കേരളത്തില്‍ അഞ്ച് ദേശീയ പാതകള്‍ കൂടി, കേന്ദ്രത്തിന് നന്ദി അറിയിച്ച് മന്ത്രി റിയാസ്

തിരുവനന്തപുരം: കേരളത്തില്‍ അഞ്ച് പുതിയ ദേശീയപാതകള്‍ കൂടി വികസിപ്പിക്കുന്നു. രാമനാട്ടുകര – കോഴിക്കോട് എയര്‍പോര്‍ട്ട് റോഡ്, കണ്ണൂര്‍ വിമാനത്താവള റോഡ് ( ചൊവ്വ – മട്ടന്നൂര്‍ ), കൊടൂങ്ങല്ലൂര്‍ – അങ്കമാലി , വൈപ്പിന്‍ – മത്സ്യഫെഡ് ടൂറിസ്റ്റ് ഓഫീസ് റോഡ് എന്നിവ ദേശീയപാതാ നിലവാരത്തിലേക്ക് ഉയര്‍ത്തുന്നത്. വികസന പദ്ധതിയുടെ പദ്ധതിരേഖ തയ്യാറാക്കാന്‍ നടപടികള്‍ തുടങ്ങിയതായി പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് അറിയിച്ചു.

പദ്ധതി രേഖ തയ്യാറാക്കുന്നതിന് ഏജന്‍സിയെ തെരഞ്ഞെടുക്കുവാനുള്ള ടെന്‍ഡര്‍ നടപടികള്‍ ദേശീയപാതാ അതോറിറ്റി ആരംഭിച്ചതായും മന്ത്രി ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ അറിയിച്ചു. കൊച്ചി – മധുര ദേശീയപാതയില്‍ കോതമംഗലം, മൂവാറ്റുപുഴ ബൈപാസ് നിര്‍മാണത്തിനുള്ള പദ്ധതി രേഖയും തയ്യാറാക്കുന്നുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന് ഒപ്പം കേന്ദ്ര ഉപരിതല ഗതാഗതമന്ത്രിയെ ഡല്‍ഹിയില്‍ സന്ദര്‍ശിച്ച ഘട്ടത്തിലാണ് കൂടുതല്‍ പാതകള്‍ ദേശീയപാത നിലവാരത്തിലേക്ക് ഉയര്‍ത്തണം എന്ന ആവശ്യം ഉന്നയിച്ചത്. അതിനുള്ള വിശദമായ നിര്‍ദ്ദേശവും സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ അഞ്ചു പുതിയ ദേശീയപാതകളുടെ പദ്ധതി രേഖ തയ്യാറാക്കുവാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുള്ളത് എന്നും മന്ത്രി അറിയിച്ചു.

കേരളത്തിലെ ജനങ്ങളുടെ ദീര്‍ഘകാലത്തെ സ്വപ്നമാണ് ഈ പാതകളുടെ വികസനം. ഇത് യാഥാര്‍ഥ്യമാക്കുവാന്‍ എല്ലാ സഹായവും നല്‍കിയ കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരിയോടും ബഹുമാനപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയനും പൊതുമരാമത്ത് വകുപ്പിന്റെ നന്ദി അറിയിക്കുന്നതായും മന്ത്രി കുറിപ്പില്‍ അറിയിച്ചു.

Be the first to comment

Leave a Reply

Your email address will not be published.


*