അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ ക്രൂ-11 ദൗത്യത്തിലുൾപ്പെട്ട ഒരു ബഹിരാകാശ സഞ്ചാരിയുടെ ആരോഗ്യനില വഷളായതിനെ തുടർന്ന് ദൗത്യം വെട്ടിച്ചുരുക്കി സഞ്ചാരികളെ തിരിച്ചെത്തിക്കാൻ ഒരുങ്ങി നാസ. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന്റെ 25 വർഷത്തെ ചരിത്രത്തിലാദ്യമായാണ് അടിയന്തരമായി ദൗത്യം വെട്ടിച്ചുരുക്കി സഞ്ചാരികളെ തിരിച്ചെത്തിക്കുന്നത്.
എന്നാൽ ആരോഗ്യനില വഷളായ സഞ്ചാരിയുടെ വിവരങ്ങൾ നാസ പുറത്തുവിട്ടിട്ടില്ല. ആരോഗ്യ പ്രശ്നം എന്താണെന്ന് സംബന്ധിച്ച വിവരങ്ങളും നാസ് വെളിപ്പെടുത്തിയിട്ടില്ല. മികച്ച വൈദ്യ പരിശോധന ലഭ്യമാക്കുന്നതിനാണ് ബഹിരാകാശ സഞ്ചാരികളെ തിരികെ എത്തിക്കുന്നതെന്നാണ് നാസ അറിയിച്ചിരിക്കുന്നത്. ആരോഗ്യപ്രശ്നത്തിന് ആവശ്യമായ രോഗനിർണ്ണയം നടത്തുന്നതിനും ചികിത്സയ്ക്കുമുള്ള സൗകര്യങ്ങൾ ബഹിരാകാശ നിലയത്തിൽ ലഭ്യമല്ലാത്തതുകൊണ്ടാണ് ഒഴിപ്പിക്കലിന് തീരുമാനം എടുത്തതെന്നാണ് നാസ വ്യക്തമാക്കിയിരിക്കുന്നത്.
സീന കാർഡ്മാൻ, മൈക്ക് ഫിൻകെ, കിമിയ യുയി, ഒലെഗ് പ്ലാറ്റോനോവ് എന്നിവരാണ് ക്രൂ 11 ദൗത്യത്തിൽ ഉൾപ്പെട്ടിരിക്കുന്നത്. 2025 ഓഗസ്റ്റ് 1-ന് സ്പേസ് എക്സ് ക്രൂ ഡ്രാഗൺ എൻഡവർ പേടകത്തിലാണ് ഇവർ ബഹിരാകാശ നിലയത്തിലേക്ക് പോയത്. ആറ് മാസത്തെ ദൗത്യത്തിനായാണ് ഇവർ പുറപ്പെട്ടിരുന്നത്.
ഇവർ മടങ്ങുന്നതോടെ, ബഹിരാകാശ നിലയത്തിൽ നാസയുടെ ക്രിസ്റ്റഫർ വില്യംസ്, റഷ്യൻ സഞ്ചാരികളായ സെർജി കുഡ്-സ്വെർച്ച്കോവ്, സെർജി മികായേവ് എന്നീ മൂന്ന് പേർ മാത്രമാകും ഉണ്ടാവുക. വില്യംസ് മാത്രമാണ് അവിടെയുള്ള ഏക അമേരിക്കക്കാരൻ. നവംബർ അവസാനത്തോടെ സോയൂസ് പേടകത്തിലാണ് ഇവർ എത്തിയത്. ഫെബ്രുവരി പകുതിയോടെ ക്രൂ-12 വിക്ഷേപിക്കാൻ ഒരുങ്ങുകയാണ്. അതുവരെ . ഈ ഉത്തരവാദിത്തം ഏറ്റെടുക്കാൻ വില്യംസ് പൂർണ്ണ സജ്ജനാണെന്ന് നാസ ഉദ്യോഗസ്ഥർ പറഞ്ഞു.



Be the first to comment