കോഴിക്കോട്ടെ ഭാരതി ട്രാവൽസ് ബസ് പിടിച്ചെടുത്തു. മദ്യപിച്ച് റോഡിൽ അഭ്യാസം നടത്തിയ ദീർഘ ദൂര ബസാണ് മോട്ടോർ വാഹന വകുപ്പ് പിടിച്ചെടുത്തത്. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ആണ് ബസ് പിടിച്ചെടുത്തത്. കഴിഞ്ഞ ദിവസം രാത്രിയിലാണ് കോഴിക്കോട്-ബാംഗ്ലൂർ റൂട്ടിൽ സർവീസ് നടത്തുന്ന ബസ് അപകടകരമായ യാത്ര നടത്തിയത്.
മദ്യപാനം ചോദ്യം ചെയ്തതിന് യാത്രക്കാരോട് ഡ്രൈവർ കയർത്തിരുന്നു. ക്ളീനറും മദ്യലഹരിയിലായിരുന്നു. ബസ് ഓടിച്ച ഡ്രൈവർ പൂർണ്ണമായും മദ്യലഹരിയിലായിരുന്നു. യാത്രയ്ക്കിടെ ബസിന്റെ നിയന്ത്രണം തെറ്റുന്നതും അപകടകരമായി തരത്തിൽ ഓടിക്കുന്നതും ശ്രദ്ധയിൽപ്പെട്ടപ്പോൾ യാത്രക്കാർ ചോദ്യം ചെയ്തു. ആശങ്കയോടെ ചോദ്യം ചെയ്തെങ്കിലും, മറുപടിയായി ഡ്രൈവർ എല്ലാവരെയും ബസ് ഇടിപ്പിച്ച് കൊല്ലുമെന്ന ഭീഷണി മുഴക്കുകയായിരുന്നു എന്ന് യാത്രക്കാർ പറയുന്നു.
ഡ്രൈവർ മദ്യലഹരിയിലാണോ എന്ന് ചോദിച്ചപ്പോൾ, യാത്രക്കാരോടുള്ള അസഭ്യ പ്രതികരണത്തോടൊപ്പം ഭീഷണിപ്പെടുത്തലും ആരംഭിച്ചു. ബസ് എവിടെയെങ്കിലും ഇടിച്ചു തകർക്കുമെന്നും എല്ലാവരും മരിച്ചാലും തനിക്ക് ഒന്നുമില്ലെന്നും പറഞ്ഞു എന്നതാണ് യാത്രക്കാരുടെ ആരോപണം. യാത്രക്കാർ വീഡിയോ പകർത്തുന്നത് നിരീക്ഷിച്ച ഡ്രൈവർ, ദൃശ്യങ്ങൾ പുറത്തുപോകുന്നത് തടയാനും തിരിച്ചറിയൽ ഒഴിവാക്കാനുമായി ക്യാബിനിലും ബസ് കോച്ചിലും ഉള്ള എല്ലാ ലൈറ്റുകളും പൂർണമായും അണച്ചു.
മൈസൂരു ടോൾ പ്ലാസയ്ക്കടുത്ത് ബസ് നിർത്തിയപ്പോൾ യാത്രക്കാർ ഒരുമിച്ച് പ്രതിഷേധിക്കുകയും, ഡ്രൈവറോട് വാഹനം ഇനി ഓടിക്കരുതെന്നും ആവശ്യപ്പെടുകയും ചെയ്തു. സാക്ഷികളുടെ വിവരമനുസരിച്ച്, ഡ്രൈവർ ക്യാബിനിൽ ഉണ്ടായിരുന്ന മദ്യക്കുപ്പി കൈയിൽ പിടിച്ച് ബസിൽ നിന്ന് ഇറങ്ങിയും ഓടിപ്പോയതായും പറയുന്നു. ഡ്രൈവർ ഓടി രക്ഷപ്പെട്ടതിനെ തുടർന്ന് ബസിന്റെ സർവീസ് മണിക്കൂറുകളോളം തടസ്സപ്പെട്ടു. യാത്രക്കാർ സഹായം തേടുകയും, ബസ് കമ്പനി പ്രതിനിധികളെ ബന്ധപ്പെടുകയും ചെയ്തതിനു ശേഷമാണു സർവീസ് പുനരാരംഭിക്കാൻ കഴിഞ്ഞത്.



Be the first to comment