
പാലക്കാട് ആലത്തൂർ സ്വാതി ജംഗ്ഷനിലെ ദേശീയപാത ഇടിഞ്ഞു താഴ്ന്ന സംഭവത്തിൽ ദേശീയപാത നിർമാണ കമ്പനിക്കെതിരെ കെ രാധാകൃഷ്ണൻ എംപി. ബദൽ സൗകര്യങ്ങൾ ഒരുക്കാതെയാണ് ദേശീയപാതയിലെ അറ്റകുറ്റപ്പണികൾ നടത്തിയത്. നിരവധി തവണ നിർമാണ കമ്പനിയോട് ഇക്കാര്യങ്ങൾ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ദേശീയപാത അതോറിറ്റിയിലെ ഉദ്യോഗസ്ഥരാരും തന്നെ ഇക്കാര്യം ചെവികൊണ്ടില്ല കമ്പനിയുടെ അനാസ്ഥയാണ് പാതയുടെ തകർച്ചയ്ക്ക് കാരണമെന്ന് കെ രാധാകൃഷ്ണൻ എംപി പറഞ്ഞു.
കൃത്യമായ മോണിറ്ററിങ് സംവിധാനം ഉണ്ടായിരുന്നില്ല. ടോൾ പിരിക്കാൻ ഉത്സാഹം കാണിക്കുന്നവർ സംവിധാനങ്ങൾ ഒരുക്കുന്നതിൽ പരാജയമാണ്. ഇത് അനുവദിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
സമാന്തരപാതകൾ ഒരുക്കാതെയാണ് ഇപ്പോൾ പാലക്കാട് ജില്ലയിൽ നടക്കുന്ന ദേശീയപാത നിർമാണമെന്ന ആരോപണം ശക്തമാണ്. ഇതുമൂലം മണിക്കൂറുകളോളം ഗതാഗതക്കുരുക്കും ഈ മേഖലകളിലൊക്കെ പതിവാണ്.റോഡ് തകർന്ന സംഭവത്തിൽ ഉന്നതലയോഗം വിളിക്കുമെന്ന് ആലത്തൂർ എം പി കെ രാധാകൃഷ്ണൻ അറിയിച്ചു.
ദേശീയപാതയിൽ ആലത്തൂർ സ്വാതി ജംഗ്ഷനിൽ ഇന്ന് പുലർച്ചയോടെയാണ് റോഡിൽ ഗർത്തം രൂപപ്പെട്ടത്. പുലർച്ചെ ആയതിനാൽ കൂടുതൽ വാഹനങ്ങൾ ഇല്ലാത്തതും വൻ അപകടം ഒഴിവാക്കി. കൽവർത്ത് നിർമാണം നടക്കുന്ന റോഡിൻറെ തൃശൂരിലേക്കുള്ള സ്പീഡ് ട്രാക്കിലേക്കാണ് റോഡ് ഇടിഞ്ഞു താഴ്ന്നത് .
Be the first to comment