
ചീഫ് സെക്രട്ടറി എ ജയതിലകിനെതിരെ വീണ്ടും ഫേസ്ബുക്ക് പോസ്റ്റുമായി എന്‍ പ്രശാന്ത് ഐഎഎസ്. പാസ്പോര്‍ട്ട് പുതുക്കാന്‍ അപേക്ഷ സമര്‍പ്പിച്ചിട്ട് മാസങ്ങള്‍ കഴിഞ്ഞിട്ടും എന്‍ഒസി നല്‍കിയിട്ടില്ലെന്നാണ് ആരോപണം. വ്യക്തമായ ലക്ഷ്യത്തോട ക്രിമിനല്‍ മനസോടെയുള്ള ഉപദ്രവമാണിതെന്നാണ് എന്‍ പ്രശാന്തിന്റെ ആരോപണം.
മാസങ്ങള്‍ക്ക് മുന്‍പ് താന്‍ അപേക്ഷ സമര്‍പ്പിച്ചതാണെന്നും ജൂലൈ 2-ന് മറ്റൊരു ഐ.എ.എസ്. സഹപ്രവര്ത്തകന് മുഖാന്തരം നേരിട്ട് ഡോ. ജയതിലകിന് മറ്റൊരു സെറ്റ് അപേക്ഷ കൈമാറിയെന്നും പ്രശാന്ത് പറയുന്നു. തന്റെ പാര്‍ട്ട് ടൈം പിഎച്ച്ഡിയ്ക്കായുള്ള എന്‍ഒസി അപേക്ഷയും ഇതുപോലെയാണെന്നും ഇതിനെ വെറും ബ്യൂറോക്രസിക്കളിയായി കാണാനാകില്ലെന്നും എന്‍ പ്രശാന്ത് പറയുന്നു. ഉമ്മാക്കികള്‍ കണ്ട് താന്‍ ഭയപ്പെടാറില്ലെന്നും അദ്ദേഹം ഫേസ്ബുക്കിലെഴുതി. പ്രശാന്ത് നിലവില്‍ സസ്പെന്‍ഷനിലാണ്.
എന്‍ പ്രശാന്ത് ഐഎഎസിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ഇങ്ങനെ:
വീണ്ടും തേച്ചു ഗയ്സ്
മാസങ്ങള്‍ക്ക് മുന്‍പേ പ്ലാന്‍ ചെയ്തതാണ് കൊളംബോയില്‍ വെച്ചുള്ള ഞങ്ങളുടെ ലോയോള സ്കൂള്‍ റീയൂണിയന്, ‘തീസ് സാല് ബാദ്’. സാധാരണ ഇത്തരം പരിപാടികളില്‍ എനിക്ക് പങ്കെടുക്കാന്‍ സാധിക്കാറില്ല, പക്ഷെ ഇത്തവണ – പ്രത്യേകിച്ച് സസ്പെന്‍ഷനിലായതുകൊണ്ട് – എനിക്ക് തീര്‍ച്ചയായും പങ്കെടുക്കാനാവും എന്ന് കരുതി. ലോകത്തിന്റെ വിവിധ കോണിലുള്ള പഴയ കൂട്ടുകാരെ കാണാനും സൗഹൃദത്തിന്റെ നിമിഷങ്ങള്‍ തിരിച്ചുപിടിക്കാനും! ഇന്ന് എന്റെ സഹപാഠികള്‍ ഒത്തുചേരല്‍ കഴിഞ്ഞ് കൊളംബോയില്‍ നിന്ന് മടങ്ങി.
പക്ഷെ എനിക്ക് ഇത്തവണയും പോകാന്‍ കഴിഞ്ഞില്ല. ദൂരം കാരണമോ എന്റെ തിരക്ക് കാരണമോ അല്ല, മറിച്ച് ചീഫ് സെക്രട്ടറി ഒരു സാധാരണ നോ ഒബ്ജക്ഷന് സര്‍ട്ടിഫിക്കറ്റ് (NoC) പോലും തരാന്‍ തയ്യാറാകാത്തതുകൊണ്ടാണ്. എല്ലാ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പാസ്പോര്‍ട്ട് പുതുക്കാന്‍ ഇത് നിര്‍ബന്ധമാണ്. NOC-ക്കും ഐഡന്റിറ്റി സര്‍ട്ടിഫിക്കറ്റിനുമുള്ള എന്റെ അപേക്ഷ മാസങ്ങള്‍ക്ക് മുന്‍പേ സമര്‍പ്പിച്ചതാണ്. ഇന്നേവരെ മറുപടിയില്ല. അപേക്ഷ കാണ്മാനില്ല പോലും! ജൂലൈ 2-ന് മറ്റൊരു ഐ.എ.എസ്. സഹപ്രവര്ത്തകന് മുഖാന്തരം നേരിട്ട് ഡോ. ജയതിലകിന് മറ്റൊരു സെറ്റ് അപേക്ഷ കൈമാറി. അന്വേഷിച്ചപ്പോള്‍ അത് സെക്ഷനിലുണ്ടെന്ന് പറഞ്ഞു. ഇപ്പോള്‍ കേള്‍ക്കുന്നത് അത് വീണ്ടും കാണാനില്ലെന്ന്! വിരോധാഭാസമെന്നു പറയട്ടെ, ഞാന്‍ തന്നെ എന്റെ കീഴുദ്യോഗസ്ഥര്‍ക്ക് 30 സെക്കന്‍ഡിനുള്ളില്‍ NOC നല്‍കിയിട്ടുണ്ട്, അവരുടെ ഫോട്ടോയില്‍ ഒപ്പിട്ടാല്‍ മാത്രം മതി. ഇത്രയേ ആവശ്യമുള്ളൂ. ഈ വിഷയത്തില്‍, പ്രകടമാവുന്ന മുതിര്‍ന്ന ഐ.എ.എസ്. ഓഫീസറുടെ മാനസിക നിലവാരത്തെക്കുറിച്ച് ഞാന്‍ കൂടുതലൊന്നും പറയുന്നില്ല.
എന്റെ പാര്‍ട്ട്-ടൈം പി.എച്ച്.ഡി. ഗവേഷണത്തിനായുള്ള NOC അപേക്ഷയും ഇതേ അവസ്ഥയിലാണ്. മാര്‍ച്ച് 9-ന് സമര്‍പ്പിച്ച ആ അപേക്ഷയ്ക്കും ഇതുവരെ ഒരു മറുപടിയുമില്ല. എന്റെ പ്രോപ്പര്‍ട്ടി റിട്ടേണ്‍സ്, മറ്റ് സ്റ്റേറ്റ്മെന്റുകള്‍, രേഖകള്‍ എന്നിവയുടെയൊന്നും അക്നോളജ്മെന്റോ സ്വീകരിച്ചതായുള്ള രേഖയോ തന്നിട്ടില്ല. കിട്ടിയ ഭാവം ഇല്ല. വിവരാവകാശ അപേക്ഷകള്‍ക്ക് കിട്ടുന്ന മറുപടികള്‍ തെറ്റായതും വഴിതെറ്റിക്കുന്നതുമാണ്. എന്റെ സര്‍വീസ് ഫയലില്‍ നിന്ന് പല നിര്‍ണായക രേഖകളും നീക്കം ചെയ്യപ്പെട്ടുവെന്നും കേള്‍ക്കുന്നു. വ്യക്തമായ രേഖകളോടുകൂടി ഇ-മെയില്‍ വഴി അയച്ച ഡിജിറ്റല്‍ അപേക്ഷകള്‍ക്ക് പോലും മറുപടിയില്ല. നേരിട്ട് നല്കിയ രേഖകളുടെ ഫിസിക്കല്‍ കോപ്പികള്‍ അദൃശ്യമായ പോലെയാണ് കൈകാര്യം ചെയ്യുന്നത്. 12 തവണ കത്തയച്ച ശേഷവും മുന്‍ ചീഫ് സെക്രട്ടറി പത്രക്കാരോട് പറഞ്ഞത് ഷോക്കോസിന് ഞാന്‍ മറുപടി നല്‍കിയില്ല എന്നാണ്. അവസാനം ലൈവ് സ്റ്റ്രീം ചെയ്യുമെന്ന് ഭയന്ന ഹിയറിങ്ങിലാണ് പല രേഖകളും ഉണ്ടെന്ന് സമ്മതിക്കേണ്ടി വന്നത്. പല രേഖകളും മനഃപൂര്‍വ്വം നീക്കം ചെയ്യപ്പെട്ടതായി ഇപ്പോഴും സംശയമുണ്ട്.
ഇത് വെറും ബ്യൂറോക്രസിക്കളിയല്ല. ഇത് വ്യക്തമായ ലക്ഷ്യത്തോടെയുള്ള, ക്രിമിനല്‍ മനസ്സോടുകൂടിയുള്ള ഉപദ്രവമാണ്. ഒരു റീയൂണിയന് നഷ്ടമാകുന്നത് ചെറിയ കാര്യമാണ്, പക്ഷെ ആത്മാഭിമാനവും നിയമപരമായ അവകാശങ്ങളും നിഷേധിക്കപ്പെടുന്നത് മറ്റൊരു കാര്യമാണ്. പാസ്പോര്‍ട്ടുമായി ബന്ധപ്പെട്ട മനേക ഗാന്ധി v. യൂണിയന് ഓഫ് ഇന്ത്യ കേസില്‍, സഞ്ചരിക്കാനുള്ള അവകാശത്തെക്കുറിച്ച് സുപ്രീം കോടതി വ്യക്തമായി പറഞ്ഞിട്ടുണ്ട്. രേഖകള്‍ നീക്കം ചെയ്യുന്നതും ഔദ്യോഗിക ഫയലുകളില്‍ തിരിമറി നടത്തുന്നതും കുറ്റകരമാണ്. സമയത്തിന് അപേക്ഷകളില്‍ തീര്‍പ്പുകല്‍പ്പിക്കാത്തത് ചട്ടങ്ങളുടെ നഗ്നമായ ലംഘനവുമാണ്. ഈ പക എന്തിനാണെന്ന് ഓര്‍ക്കുക -പട്ടികജാതി-പട്ടികവര്‍ഗ്ഗ വികസന ഫണ്ടുകളിലെ അഴിമതി വെളിപ്പെടുത്തി ഫയല്‍ നോട്ട് എഴുതാന്‍ ധൈര്യം കാണിച്ചതിന്!നീതിബോധമുള്ള ഒരാളെങ്കിലും സിസ്റ്റത്തിനുള്ളില്‍, ചെയിന്‍ ഓഫ് കമാന്റില്‍ ഉണ്ടാവും എന്ന് വിശ്വസിച്ച് പല തവണ ഓര്‍മ്മപ്പെടുത്തി, കത്തുകള്‍ വീണ്ടും വീണ്ടും നല്കി, വേണ്ടുവോളം ക്ഷമിച്ചു. എനിക്ക് ക്ഷമ ഒരല്പം കൂടുതലാണെന്ന് ‘ലൈഫ്ബോയ്’ വായിച്ചവര്‍ക്കറിയാം! ആ ക്ഷമ ബലഹീനതയായി തെറ്റിദ്ധരിക്കപ്പെടുന്നു എന്ന് തോന്നുന്നു.
ഞാന്‍ ഒരു കാര്യം വ്യക്തമാക്കട്ടെ: ഈ രാജ്യത്ത് നിയമവാഴ്ച ഇനിയും ഇല്ലാതായിട്ടില്ല. നിയമ വിദ്യാര്‍ത്ഥിയെന്ന നിലയില്‍, ഇന്ത്യന്‍ ഭരണഘടനയുടെ ശക്തിയിലും, ഇന്ത്യന്‍ നിയമവ്യവസ്ഥയുടെ നീതിയിലും അടിയുറച്ച് വിശ്വസിക്കുന്ന ഒരാളെന്ന നിലയില്‍, ഞാന്‍ നിങ്ങള്‍ക്ക് ഉറപ്പ് നല്കുന്നു: ഈ ഗൂഢാലോചനയില്‍ പങ്കെടുത്ത എല്ലാ കുറ്റവാളികളെയും നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരും. ഉമ്മാക്കികള്‍ കണ്ട് ഭയപ്പെടാതെ നിലകൊള്ളുന്നതിന്റെ പ്രധാന കാരണം നിങ്ങള്‍, എന്റെ സഹപാഠികള്‍ തന്നെയാണ്. നമ്മള് വളര്‍ന്നുവന്ന വിശിഷ്ടമായ ജെസ്യൂട്ട് പാരമ്പര്യം ഇപ്പോഴും വഴിവിളക്കായി എന്റെ കൂടെയുണ്ട്. ‘വിശ്വാസവും നീതിയും വേര്‍പിരിക്കാനാവാത്തതാണെന്നും’, അധികാരത്തിനോട് സത്യം വിളിച്ചുപറയണമെന്നും, ‘വിശ്വാസത്തിന്റെ സേവനം എപ്പോഴും നീതിയെ പ്രോത്സാഹിപ്പിക്കലാണെന്നും’ നമ്മുടെ സ്കൂള്‍ നമ്മളെ പഠിപ്പിച്ചു. നീതികേടിന് മുന്നില്‍ മൗനം പാലിക്കുന്നത് പോലും അനീതിയാണെന്ന് ഞങ്ങളുടെ അദ്ധ്യാപകര്‍ ഊട്ടി ഉറപ്പിച്ചതാണ് . ആ മൂല്യങ്ങള്‍ അനീതിയെ ചെറുക്കാനും ആത്മാഭിമാനത്തോടെ നിലകൊള്ളാനും ധൈര്യം നല്കുന്നു. ഭരണഘടനയും നിയമവും ഒടുവില്‍ വിജയിക്കുമെന്ന വിശ്വാസം എനിക്കുണ്ട്.
എനിക്ക് കൊളംബോയില്‍ നിങ്ങളോടൊപ്പം കൂടാന്‍ കഴിഞ്ഞില്ലെങ്കിലും, നമ്മുടെ മനസ്സുകളും, നമ്മുടെ സ്കൂള്‍ ഓര്‍മ്മകളും, നമ്മള് കാത്തുസൂക്ഷിക്കുന്ന ‘ലൊയോളത്തവും’ എന്റെ കൂട്ടുണ്ടായിരുന്നു എന്നറിയുക. അതല്ലേ ശക്തി! എന്റെ പ്രിയപ്പെട്ട സുഹൃത്തുക്കളേ, ഇത്തവണയും തേച്ചതില്‍ ഞാന്‍ ഖേദിക്കുന്നു. അടുത്ത തവണ റെഡിയാക്കാം ??.
Be the first to comment