ബലാത്സംഗ കേസില്‍ പാലക്കാട് എംഎൽഎ രാഹുല്‍ മാങ്കൂട്ടത്തിലിന് കോടതി ജാമ്യം നിഷേധിച്ചതിന് പിന്നാലെ പ്രതികരണവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ.രാഹുലിന്റെ രാജി കേരളം ഒന്നടങ്കം ആവശ്യപ്പെടുന്നതാണ്.അതിൽ താൻ പ്രത്യേകിച്ച് ഒന്നും പറയേണ്ട കാര്യമില്ല. രാഹുലിനെതിരെ ഇനിയും പരാതികൾ വരും. നിരവധി പരാതികൾ രാഹുലിനെതിരെ കിട്ടിയെന്ന് നിരവധി കോൺഗ്രസ് നേതാക്കൾ പറഞ്ഞിരുന്നു. 9 അതിജീവിതമാരുടെ പരാതികൾ KPCC യ്ക്ക് കിട്ടിയെന്നാണ് അറിഞ്ഞതെന്നും എം വി ഗോവിന്ദൻ പറഞ്ഞു.
രാഹുൽ ലോകത്തിൻ്റെ ഏത് ഭാഗത്ത് പോയാലും പോലീസ് പിടിക്കും. ഇതുവരെ പിടി കൂടാതിരുന്നത് കോൺഗ്രസ് സംരക്ഷണയിലായിരുന്നതിനാലാണ് ഇനിയും സംരക്ഷണം ലഭിച്ചാൽ പിടികൂടാൻ കുറച്ചു കൂടി താമസിക്കുമായിരിക്കുമെന്നും എം വി ഗോവിന്ദൻ വ്യക്തമാക്കി.
മുകേഷിനെതിരായ ആരോപണങ്ങൾക്കെതിരെയുള്ള ചോദ്യങ്ങൾക്കും എംവി ഗോവിന്ദൻ മറുപടി പറഞ്ഞു. മുകേഷ് സിപിഐഎമ്മിന്റെ അംഗമോ ഒരു ബ്രാഞ്ച് മെമ്പർ പോലുമല്ല അങ്ങിനെയുള്ള ഒരാൾക്കെതിരെ എങ്ങനെ നടപടിയെടുക്കും. കോടതിയുടെ പരിഗണനയിലാണ് മുകേഷിനെതിരായ കേസ്, മുകേഷ് അന്നും ഇന്നും പാർട്ടി അംഗമല്ല. മുകേഷ് വിഷയത്തിൽ പാർട്ടി കൃത്യമായ നിലപാട് സ്വീകരിച്ചിട്ടുണ്ട്. കേസിൻ്റെ അടിസ്ഥാനത്തിലാണ് നടപടി സ്വീകരിക്കുകയെന്നും എം വി ഗോവിന്ദൻ കൂട്ടിച്ചേർത്തു.



Be the first to comment