ഓപ്പറേഷന്‍ സിന്ദൂര്‍ ഇന്ത്യയുടെ രൗദ്രഭാവം, സിന്ദൂരം തുടച്ചുനീക്കിയവരെ ചാരമാക്കി മാറ്റി: പ്രധാനമന്ത്രി

പഹല്‍ഗാം ആക്രമണത്തിനും അതിന് ഇന്ത്യ നല്‍കിയ തിരിച്ചടിയായ ഓപ്പറേഷന്‍ സിന്ദൂറിനും ശേഷം ആദ്യമായി രാജസ്ഥാന്‍ സന്ദര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യം ആര്‍ക്കുമുന്നിലും തലകുനിക്കില്ലെന്ന് വ്യക്തമാക്കിയ മോദി സിന്ദൂരം മായ്ക്കാന്‍ ശ്രമിച്ചവരെ അവരുടെ മണ്ണില്‍പ്പോയി നശിപ്പിച്ചെന്ന് രാജസ്ഥാനില്‍ ജനങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞു. ഇന്ത്യയുടെ രൗദ്രഭാവമായിരുന്നു ഓപ്പറേഷന്‍ സിന്ദൂര്‍. സിന്ദൂരം തുടച്ചുനീക്കിയവരെ ചാരമാക്കി നമ്മള്‍ മാറ്റി. നീതിയുടെ പുതിയ രൂപമാണ് ഈ ഓപ്പറേഷന്‍. ആദ്യമായി ഭീകരരുടെ ഹൃദയത്തില്‍ തന്നെ പ്രഹരം ഏല്‍പ്പിക്കാന്‍ രാജ്യത്തിന് സാധിച്ചുവെന്നും മോദി പറഞ്ഞു. 

ഭീകരവാദ ആക്രമണങ്ങള്‍ക്ക് രാജ്യം തക്കതായ മറുപടി നല്‍കുമെന്ന് മോദി പറഞ്ഞു. ആറ്റംബോബ് ഭീഷണിയ്‌ക്കൊന്നും ഇന്ത്യയെ ഭയപ്പെടുത്താനാകില്ല. ഭീകരവാദത്തെയും ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന സര്‍ക്കാരിനെയും രണ്ടായി കാണില്ല. പാകിസ്താന്റെ കപട മുഖം തുറന്നു കാട്ടാന്‍ നമ്മുടെ സംഘം ലോകരാഷ്ട്രങ്ങള്‍ സന്ദര്‍ശിക്കുന്നുണ്ട്. എപ്പോഴൊക്കെ പാകിസ്താന്‍ ആക്രമണത്തിന് മുതിര്‍ന്നോ അപ്പോഴെല്ലാം പരാജയപ്പെട്ടു. ഇനിയും ആക്രമിക്കാന്‍ വന്നാല്‍ നെഞ്ച് വിരിച്ച് നിന്ന് തന്നെ അതിനെ നേരിടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നമ്മുടെ വ്യോമ താവളങ്ങള്‍ ആക്രമിക്കാന്‍ അവര്‍ ശ്രമിച്ചുവെങ്കിലും ഒന്നില്‍പ്പോലും ഒന്ന് തൊടാന്‍ പോലും പാകിസ്താന് സാധിച്ചില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു. പാകിസ്താനോട് ഇനിയൊരു ചര്‍ച്ചയുണ്ടെങ്കില്‍ അത് പാക് അധീന കശ്മീരിനുവേണ്ടിയുള്ളതാകും. ഇന്ത്യയുടെ രക്തം തൊട്ടു കളിച്ചാല്‍ വലിയ വില പാകിസ്താന്‍ നല്‍കേണ്ടിവരും. തന്റെ സിരയില്‍ തിളയ്ക്കുന്നത് രക്തമല്ല സിന്ദൂരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Be the first to comment

Leave a Reply

Your email address will not be published.


*