
ചന്ദ്രനിൽ മനുഷ്യനെ ഇറക്കുന്നതിന് മുന്നോടിയായി ആർട്ടെമിസ് 2 ദൗത്യത്തിനൊരുങ്ങി നാസ. ദൗത്യത്തിന്‍റെ ഭാഗമായി നാല് ബഹിരാകാശ യാത്രികർ ചന്ദ്രനെച്ചുറ്റി തിരികെയെത്തും. അൻപത് വർഷത്തിനുശേഷം ഇതാദ്യമായാണ് മനുഷ്യനേയും വഹിച്ചുകൊണ്ടുള്ള നാസയുടെ ചാന്ദ്രദൗത്യം
2026 ഫെബ്രുവരിയിൽ 10 ദിവസം നീളുന്ന ദൌത്യം ലക്ഷ്യം കാണുമെന്ന് നാസ അറിയിച്ചു. ചന്ദ്രനിൽ നേരിട്ട് ഇറങ്ങാതെയുള്ള ദൗത്യമാണ് ആർട്ടെമിസ് -2. റോക്കറ്റിന്റെയും ബഹിരാകാശ പേടകത്തിന്‍റെയും ശേഷി പരീക്ഷിച്ച് ഭാവിയിൽ ചന്ദ്രനിൽ ലാൻഡ് ചെയ്യുന്നതിനുള്ള സാഹചര്യങ്ങൾ പഠിക്കുകയാണ് ലക്ഷ്യം. നാസയുടെ ബഹിരാകാശ ഗവേഷകരായ റീഡ് വൈസ്മാൻ, വിക്ടർ ഗ്ലോവർ, ക്രിസ്റ്റീന കോച്ച് എന്നിവരും കാനഡയുടെ ബഹിരാകാശ ഏജൻസിയിലെ ജെറമി ഹാൻസനുമാണ് ആർട്ടെമിസ് 2 ദൗത്യത്തിലുണ്ടാവുക.
നാസയുടെ സ്‌പേസ് ലോഞ്ച് സിസ്റ്റം റോക്കറ്റിന് മുകളിലാകും ഓറിയോൺ ക്യാപ്സ്യൂൾ കെന്നഡി സ്‌പേസ് സെന്ററിൽ നിന്ന് പറന്നുയരുക. 1972ലെ അപ്പോളോ 17 ദൗത്യമാണ് മനുഷ്യനെയും വഹിച്ചുള്ള അവസാന ചാന്ദ്രദൗത്യം. ഇതിനു ശേഷം നിരവധി ചാന്ദ്രദൗത്യങ്ങൾ നടന്നെങ്കിലും യാത്രികരെ അയിച്ചിരുന്നില്ല. 2022 അവസാനമായിരുന്നു നാസ ആർട്ടെമിസ് 1 ദൗത്യം നടത്തിയത്. ഇതിന്റെ ഭാഗമായി വിക്ഷേപിച്ച ഓറിയോൺ പേടകം സുരക്ഷിതമായി ഭൂമിയിലേക്ക് തിരികെയെത്തിയിരുന്നു.
2027ൽ യാഥാർഥ്യമാകുമെന്നു പ്രതീക്ഷിക്കുന്ന ആർട്ടെമിസ് 3 ദൗത്യത്തിലാണ് മനുഷ്യനെ ചന്ദ്രോപരിതലത്തിൽ ഇറക്കാൻ പദ്ധതിയിട്ടിരിക്കുന്നത്. 2030 ൽ മനുഷ്യനെ ചന്ദ്രനിലെത്തിക്കാൻ ചൈനയുടെ ലൂണാർ എക്സ്പ്ലോറേഷൻ ദൗത്യവും ലക്ഷ്യമിടുന്നുണ്ട്. ഇതിന് മുൻപ് ആർട്ടെമിസ് ദൗത്യം പൂർത്തിയാക്കാനാണ് നാസയുടെ തീരുമാനം.
Be the first to comment