ന് എം വി ഗോവിന്ദന്‍  പറഞ്ഞു. ഇത് കനഗോലു സിദ്ധാന്തത്തിന്റെ ഭാഗമായ കള്ളപ്രചാരണം മാത്രമാണ്. കേരളത്തില്‍ നടന്നിട്ടുള്ള വികസനങ്ങള്‍ ചര്‍ച്ചയാകാതിരിക്കുക കൂടിയാണ് അവരുടെ ലക്ഷ്യം. അതിനാല്‍ തന്നെ തിരഞ്ഞെടുപ്പ് ചര്‍ച്ച ഈ രീതിയിലേക്ക് മാറ്റാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പി കെ ശ്യാമളയുടെ സ്ഥാനാര്‍ഥിത്വവുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന ആരോപണങ്ങള്‍ക്ക് അദ്ദേഹം മറുപടി പറഞ്ഞു. ഭാര്യയോട് മത്സരിക്കരുതെന്ന് ഭര്‍ത്താവ് പറയണമെന്നല്ലേ വിമര്‍ശനങ്ങളുടെ ധ്വനി എന്ന് അദ്ദേഹം ചോദിച്ചു. അത് സ്ത്രീവിരുദ്ധമാണ്. ഏതെങ്കിലും സ്ഥാനമോ സ്ഥാനമില്ലായ്മയോ അവരുടെ മേല്‍ അടിച്ചേല്‍പ്പിക്കാന്‍ താന്‍ ശ്രമിക്കാറില്ല. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് അങ്ങനെ പിന്‍ഗാമി സമ്പ്രദായമൊന്നുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജി.സുധാകരന്‍ ഇപ്പോള്‍ ഉന്നിയിക്കുന്ന വിമര്‍ശനങ്ങള്‍ക്കൊന്നും മറുപടിയില്ലെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു. അദ്ദേഹം യുഡിഎഫിന്റെ ഭാഗമായിക്കഴിഞ്ഞു. തങ്ങളാരും ഇപ്പോള്‍ അദ്ദേഹം പറയുന്നത് മൈന്‍ഡ് ചെയ്യാറില്ല. സ്ത്രീകള്‍ക്കെതിരെ യുഡിഎഫ് ഉന്നയിക്കുന്ന പരാമര്‍ശങ്ങള്‍ ഗൗരവതരമാണ്. പലരുടേയും മനസിലെ വിഷമാണ് യു പ്രതിഭയ്‌ക്കെതിരായ പരാമര്‍ശത്തിലൂടെ പുറത്തുവന്നത്. സംഭവം വിവാദമായപ്പോള്‍ ലീഗ് ഗത്യന്തരമില്ലാതെയാണ് നടപടിയെടുത്തത്. ഈ തിരഞ്ഞെടുപ്പില്‍ വികസനം പറഞ്ഞ് മത്സരിക്കാനാണ് എല്‍ഡിഎഫ് നോക്കുന്നത്. കോണ്‍ഗ്രസില്‍ മുഖ്യമന്ത്രി സ്ഥാനത്തിനുവേണ്ടി വലിയ അടി നടക്കുകയാണ്. അവര്‍ കൂടുതല്‍ ചര്‍ച്ചയും തര്‍ക്കങ്ങളും നടത്തേണ്ടി വരില്ലെന്നും ഇത്തവണയും എല്‍ഡിഎഫ് വന്‍ ഭൂരിപക്ഷത്തോടെ ജയിക്കുമെന്നും എം വി ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.

Be the first to comment

Leave a Reply

Your email address will not be published.


*