‘പുരസ്കാരം വാങ്ങണോ വാങ്ങേണ്ടയോ എന്ന് പാർട്ടി പറയില്ല; വിഎസിന്റെ കുടുംബത്തിന്റെ സന്തോഷത്തോടൊപ്പം’; എം വി ഗോവിന്ദൻ

പത്മ പുരസ്കാരം സ്വീകരിക്കുന്നതിൽ വി എസ് അച്യുതാനന്ദന്റെ കുടുംബത്തിന്റെ നിലപാടിനൊപ്പം പാർട്ടി നിൽക്കുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. പുരസ്കാരം വാങ്ങണോ വാങ്ങേണ്ടയോ എന്ന് പാർട്ടി പറയില്ല. അത് വ്യക്തിസ്വാതന്ത്ര്യമാണ്. കുടുംബത്തിന്റെ സന്തോഷത്തോടൊപ്പം പാർട്ടിയും പങ്കുചേരും. പുരസ്കാരം സ്വീകരിക്കുമെന്ന് കുടുംബം അറിയിച്ചിട്ടുണ്ടെന്നും എം വി ഗോവിന്ദൻ പറഞ്ഞു.

നേരത്തെ പാർട്ടി നേതാക്കൾ പുരസ്കാരം നിഷേധിച്ചത് വ്യക്തിപരമായ തീരുമാനമായിരുന്നുവെന്ന് എം വി ഗോവിന്ദൻ വ്യക്തമാക്കി. തരൂരിന്റെ എൽഡിഎഫ് പ്രവേശനം സംബന്ധിച്ച് മാധ്യമപ്രവർത്തകരുടെ ചോദ്യം സാങ്കല്പികമെന്നായിരുന്നു എം വി ഗോവിന്ദൻ പറഞ്ഞു. അത്തരം ചോദ്യത്തിന് മറുപടി ഇല്ല. പ്രചരിക്കുന്ന വാർത്തകളിൽ എന്തെങ്കിലും ഉണ്ടെന്നു തോന്നുന്നില്ലെന്നും അദേഹം പ്രതികരിച്ചു. സിപിഎമ്മിന്റെ നിലപാടുമായി പൊരുത്തപ്പെടാൻ ഉള്ള മാനസികാവസ്ഥയുമായി വരുന്ന ആരെയും പാർട്ടി സ്വീകരിക്കുമെന്ന് വ്യക്തമാക്കി.

വിഡി സതീശൻ എന്ത് വിസ്മയമാണ് പറഞ്ഞുകൊണ്ടിരിക്കുന്നതെന്നും പണ്ടൊരു ബോംബുമായി വന്നിട്ട് എന്തായി എന്നും എംവി ​ഗോവിന്ദൻ പറഞ്ഞു. അതുപോലെ മാത്രമാണ് ഈ വിസ്മയവുമെന്ന് അദേഹം പറഞ്ഞു. ഇത്തവണത്തെ പദ്മ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചപ്പോൾ കേരളത്തിന് അഭിമാനിക്കാൻ ഏറെയുണ്ട്. പത്മ വിഭൂഷൺ ലഭിച്ച അഞ്ചുപേരിൽ മൂന്നുപേരും മലയാളികളായിരുന്നു. മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദൻ, ജസ്റ്റിസ് കെ ടി തോമസ്, സാഹിത്യകാരൻ പി നാരായണൻ എന്നിവർക്കാണ് പത്മവിഭൂഷൺ പുരസ്കാരം. നടൻ മമ്മൂട്ടിക്കും എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും പത്മഭൂഷൻ ലഭിച്ചു.

Be the first to comment

Leave a Reply

Your email address will not be published.


*