‘സമിതിയുടെ നേതൃത്വം തികഞ്ഞ അയ്യപ്പഭക്തരെ ഉള്‍ക്കൊള്ളുന്നതാവണം’ ; അയ്യപ്പ സംഗമത്തില്‍ നിലപാട് വ്യക്തമാക്കി എന്‍എസ്എസ്

ആഗോള അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ട നിലപാടില്‍ വിശദീകരണവുമായി എന്‍എസ്എസ്. അയ്യപ്പ സംഗമം നല്ല ഉദ്ദേശ്യത്തോടെയാകണമെന്നും ആചാരങ്ങള്‍ക്ക് കോട്ടം തട്ടാതെയുള്ള വികസനങ്ങള്‍ നടത്തണമെന്നും എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കി.

ശബരിമല അയ്യപ്പ ക്ഷേത്രത്തില്‍ നിലനിന്നുപോരുന്ന ആചാരാനുഷ്ഠാനങ്ങള്‍ക്ക് കോട്ടംതട്ടാതെയും ക്ഷേത്രത്തിന്റെ പരിശുദ്ധി സംരക്ഷിച്ചുകൊണ്ടും ഉള്ള വികസനപ്രവര്‍ത്തനങ്ങള്‍ നടത്താനാണ് ആഗോള അയ്യപ്പസംഗമംകൊണ്ട് ഉദ്ദേശിക്കുന്നതെങ്കില്‍ അത് നല്ലതുതന്നെയെന്ന് വാര്‍ത്താകുറിപ്പില്‍ പറയുന്നു.
ഇതിലേക്ക് രൂപപ്പെടുന്ന സമിതിയുടെ നേതൃത്വം രാഷ്ട്രീയവിമുക്തവും തികഞ്ഞ അയ്യപ്പഭക്തരെ ഉള്‍ക്കൊള്ളുന്നതും ആയിരിക്കണമെന്നും എങ്കില്‍ മാത്രമേ ഈ സംഗമം കൊണ്ട് ഉദ്ദേശിക്കുന്ന ലക്ഷ്യം നേടാന്‍ കഴിയുകയുള്ളൂവെന്നും വ്യക്തമാക്കുന്നുണ്ട്.

ഇക്കാര്യത്തില്‍ നായര്‍ സര്‍വീസ് സൊസൈറ്റിയുടെ നിലപാടിനെ വിമര്‍ശിച്ചുകൊണ്ടും അല്ലാതെയുമുള്ള പല അഭിപ്രായങ്ങളും വന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഇതു സംബന്ധിച്ച് എന്‍എസ്എസ്സിന്റെ വിശദീകരണം നല്‍കേണ്ടിവരുന്നതെന്നും വ്യക്തമാക്കുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*