മകന് ഇ ഡി സമന്‍സ് കിട്ടിയിട്ടില്ല; മക്കളില്‍ അഭിമാനം, അവർ കളങ്കരഹിത രാഷ്ട്രീയത്തിനൊപ്പം: മുഖ്യമന്ത്രി

ഹാജരാകാന്‍ ആവശ്യപ്പെട്ട് മകന്‍ വിവേക് കിരണ്‍ വിജയന് എന്‍ഫോഴ്‌സ്‌മെന്റ് സമന്‍സ് അയച്ചതുമായി ബന്ധപ്പെട്ട വിഷയത്തില്‍ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. മകന് ഇ ഡി സമന്‍സ് കിട്ടിയിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. അധികാരത്തിന്റെ ഇടനാഴിയില്‍ തന്റെ മകനെ നിങ്ങള്‍ക്ക് കാണാനാകില്ലെന്നും മക്കളില്‍ അഭിമാനമാണെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

‘പൊതുജീവിതം കളങ്കരഹിതമായി കൊണ്ടുപോകാനാണ് ശ്രമിച്ചത്. എന്റെ കുടുംബം പൂര്‍ണ്ണമായും അതിനോടൊപ്പം നിന്നതില്‍ അഭിമാനം. മക്കള്‍ രണ്ടുപേരും അതേ നില സ്വീകരിച്ചുപോയിട്ടുണ്ട്. നിങ്ങളില്‍ എത്ര പേര്‍ എന്റെ മകനെ കണ്ടിട്ടുണ്ടെന്ന് അറിയില്ല. അധികാരത്തിന്റെ ഇടനാഴികളില്‍ സഞ്ചരിച്ചുകൊണ്ടിരിക്കുന്ന മുഖ്യമന്ത്രിമാരുടെ മക്കളെ കണ്ടവരായിരിക്കുമല്ലോ? എവിടെയങ്കിലും എന്റെ മകനെ കണ്ടോ? ക്ലിഫ് ഹൗസില്‍ എത്ര മുറിയുണ്ട് എന്ന് പോലും അവന് അറിയുമോ എന്നത് സംശയമാണ്. അതാണ് എന്റെ മകന്റെ പ്രത്യേകത. ഏത് അച്ഛനും മക്കളില്‍ അഭിമാനബോധം ഉണ്ടാകും. എന്റെ അഭിമാനബോധം പ്രത്യേക തരത്തിലുള്ളതാണ്. ഒരു ദുഷ്‌പേരും എനിക്ക് ഉണ്ടാക്കുന്ന രീതിയില്‍ മക്കള്‍ പ്രവര്‍ത്തിച്ചിട്ടില്ല’, മുഖ്യമന്ത്രി പറഞ്ഞു.

മകള്‍ക്ക് നേരെ പലരും വിഷയങ്ങള്‍ ഉയര്‍ത്തികൊണ്ടുവരാന്‍ നോക്കിയപ്പോള്‍ ചിരിച്ചുകൊണ്ട് നേരിട്ടില്ലേ. അതുവേണ്ടത്ര ഏശുന്നില്ലെന്ന് വന്നപ്പോള്‍ മര്യാദയ്ക്ക് ജോലിചെയ്യുന്നയാളെ വിവാദത്തില്‍ ഉള്‍പ്പെടുത്താന്‍ നോക്കുകയാണ്. അത് വിവാദമാവുമോ? എന്നെയോ ആളെയോ ബാധിക്കുമോ? ആ ചെറുപ്പക്കാരന്‍ മര്യാദയുള്ള ജോലിയിലാണ് പ്രവര്‍ത്തിക്കുന്നത്. ജോലി, വീട് ഇത് മാത്രമാണ്. പൊതുപ്രവര്‍ത്തന രംഗത്ത് ആളില്ല. തെറ്റായ പ്രവര്‍ത്തനത്തിന് പോയിട്ടില്ല. ഒരു ദുഷ്‌പേരും എനിക്ക് ഉണ്ടാക്കിയിട്ടില്ല. നല്ല അഭിമാനം എനിക്കുണ്ട്. എന്റെ രാഷ്ട്രീയപ്രവര്‍ത്തനത്തിനോ ശീലത്തിനോ നിരക്കാത്ത പ്രവര്‍ത്തനം നടത്തിയിട്ടില്ല’, മുഖ്യമന്ത്രി പറഞ്ഞു. ഇ ഡി അയച്ചെന്ന് പറയുന്ന സമന്‍സ് ആരുടെ പക്കലാണ് കൊടുത്തതെന്നും ആര്‍ക്കാണ് അയച്ചതെന്നും മുഖ്യമന്ത്രി ചോദിച്ചു.

ശബരിമല സ്വര്‍ണക്കൊള്ളയില്‍ പ്രത്യേക അന്വേഷണ സംഘത്തിന്റെ അന്വേഷണം പൂര്‍ത്തിയാക്കിയ ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. അന്വേഷണം അവസാനിക്കും മുന്‍പ് വിധിയെഴുതേണ്ട കാര്യമില്ലല്ലോ, അന്വേഷണത്തെ ഏതെങ്കിലും വിധത്തില്‍ ബാധിക്കുന്ന ഒരു പരാമര്‍ശവും തന്റെ ഭാഗത്ത് നിന്നുണ്ടാവില്ലെന്നും മുഖ്യന്ത്രി പറഞ്ഞു. ആരൊക്കെ ജയിലില്‍ പോകുമെന്ന കാര്യം അന്വേഷണത്തിന് ശേഷം കണ്ടറിയാമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Be the first to comment

Leave a Reply

Your email address will not be published.


*