
പ്രധാനമന്ത്രി നരേന്ദ്ര മോദി ബിഹാറിൽ എത്തി. 7000 കോടി രൂപയുടെ പദ്ധതികൾക്ക് തറക്കല്ലിട്ടു. ബിഹാറിൽ അമൃത് ഭാരത് ട്രെയിനുകൾ അദ്ദേഹം ഫ്ലാഗ് ഓഫ് ചെയ്തു. സിംഗപ്പൂരിലെയും ന്യൂസിലൻഡിലെയും നോർവേയിലെയും ജനസംഖ്യയെക്കാൾ കൂടുതൽ വീടുകൾ ഞങ്ങൾ ബീഹാറിന് നൽകിയെന്ന് പ്രധാനമന്ത്രി പറഞ്ഞു.
യുപിഎ -ആർജെഡി ഭരണകാലത്ത് ബീഹാറിൽ രണ്ട് ലക്ഷം കോടി രൂപയുടെ ഗ്രാൻഡ് മാത്രമാണ് അനുവദിച്ചത്. 11 വർഷം കൊണ്ട് രാജ്യത്ത് പ്രധാനമന്ത്രി ആവാസ് യോജനയിലൂടെ നാലു കോടി വീടുകൾ നിർമ്മിച്ചുവെന്നും അതിൽ 60 ലക്ഷം വീടുകളും ബീഹാറിലാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
പണ്ട് പാശ്ചാത്യ രാജ്യങ്ങളെ കേന്ദ്രീകരിച്ചായിരുന്നു അധികാരം. 21ാം നൂറ്റാണ്ടിൽ കിഴക്കൻ രാജ്യങ്ങളുടെ സ്വാധീനം വർദ്ധിക്കുകയാണ്. ആർജെഡിയുടെയും കോൺഗ്രസിന്റെയും ഭരണകാലത്ത് ദരിദ്രർക്ക് ശരിയായ കോൺക്രീറ്റ് വീടുകൾ കിട്ടുന്നത് പോലും അസാധ്യമായിരുന്നു. ആളുകൾ വീടുകൾ പെയിന്റ് ചെയ്യാൻ പോലും ധൈര്യപ്പെട്ടിരുന്നില്ല. അങ്ങനെ ചെയ്താൽ തങ്ങൾ തന്നെ അപഹരിക്കപ്പെടുമെന്ന് ഭയന്നിരുന്നുവെന്നും പ്രധാനമന്ത്രി ആരോപിച്ചു.
കോൺഗ്രസും ആർജെഡിയും ദരിദ്രരുടെയും ദളിതരുടെയും പിന്നാക്ക വിഭാഗങ്ങളുടെയും ആദിവാസികളുടെയും പേരിൽ രാഷ്ട്രീയം കളിക്കുകയാണ്. അവർക്ക് തുല്യാവകാശം നൽകുന്നത് പോട്ടെ. സ്വന്തം കുടുംബത്തിന് പുറത്തുള്ളവരോട് ബഹുമാനം പോലുമില്ലെന്നും അദ്ദേഹം പറഞ്ഞു.
സ്ത്രീ ശാക്തീകരണത്തിനായുള്ള ശ്രമങ്ങൾ നല്ല ഫലം കാണിക്കുന്നു. രാജ്യത്തും ബീഹാറിലും ലക്ഷാധിപതികളായ സ്ത്രീകളുടെ എണ്ണം കൂടി വരുന്നു. രാജ്യത്ത് 3 കോടി സഹോദരിമാരെ ലക്ഷാധിപതികൾ ആക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. 400 കോടി രൂപയുടെ കമ്മ്യൂണിറ്റി ഫണ്ട് ഇന്ന് കൈമാറി. ഈ പണം സ്ത്രീകളെ ശാക്തീകരിക്കുമെന്നും നരേന്ദ്ര മോദി വ്യക്തമാക്കി.
ജീവിത ദീദി യോജന പദ്ധതി ലക്ഷക്കണക്കിന് സ്ത്രീകളെ സ്വയം പര്യാപ്തരാക്കി. ഓപ്പറേഷൻ സിന്ദൂറിനുള്ള ദൃഢനിശ്ചയം കിട്ടിയത് ബീഹാറിന്റെ മണ്ണിൽ നിന്നാണ്. ഇന്ന് ലോകം മുഴുവൻ ആ വിജയം കാണുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Be the first to comment