
നാഷണൽ ഹെറാൾഡ് കേസിൽ സ്വത്തുക്കൾ കണ്ടുകെട്ടിയതിൽ തുടർനടപടി ആരംഭിച്ച് ഇ ഡി. കണ്ടുക്കെട്ടിയ അസോസിയേറ്റഡ് ജേണൽസ് ലിമിറ്റഡിന്റെ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന മറ്റ് സ്ഥാപനങ്ങൾക്കും ഇഡി നോട്ടീസ് അയച്ചു. സ്ഥാപനങ്ങൾ ഒഴിഞ്ഞ് നൽകുകയോ അതല്ലെങ്കിൽ വാടക നൽകുകയോ വേണം എന്ന് ആവിശ്യപ്പെട്ടാണ് നോട്ടീസ് അയച്ചിരിക്കുന്നത്.
എജെഎൽ ന്റെ 700 കോടിയിലധികം വരുന്ന സ്വത്തുക്കൾ ആണ് ഇഡി കണ്ടുക്കെട്ടിയത്. ഡൽഹി മുംബൈ ലക്നൗ എന്നിവിടങ്ങളിലായാണ് ഇ ഡി നടപടി ആരംഭിച്ചത്. എജെഎൽ കള്ളപ്പണം വെളുപ്പിക്കൽ കേസിലെ നടപടിയുടെ ഭാഗമാണിതെന്നാണ് ഇഡി വ്യക്തമാക്കുന്നത്.കോൺഗ്രസ് നേതാക്കളായ സോണിയ ഗാന്ധിയുമായും രാഹുൽ ഗാന്ധിയുമായും ബന്ധപ്പെട്ടതാണ് എജെഎൽ.
നാഷണൽ ഹെറാൾഡ് പത്രം പ്രസിദ്ധീകരിച്ചിരുന്ന എജെഎൽ ഏറ്റെടുത്തതിലൂടെ സാമ്പത്തിക ക്രമക്കേടുകളും ഫണ്ട് ദുരുപയോഗം ചെയ്തതുമായി ബന്ധപ്പെട്ട ആരോപണങ്ങളാണ് കേസ്. 2023 നവംബറിൽ, ഡൽഹി, മുംബൈ, ലഖ്‌നൗ എന്നിവിടങ്ങളിലെ 661 കോടി രൂപ വിലമതിക്കുന്ന സ്ഥാവര വസ്തുക്കളും 90.2 കോടി രൂപ വിലമതിക്കുന്ന എജെഎൽ ഓഹരികളും ഇഡി താൽക്കാലികമായി കണ്ടുകെട്ടിയിരുന്നു. ഏപ്രിൽ 10 ന് ഈ കണ്ടുകെട്ടൽ സ്ഥിരീകരിച്ചു.
2014 ൽ ഡൽഹി കോടതിയിൽ സുബ്രഹ്മണ്യൻ സ്വാമി സമർപ്പിച്ച സ്വകാര്യ ക്രിമിനൽ പരാതിയിൽ നിന്നാണ് 2021 ൽ ഇ.ഡി.യുടെ അന്വേഷണം ഔപചാരികമായി ആരംഭിച്ചത്. സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, മറ്റ് മുതിർന്ന കോൺഗ്രസ് നേതാക്കൾ എന്നിവർ ചേർന്ന് യംഗ് ഇന്ത്യൻ വഴി 50 ലക്ഷം രൂപയ്ക്ക് എ.ജെ.എല്ലിന്റെ 2,000 കോടി രൂപയിലധികം വിലമതിക്കുന്ന സ്വത്തുക്കൾ വഞ്ചനാപരമായി ഏറ്റെടുത്തതായി പരാതിയിൽ ആരോപിക്കുന്നു.
Be the first to comment