നിയമവിരുദ്ധമായി വാഹനങ്ങളിൽ ഘടിപ്പിച്ച എയർഹോണുകൾ പിടിച്ചെടുത്ത് നശിപ്പിക്കാൻ എംവിഡി നിർദേശം; പരിശോധന ശക്തം

വാഹനങ്ങളിൽ നിയമവിരുദ്ധമായി ഘടിപ്പിച്ച എയർഹോണുകൾ പിടിച്ചെടുത്ത് പരസ്യമായി നശിപ്പിക്കാൻ മോട്ടോർ വാഹന വകുപ്പ്. പിടിച്ചെടുക്കുന്ന എയർ ഹോണുകൾ മാധ്യമങ്ങൾക്ക് മുന്നിൽവെച്ച് റോഡ് റോളർ കയറ്റി നശിപ്പിക്കണമെന്നാണ് നിർദേശം. ഗതാഗത മന്ത്രിയുടെ നിർദ്ദേശം അനുസരിച്ച് ഈ മാസം 19 വരെയാണ് പ്രത്യേക പരിശോധന.

കോതമംഗലത്ത് ഗതാഗതമന്ത്രിക്ക് മുന്നിൽ സ്വകാര്യ ബസ് എയർ ഹോൺ നിരന്തരമായി അടിച്ചതോടെയാണ് നിയമം കർശനമായി നടപ്പിലാക്കാൻ തീരുമാനിച്ചത്. വാഹനങ്ങളിലെ എയര്‍ ഹോണുകള്‍ കണ്ടെത്താന്‍ സംസ്ഥാനത്താകെ പ്രത്യേക പരിശോധന ആരംഭിച്ചു. അനുമതിയില്ലാതെ വെക്കുന്ന എയര്‍ഹോണുകള്‍ കണ്ടെത്തിയാൽ മാത്രം പോര ഇവ നിരത്തിലിട്ട് മാധ്യമങ്ങളുടെ സാന്നിധ്യത്തില്‍ റോഡ് റോളര്‍ കയറ്റി തകര്‍ക്കണമെന്നാണ് നിര്‍ദേശം. ജില്ലാതല കണക്കുകളും മാധ്യമങ്ങൾക്ക് കൈമാറണം.

കഴിഞ്ഞ ദിവസങ്ങളിൽ അവധി ആയതിനാൽ നിർദേശങ്ങൾ ഉത്തരവായോ സർക്കുലറായോ പുറത്തിറക്കിയിട്ടില്ല. പകരം മോട്ടാര്‍വാഹന വകുപ്പ് എൻഫോഴ്സ്മെൻ്റ് ഉദ്യോഗസ്ഥരുടെ മൊബൈല്‍ ഫോണിലേക്കാണ് ഉന്നത ഉദ്യോഗസ്ഥരുടെ വാട്‌സാപ്പ് സന്ദശമായി നിർദേശങ്ങൾ കൈമാറിയത്. കോതമംഗലത്ത് ഉച്ചത്തിൽ ഫോൺ അടിച്ച ബസുകളുടെ പെര്‍മിറ്റ് റദ്ദാക്കുകയും ഡ്രൈവര്‍മാരുടെ ലൈസന്‍സും സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*